ലഖ്‌നൗ: വ്യാജ നോട്ട് കേസിലും മണിചെയിൻ മോഡൽ തട്ടിപ്പ് കേസിലും സോഷ്യൽമീഡിയ താരം അറസ്റ്റിൽ. ഉത്തർപ്രദേശ് ഗോണ്ട സ്വദേശി അതീജ് മൗര്യ (41)ആണ് സരോജിനി നഗർ പൊലീസിന്റെ പിടിയിലായത്. പുതുവത്സരം ആഘോഷിക്കാനായി രണ്ടാം ഭാര്യയുമൊത്ത് വിദേശത്തേക്ക് പറക്കാനിരിക്കെയാണ് ഇയാൾ ബുധനാഴ്ച പൊലീസിന്റെ പിടിയിലായത്. പൊലീസെത്തുമ്പോൾ ഭാര്യയോടൊപ്പം ഹോട്ടലിൽ ഭക്ഷണം കഴിക്കുകയായിരുന്നു ഇയാൾ. അജീത് മൗര്യയുടെ ജീവിതം സംഭവ ബഹുലമാണെന്ന് പൊലീസ് പറഞ്ഞു.
രണ്ട് ഭാര്യമാരും ഒമ്പത് കുട്ടികളും ആറ് കാമുകിമാരും ഇയാൾക്കുണ്ടെന്ന് പൊലീസ് പറയുന്നു. ആറാം ക്ലാസിൽ പഠനം നിർത്തിയ അജീത് പിന്നീട് ചെറിയ ജോലികൾ ചെയ്ത് വരുമാനം കണ്ടെത്തി. മുംബൈയിൽ പ്ലാസ്റ്റർ ഓഫ് പാരീസ് ഉപയോഗിച്ച് ഫാൾസ് സീലിംഗ് ഉണ്ടാക്കുന്ന ജോലി ചെയ്തെങ്കിലും വിജയിക്കാതായതോടെ ചെറിയ കുറ്റകൃത്യങ്ങളിലേക്ക് തിരിഞ്ഞെന്ന് സരോജിനിനഗർ എസ്എച്ച്ഒ ശൈലേന്ദ്ര ഗിരി പറഞ്ഞു.
2000-ൽ മുംബൈയിൽ വച്ച് സംഗീത എന്ന യുവതിയെ (40) വിവാഹം കഴിക്കുകയും ഏഴ് കുട്ടികൾ ജനിക്കുകയും ചെയ്തു. 2010 ഓടെ ജോലി നഷ്‌ടപ്പെട്ട് ഗോണ്ടയിലെ തന്റെ ഗ്രാമത്തിലേക്ക് മടങ്ങി. പിന്നീട്, ലാഭകരമായ ജോലിയൊന്നും കണ്ടെത്തിയില്ല. 2016-ൽ മോഷണത്തിനും അതിക്രമത്തിനും ഗോണ്ടയിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തു. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലെന്ന് പൊലീസ് പറയുന്നു. പിന്നീട് സോഷ്യൽമീഡിയയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. റീൽസുകൾ ആളുകൾ ശ്രദ്ധിച്ച് തുടങ്ങിയതോടെ താരമായി.
രണ്ട് വർഷത്തിന് ശേഷം സുശീല (30) എന്ന യുവതിയുമായി പരിചയപ്പെട്ടു. 2019ൽ അജിത് സുശീലയെ വിവാഹം കഴിച്ചു. സുശീല രണ്ട് കുട്ടികൾക്ക് ജന്മം നൽകി. അതിനിടെ വ്യാജ നോട്ടുകൾ വിതരണം ചെയ്യുകയും ഫ്ലോട്ടിംഗ് പൊൻസി പോലുള്ള തട്ടിപ്പ് പരിപാടികളിലും സജീവമായി കോടികൾ സമ്പാദിച്ചെന്ന് മുതിർന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ പറഞ്ഞു.
അജിത് രണ്ട് ഭാര്യമാർക്കായി രണ്ട് വീടുകൾ നിർമ്മിച്ചു. എല്ലാവരും ആഡംബര ജീവിതമാണ് നയിച്ചത്. തട്ടിപ്പ് പണം ഇരു ഭാര്യമാർക്കും തുല്യമായി വീതിച്ചു. ഇയാളുടെ കോൾ ഡീറ്റെയിൽസ് രേഖകൾ പരിശോധിച്ച പൊലീസ്, അജിത്തിന് ആറ് കാമുകിമാരുണ്ടെന്നും അവരെ ദീർഘദൂര യാത്രകൾക്ക് കൊണ്ടുപോകാറുണ്ടെന്നും കണ്ടെത്തി.
സ്ത്രീകളെ വലയിലാക്കുന്നതിനായി സോഷ്യൽമീഡിയ സ്വാധീനം ഉപയോഗിച്ചു. നിലവിൽ ഇയാൾക്കെതിരെ ഒമ്പത് ക്രിമിനൽ കേസുകൾ ചാർജ് ചെയ്തിട്ടുണ്ട്. തുക ഇരട്ടിയാക്കാനെന്ന പേരിൽ മൂന്ന് ലക്ഷം രൂപ തട്ടിയെടുത്തെന്ന് ആരോപിച്ച് ധർമേന്ദ്ര കുമാർ എന്നയാൾ പരാതി നൽകിയതോടെയാണ് അജീതിന്റെ തട്ടിപ്പ് വെളിച്ചത്തായത്.