മുംബൈ: ഓസ്ട്രേലിയക്കെതിരെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിച്ചേക്കും. മുംബൈ, വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന സെമി ഫൈനലിന് ശേഷമായിരിക്കും ടീം പ്രഖ്യാപനം. ഈമാസം 15ന് ലോകകപ്പ് ഫൈനല്‍ അവസാനിച്ചതിന് നാല് ദിവസം കഴിഞ്ഞാണ് പരമ്പര ആരംഭിക്കുന്നത്.
നവംബര്‍ 23ന് ആരംഭിക്കുന്ന പരമ്പരയില്‍ അഞ്ച് മത്സരങ്ങളാണുള്ളത്. ലോകകപ്പില്‍ കളിച്ച സീനിയര്‍ താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയില്ല. രാഹുല്‍ ദ്രാവിഡിന് പകരം വിവിഎസ് ലക്ഷ്മണ് ഇന്ത്യയെ പരിശീലിപ്പിക്കും.
ലോകകപ്പിനിടെ ഇടത് കണങ്കാലില്‍ പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യയെ ടീമില്‍ ഉള്‍പ്പെടുത്തില്ല. ഹാര്‍ദിക്കിന്റെ അഭാവത്തില്‍ റുതുരാജ് ഗെയ്കവാദ് ടീമിനെ നയിച്ചേക്കും. ബംഗ്ലാദേശിനെതിരായ മത്സരത്തിനാണ് ഹാര്‍ദിക്കിന് പരിക്കേല്‍ക്കുന്നത്. ഏഷ്യന്‍ ഗെയിംസില്‍ കളിച്ച ടീമിനെ കൊണ്ടുവരാനാണ് സെലക്റ്റര്‍മാര്‍ ശ്രമിക്കുക.
ലോകകപ്പ് ടീമില്‍ നിന്ന് സൂര്യകുമാര്‍ യാദവ്, ഇഷാന് കിഷന് എന്നിവര്‍ മാത്രമാണ് ടീമില്‍ ഉള്‍പ്പെടാന്‍ സാധ്യത. ചിലപ്പോള്‍ വിശ്രമം അനുവദിക്കുകയും ചെയ്തേക്കാം. അതേസമയം, മലയാളി താരം സഞ്ജു സാംസണെ പരിഗണിച്ചേക്കില്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇഎസ്പിഎല്‍ ക്രിക്ക്ഇന്‍ഫോ പുറത്തുവിടുന്നത്.
യഷസ്വി ജെയ്സ്വാള്‍, തിലക് വര്‍മ, റിങ്കു സിംഗ്, ജിതേഷ് ശര്‍മ എന്നിവര്‍ ടീമിലെത്തിയേക്കും. ജിതേഷായിരിക്കും ടീമിലെ വിക്കറ്റ് കീപ്പര്‍. ഇതോടെ സഞ്ജു സഞ്ജുവിന്റെ സാധ്യതകള്‍ മങ്ങി. സയ്യിദ് മുഷ്താഖ് അലി ടി20യില്‍ മികച്ച പ്രകടനം പുറത്തെടുത്ത അസം താരം റിയാന്‍ പരാഗും ടീമിലെത്തിയേക്കും.
23ന് വിശാഖപട്ടണത്താണ് ടി20 പരമ്പരക്ക് തുടക്കമാകുക. രണ്ടാം ടി20- നവംബര്‍ 26ന് തിരുവനന്തപുരത്തും, മൂന്നാം ടി20- നവംബര്‍ 28ന് ഗുവാഹത്തിയിലും നാലാം ടി20 – ഡിസംബര്‍ 1ന് നാഗ്പൂരിലും അഞ്ചാം ടി20- ഡിസംബര്‍ 3ന് ഹൈദരാബാദിലും നടക്കും. പരമ്പരയ്ക്കുള്ള ഓസ്ട്രേലിയന്‍ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മാത്യു വെയ്ഡാണ് ഓസീസിനെ നയിക്കുന്നത്. ലോകകപ്പ് ടീമിനലുള്ള എട്ട് താരങ്ങള്‍ ഓസീസ് ടീമില്‍ ഇടം നേടിയിരുന്നു.
ഓസ്ട്രേലിയന്‍ ടീം: മാത്യു വെയ്ഡ് (ക്യാപ്റ്റന്‍), ജേസണ്‍ ബെഹ്റന്‍ഡോര്‍ഫ്, സീന്‍ അബോട്ട്, ടിം ഡേവിഡ്, നഥാന്‍ എല്ലിസ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, സ്പെന്‍സര്‍ ജോണ്സണ്, ഗ്ലെന്‍ മാക്സ്വെല്, തന്‍വീര്‍ സംഘ, മാറ്റ് ഷോര്‍ട്ട്, സ്റ്റീവ് സ്മിത്ത്, മാര്‍ക്കസ് സ്റ്റോയിനിസ്, ഡേവിഡ് വാര്‍ണര്‍, ആദം സാംപ.