തൊടുപുഴ :ഉടുമ്പന്‍ചോല താലൂക്കിലെ ശാന്തന്‍പാറ, ചതുരംഗപ്പാറ വില്ലേജുകളിലുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലുകളിലും വ്യാപകനാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മൂന്നാര്‍ - കുമളി സംസ്ഥാനപാതയില്‍ ഉടുമ്പന്‍ചോല മുതല്‍ ചേരിയാര്‍ വരെയുള്ള ഭാഗത്ത് കൂടിയുള്ള രാത്രി യാത്ര (വൈകുന്നേരം ഏഴു മണി മുതല്‍ രാവിലെ ആറു വരെ) ഇന്ന് (06) മുതല്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിരോധിച്ചു.
ഇതു സംബന്ധിച്ച ഉത്തരവ് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് പുറത്തിറക്കി. നിരോധനകാലയളവില്‍ യാത്രക്കാര്‍ക്ക് ഇതിന് സമാന്തരമായ മറ്റ് പാതകള്‍ ഉപയോഗിക്കാം. ഈ ഭാഗത്ത് ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് മേഖലയിലൂടെയുള്ള രാത്രി കാലയാത്ര നിയന്ത്രിച്ചിരിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ശാന്തൻപാറ ചേരിയാറിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ഒരു മരണം. ചേരിയാർ സ്വദേശി ശാവുംപ്ലാക്കൽ റോയി ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയിലാണ് അപകടം ഉണ്ടായത്. വീടിനുള്ളിൽ കിടന്നുറങ്ങിയ റോയിയുടെ മുകളിലേക്ക് മണ്ണിടിച്ചിലിനെത്തുടർന്ന് വീടിന്റെ ഭിത്തി ഇടിഞ്ഞുവീണു.
വലിയ മണ്ണിടിച്ചിൽ ആയിരുന്നില്ല ചേരിയാറിൽ ഉണ്ടായതെങ്കിലും റോയ് താമസിച്ചിരുന്നത് ദുർബലമായ കെട്ടിടത്തിലാണ് എന്നതാണ് ജീവഹാനിക്ക് കാരണമായതെന്നാണ് വിവരം. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഇടുക്കിയിൽ ശക്തമായ മഴയിൽ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്. രണ്ടിടങ്ങളിൽ ഉരുൾപൊട്ടി. ശാന്തൻപാറ പേത്തൊട്ടിയിലും ചതുരംഗപ്പാറയിലുമാണ് ഉരുൾപൊട്ടിയത്. പൂപ്പാറയിലും കുമളി മൂന്നാർ - റോഡിലും മരം വീണ് ഗതാഗതം തടസപ്പെട്ടു. രാത്രി മുതൽ അതിശക്തമായ മഴയാണ് പെയ്യുന്നത്. നിരവധി പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്.
പേത്തൊട്ടിയിൽ പ്രധാന റോഡിലേക്കാണ് ഉരുൾപൊട്ടിയെത്തിയത്. രണ്ട് വീടുകൾക്ക് സമീപത്തേക്ക് ഉരുൾപൊട്ടിയെത്തി. വെള്ളം മാറിയൊഴുകിയതിനാൽ വൻ അപകടം ഒഴിവായി. ഉരുൾപൊട്ടി വലിയ ഉരുളൻ കല്ലുകളും മരങ്ങളും കടപുഴകിയെത്തി. ഏക്കർ കണക്കിന് ഏലം കൃഷി പൂർണമായി ഒലിച്ചുപോയി പ്രദേശം ഒരു നീർച്ചാലായി മാറി.
കേരളത്തിൽ തുലാവർഷം സജീവമായി തുടരും. തിങ്കളാഴ്ച തീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാൽ എറണാകുളം, പാലക്കാട് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, വയനാട് ജില്ലകളിൽ മഞ്ഞമുന്നറിയിപ്പാണ്.
അറബിക്കടലിൽ ബുധനാഴ്ചയോടെ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ വ്യാഴാഴ്ച ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 11 വരെ മഴ തുടരാനാണ് സാധ്യത.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News