കൊച്ചി: കളമശേരി സ്ഫോടനത്തിന് പിന്നാലെ വിദ്വേഷ പ്രചരണം നടത്തിയതിന് 22 പേർക്കെതിരെ കേസെടുത്തു. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഐപിസി 153 – കലാപത്തിന് വേണ്ടി പ്രകോപനമുണ്ടാക്കൽ, 153 എ – മതസ്പർദ്ധ വളർത്തൽ എന്നീ വകുപ്പ് പ്രകാരമാണ് കേസുകളെടുത്തിരിക്കുന്നത്.
കളമശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചരണം നടത്തിയതിന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെയും കേസെടുത്തിട്ടുണ്ട്. എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. സൈബർ പൊലീസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. രാജീവ് ചന്ദ്രശേഖറിനെതിരെ ഐപിസി 153, 153 (എ), കേരള പൊലീസ് ആക്ട് 120 (ഒ) – ക്രമസമാധാനം തകർക്കൽ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം, തീവ്ര ഗ്രൂപ്പുകളോട് മുഖ്യമന്ത്രി മൃദു സമീപനം പുലർത്തുകയാണെന്നും കോൺഗ്രസ് അതിനു കൂട്ടു നിൽക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. വിഷം അല്ല കൊടുംവിഷമാണ് രാജീവ് ചന്ദ്രശേഖറെന്ന് മുഖ്യമന്ത്രി വിമർശിച്ചു. അതിനെ അദ്ദേഹം ഒരു അലങ്കാരമായാണ് കാണുന്നത്. ‘വിഷം എന്നേ അന്നു ഞാന്‍ പറഞ്ഞിട്ടുള്ളൂ. കൊടും വിഷം എന്ന് പറയും അത്രയേ ഉള്ളൂ’, എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
പൊലീസ് പ്രതി ഡൊമിനിക് മാർട്ടിന്റെ കുടുംബത്തിന്റെ മൊഴിയെടുത്തു. മൂന്നര മണിക്കൂർ നീണ്ടുനിന്ന മൊഴിയെടുക്കൽ ആറ് മണിയോടെയാണ് അവസാനിച്ചത്. വിശദമായി മൊഴി രേഖപ്പെടുത്തിയെന്ന് പൊലീസ് അറിയിച്ചു. ഡൊമിനിക് മാർട്ടിന്റെ അത്താണിയിലെ ഫ്ലാറ്റിൽ പൊലീസ് തെളിവെടുപ്പ് നടത്തി. കേസിൽ ഡൊമിനിക് മാർട്ടിൻ മാത്രമാണ് പ്രതി എന്നുറപ്പിച്ചിരിക്കുകയാണ് പൊലീസ്. കൂടുതൽ തെളിവുകൾ അന്വേഷണസംഘം ശേഖരിക്കുകയാണ്. മാർട്ടിന്റെ പശ്ചാത്തലം വിശദമായി പരിശോധിക്കാനാണ് തീരുമാനം.