മുംബൈ:ടെക്നോളജിയുടെ കാര്യത്തിൽ ആപ്പിൾ (Apple) എല്ലാ കാലത്തും മുൻപന്തിയിലാണ്. എന്നാൽ മടക്കാവുന്ന ഡിസ്പ്ലെയുള്ള ഫോണുകളുടെ കാര്യത്തിൽ മാത്രം ആപ്പിൾ അല്പം പിന്നിലാണ്. സാംസങ്, ഓപ്പോ, വൺപ്ലസ് എന്നിങ്ങനെയുള്ള ബ്രാൻഡുകൾ ഇതിനകം മടക്കാവുന്ന ഡിസ്പ്ലെയുള്ള ഫോണുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ മടക്കാവുന്ന ഡിസ്പ്ലെയുള്ള ഡിവൈസുകൾ ആപ്പിളിന്റെ അഭിമാനത്തിന്റെ കാര്യം കൂടിയായിരിക്കുകയാണ്. മടക്കാവുന്ന ഐഫോണിന് പകരം ഐപാഡ് പുറത്തിറക്കാനാണ് ആപ്പിൾ ശ്രമിക്കുന്നത്.
പുറത്ത് വന്ന റിപ്പോർട്ടുകൾ അനുസരിച്ച് മടക്കാവുന്ന ഐപാഡ് വികസിപ്പിക്കുന്നതിന് വിതരണക്കാരുമായി ചേർന്ന് കമ്പനി പ്രവർത്തിക്കുകയാണ് എന്നാണ്. ആപ്പിൾ പുറത്തിറക്കുന്ന ആദ്യത്തെ മടക്കാവുന്ന ഡിസ്പ്ലെയുള്ള ഡിവൈസ് ഐഫോണായിരിക്കില്ലെന്നും റിപ്പോർട്ടുകൾ ഉറപ്പിക്കുന്നു. മടക്കാവുന്ന ഐപാഡ് പുറത്തിറക്കുകയും ചെറിയ തോതിൽ ഉത്പാദനം നടത്തുകയും ചെയ്യുമെന്നും സൂചനകളുണ്ട്. അടുത്ത വർഷം അവസാനത്തോടെ ഫോൾഡബിൾ ഐപാഡ് പുറത്തിറക്കിയേക്കും. ഈ ഡിവൈസിന്റെ വിൽപ്പന 2025ൽ ആരംഭിച്ചേക്കും.
മടക്കാവുന്ന ഐപാഡ് പുറത്തിറക്കാനുള്ള ആപ്പിളിന്റെ പദ്ധതികളുമായി ബന്ധപ്പെട്ട സൂചനകൾ നേരത്തെയും പുറത്ത് വന്നിരുന്നു. കമ്പനിയുടെ ഏറ്റവും പുതിയ പേറ്റന്റ് ഫയലിംഗുകൾ ഉൾപ്പെടെ ഇത് സംബന്ധിച്ച സൂചനകളാണ് നൽകുന്നത്. ഡിസ്പ്ലേ കേടാകുകയോ ഒടിയുകയോ ചെയ്യാതിരിക്കാനായി മൂവബിൾ ഫ്ലാപ്പുകളുള്ള ഒരു ഹിഞ്ച് മെക്കാനിസത്തിനുള്ള പേറ്റന്റ്, ഓർഗാനിക് ലൈറ്റ് എമിറ്റിങ് ഡയോഡുകൾ ഉപയോഗിക്കുന്ന ഡിസ്പ്ലേയ്ക്കുള്ള (OLED) പേറ്റന്റ്, സെൽഫ്-ഹീലിംഗ് ഫോൾഡിംഗ് സ്‌ക്രീൻ ക്രീസിനുള്ള പേറ്റന്റ് എന്നിവയെല്ലാം ആപ്പിൾ സ്വന്തമാക്കിയിട്ടുണ്ട്.
ഡിജിടൈംസ് പുറത്ത് വിട്ട റിപ്പോർട്ട് അനുസരിച്ച് ആപ്പിൾ അതിന്റെ മടക്കാവുന്ന ഐപാഡുകൾ പുറത്തിറക്കാനുള്ള പദ്ധതികൾ വേഗത്തിലാക്കിയിട്ടുണ്ട്. 2024 അവസാനത്തോടെ ചെറിയ തോതിലുള്ള ഉത്പാദനം ആരംഭിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. എത്ര യൂണിറ്റായിരിക്കും കമ്പനി ആദ്യഘട്ടത്തിൽ പുറത്തിറക്കുക എന്ന കാര്യത്തിൽ വ്യക്തത ഉണ്ടായിട്ടില്ല. മടക്കാവുന്ന ഡിസ്പ്ലെയുള്ള ഡിവൈസ് പുറത്തിറക്കി വിജയിച്ചാൽ മടക്കാവുന്ന ഐഫോണുകളും കമ്പനി പുറത്തിറക്കിയേക്കും.
മടക്കാവുന്ന ഐപാഡിന്റെ ഡിസൈൻ ആപ്പിൾ ഇതുവരെ അന്തിമമായി തീരുമാനിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. 2024 തുടക്കത്തിൽ തന്നെ ഡിസൈൻ പൂർത്തിയാക്കാനുള്ള പദ്ധതികളിലാണ് കമ്പനി. മടക്കാവുന്ന ഐപാഡിന്റെ ഡിസൈൻ ആപ്പിൾ നിരവധി തവണയായി പരിഷ്കരിച്ച് വരികയാണ്. ചിലവ് കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രോജക്റ്റ് പ്രൊഡക്റ്റ് ഡിസൈൻ ടീമിൽ നിന്ന് സ്റ്റോറേജ് വിഭാഗത്തിലേക്ക് ഡിസൈൻ മാറ്റിയിട്ടുണ്ട്. ആപ്പിളിന്റെ ആദ്യത്തെ ലക്ഷ്യം കുറഞ്ഞ വിലയുള്ള ഉത്പന്നങ്ങളുടെ ഉത്പാദനമാണ്.
ആപ്പിൾ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് തങ്ങളുടെ മടക്കാവുന്ന ഐപാഡിനായി സ്‌ക്രീനും ഹിഞ്ചുകളും ഡിസൈൻ ചെയ്യുക എന്നതാണ്. ഡിസ്‌പ്ലേയിൽ ഉണ്ടാകാൻ സാധ്യതയുള്ള ക്രീസുകളാണ് കമ്പനിയുടെ ആശങ്ക. ഈ പ്രശ്‌നം കുറയ്ക്കുന്നതിന് മെക്കാനിക്കൽ ഡിസൈൻ സൊല്യൂഷൻസ് ഉപയോഗിക്കുന്ന ഡിസ്‌പ്ലേകൾ നിർമ്മിക്കാൻ സാംസങ്, എൽജി എന്നിവയുമായി ആപ്പിൾ ചർച്ചകൾ നടത്തി വരികയാണ് എന്നും സൂചനകളുണ്ട്. കൂടുതൽ ലാഭകരവും വൻതോതിൽ ഉത്പാദിപ്പാൻ എളുപ്പമുള്ളതുമായ ഒരു ഹിഞ്ച് ഡിസൈൻ ചെയ്യാനാണ് ആപ്പിൾ ശ്രമിക്കുന്നത്.