ന്യൂഡല്‍ഹി: ഇന്ത്യ-കാനഡ നയതന്ത്രബന്ധം ഉലയുന്നതിനിടെ കനേഡിയന്‍ സൈന്യത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തതായി പ്രഖ്യാപിച്ച് ഇന്ത്യന്‍ ഹാക്കര്‍മാര്‍. കനേഡിയന്‍ സൈന്യത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രവര്‍ത്തനരഹിതമായതായും പിന്നാലെ ഹാക്കിങിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ഇന്ത്യന്‍ സൈബര്‍ ഫോഴ്‌സ് എന്ന ഹാക്കര്‍മാരുടെ സംഘം രംഗത്തെത്തിയതായും ‘ദി ടെലിഗ്രാഫ്’ റിപ്പോര്‍ട്ട് ചെയ്തു.
കനേഡിയന്‍ വ്യോമസേനയുടെ വെബ്‌സൈറ്റ് പ്രവര്‍ത്തനരഹിതമായെന്നും അതിനു പിന്നിൽ തങ്ങളാണെന്നും ഇന്ത്യന്‍ സൈബര്‍ ഫോഴ്‌സ് സംഘം എക്‌സില്‍ അവകാശപ്പെട്ടു.
ഉച്ചയോടെയാണ് വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനത്തില്‍ തടസ്സം നേരിട്ടതെന്നും കനേഡിയന്‍ പ്രതിരോധ വകുപ്പ് വക്താവ് വ്യക്തമാക്കി. സേനയുടെ മറ്റു സൈറ്റുകളുമായി ഹാക്ക് ചെയ്യപ്പെട്ട വെബ്‌സൈറ്റിന് ബന്ധമില്ലെന്നും കാര്യമായ പ്രശ്‌നങ്ങളുണ്ടായതിന്റെ സൂചനകള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കനേഡിയന്‍ സേന വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണ്.
സെപ്റ്റംബര്‍ 21-ന് കാനഡയ്‌ക്കെതിരെ ഇന്ത്യന്‍ സൈബര്‍ ഫോഴ്‌സ് ഹാക്കിങ് ഭീഷണി മുഴക്കിയിരുന്നു. സെപ്റ്റംബര്‍ 22-ന് കനേഡിയന്‍ സര്‍ക്കാരിന്റെ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ അതൃപ്തി പ്രകടിപ്പിച്ച് പോസ്റ്റ് പങ്ക് വെക്കുകയും ചെയ്തിരുന്നു.
ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തോടെയാണ് ഇന്ത്യ-കാനഡ നയതന്ത്ര പ്രതിസന്ധി ഉടലെടുത്തത്. നിജ്ജറിൻ്റെ മരണത്തിനു പിന്നിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന വാദവുമായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രംഗത്തെത്തി. പിന്നാലെ ആരോപണം അസംബന്ധമാണെന്ന് വിശേഷിപ്പിച്ച ഇന്ത്യ, ട്രൂഡോയുടെ വാദം തള്ളുകയും ചെയ്തു.