33.4 C
Kottayam
Tuesday, April 30, 2024

സൗദിയോട് തോൽവി; ഇന്ത്യൻ ഫുട്‌ബോൾ ടീം ഏഷ്യൻ ഗെയിംസിൽ നിന്ന് പുറത്ത്

Must read

ഹാങ്ചൗ: ഖത്തറില്‍ മെസ്സിയേയും സംഘത്തേയും അട്ടിമറിച്ച സൗദിയോട് ഇന്ത്യ പൊരുതി. പക്ഷേ റാങ്കിങ്ങില്‍ 57-ാം സ്ഥാനത്തുള്ള അവരുടെ കരുത്തിനെ മറികടക്കാനുള്ള മികവ് ഇന്ത്യന്‍ യുവനിരയ്ക്കുണ്ടായിരുന്നില്ല. ഏഷ്യന്‍ ഗെയിംസ് പ്രീ ക്വാര്‍ട്ടറില്‍ കരുത്തരായ സൗദിയോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ട് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പുറത്തായി.

ആദ്യ പകുതിയിലുടനീളം സൗദി ആക്രമണങ്ങളെ തടയാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കായി. പക്ഷേ അവരുടെ കരുത്തുറ്റ പ്രസ്സിങ് ഗെയിമിനുള്ള മറുപടി സ്റ്റിമാച്ചിന്റെ കുട്ടികളുടെ പക്കല്‍ ഉണ്ടായിരുന്നില്ല. രണ്ടാം പകുതിയില്‍ ആറു മിനിറ്റിനിടെ വീണ രണ്ട് ഗോളുകളില്‍ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ വിധി കുറിക്കപ്പെട്ടു.

ഇരട്ട ഗോളുകള്‍ നേടി മുഹമ്മദ് ഖലില്‍ മരാനാണ് സൗദിക്കായി തിളങ്ങിയത്. 51-ാം മിനിറ്റില്‍ വലതുവിങ്ങില്‍ നിന്ന് അബു അല്‍ ഷമാത്തിന്റെ ക്രോസ് ഖലില്‍ ഹെഡ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു. പിന്നാലെ 57-ാം മിനിറ്റില്‍ ഇന്ത്യയുടെ ഗോള്‍കീപ്പര്‍ ധീരജിനെയും മറികടന്ന് പന്ത് വലയിലെത്തിച്ച ഖലില്‍ സൗദിക്ക് ക്വാര്‍ട്ടറിലേക്കുള്ള ടിക്കറ്റ് സമ്മാനിച്ചു.

നിരവധി പ്രതിസന്ധികള്‍ക്കിടയില്‍ നിന്നാണ് പരിശീലകന്‍ സ്റ്റിമാച്ച് ടീമിനെ ഹാങ്ചൗവില്‍ ഇറക്കിയത്. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമുകളെ ഗെയിംസിന് അയക്കേണ്ടെന്ന നിലപാടിലായിരുന്നു കേന്ദ്ര കായികമന്ത്രാലയം. ഒടുവില്‍ ദീര്‍ഘനാളത്തെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ ജൂലായ് 26-നാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമുകള്‍ക്ക് ഏഷ്യന്‍ ഗെയിംസില്‍ കളിക്കാന്‍ കേന്ദ്ര കായികമന്ത്രാലയം അനുമതിനല്‍കിയത്.

ഏഷ്യന്‍ റാങ്കിങ്ങില്‍ ആദ്യ എട്ടുസ്ഥാനങ്ങളിലുള്ള ടീമുകളെ ഗെയിംസില്‍ പങ്കെടുപ്പിക്കാനായിരുന്നു കായികമന്ത്രാലയത്തിന്റെ തീരുമാനം. പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച് പ്രധാനമന്ത്രിക്ക് ഉള്‍പ്പെടെ കത്തയച്ചതിനെത്തുടര്‍ന്നാണ് മുന്‍ മാനദണ്ഡത്തില്‍ ഇളവുനല്‍കി ഫുട്ബോള്‍ ടീമുകളെ കളിപ്പിക്കാന്‍ തീരുമാനിച്ചത്. പിന്നാലെ താരങ്ങളെ വിട്ടുനല്‍കാതെ ഐഎസ്എല്‍ ക്ലബ്ബുകളും പ്രതിസന്ധി സൃഷ്ടിച്ചു.

ഇതോടെ യാതൊരു പരിശീലന സെഷനുമില്ലാതെ ഹാങ്ചൗവിലെത്തി ചൈനക്കെതിരേ ആദ്യ മത്സരം കളിച്ച ഇന്ത്യ 5-1ന് തോറ്റു. രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി പ്രതീക്ഷ കാത്തു. മൂന്നാം മത്സരത്തില്‍ മ്യാന്‍മറിനെതിരേ 1-1ന് സമനില നേടിയതോടെ കൂടുതല്‍ ഗോളടിച്ചതിന്‌റെ ആനുകൂല്യത്തില്‍ പ്രീ ക്വാര്‍ട്ടരിലേക്ക്. ഒടുവിലിതാ സൗദിയോട് തോറ്റ് പുറത്ത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week