പാലക്കാട് : കൊടുമ്പ് പഞ്ചായത്തിലെ കരിങ്കരപ്പുള്ളിയിൽ വയലിൽ മൃതദേഹങ്ങൾ കുഴിച്ചിട്ടതായി സംശയം. ഈ സ്ഥലത്ത് ചൊവ്വാഴ്ച വൈകീട്ടോടെ പോലീസെത്തി പരിശോധിക്കുമ്പോൾ ഇരുട്ടുവീണതിനാൽ ബുധനാഴ്ച രാവിലെയായിരിക്കും തുടർനടപടികൾ. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
കരിങ്കരപ്പുള്ളി അമ്പലപ്പറമ്പിലെ സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തോടുചേർന്നാണ് മൃതദേഹങ്ങൾ കുഴിച്ചിട്ടതെന്നു സംശയിക്കുന്ന സ്ഥലം.
സുഹൃത്തുക്കളായ കൊട്ടേക്കാട് തെക്കേക്കുന്നം കാരോക്കോട്ടുപുര ഷിജിത്ത് (22), പുതുശ്ശേരി കാളാണ്ടിത്തറ സതീഷ് (22) എന്നിവരെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു. മരിച്ചത് ഇവരായിരിക്കാമെന്നാണ് പ്രാഥമികനിഗമനമെന്ന് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് പറഞ്ഞു.തുടർന്നുനടത്തിയ അന്വേഷണത്തിലാണ് ഇവിടേക്കെത്തിയത്. പുല്ലുവളർന്നുനിൽക്കുന്ന വയലിൽ വരമ്പിനരികിൽ കുഴിയെടുത്തതായി കണ്ടെത്തി.
മണ്ണ് അൽപ്പം മാറ്റിനോക്കിയപ്പോൾ വെള്ളത്തിൽ രക്തം കലർന്നതായും കണ്ടു. മൃതദേഹത്തിന്റെ ഭാഗങ്ങൾ കണ്ടതായി പറയുന്നുണ്ടെങ്കിലും പോലീസ് സ്ഥിരീകരിച്ചിട്ടില്ല. പാൽനീരി കോളനിയോടുചേർന്ന വിശാലമായ കൃഷിസ്ഥലമാണിത്. പാടവരമ്പിന്റെ ഇടതുഭാഗത്ത് കൃഷിചെയ്യാതെ കമ്പിവേലി കെട്ടിത്തിരിച്ച് ഒഴിച്ചിട്ടിരിക്കുന്ന സ്ഥലത്താണു സംഭവം. വലതുവശത്ത് കതിരിട്ട നെൽച്ചെടികളുള്ള വയലാണ്.
കാണാതായ യുവാക്കൾ ഇവിടെ ഷോക്കേറ്റുമരിച്ചതായാണു കരുതുന്നതെന്നും സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.കൃഷിയിടത്തിൽ കാട്ടുപന്നികളെ തടയാൻവെച്ച വൈദ്യുതക്കെണിയിൽനിന്ന് ഷോക്കേറ്റെന്നാണു സംശയിക്കുന്നത്.
ബുധനാഴ്ച രാവിലെ ആർ.ഡി.ഒ.യുടെ സാന്നിധ്യത്തിൽ പരിശോധന തുടരും. വിരലടയാളവിദഗ്ധർ, ഫൊറൻസിക് വിദഗ്ധർ എന്നിവരെത്തി തെളിവുശേഖരിക്കും. അതിനുശേഷംമാത്രമേ മരണകാരണം വ്യക്തമായി മനസ്സിലാക്കാനാകൂവെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
ഞായറാഴ്ച രാത്രി കുരുടിക്കാട് വെച്ചുണ്ടായ അടിപിടിയാണ് സംഭവങ്ങളുടെ തുടക്കം. സംഭവത്തിൽ പരിക്കേറ്റ ബാബുരാജ് എന്നയാൾ രാത്രി എട്ടരയോടെ കസബ സ്റ്റേഷനിൽ നൽകിയ പരാതിയിൽ അഭിൻ, അജിത്ത്, കാണാതായ ഷിജിത്ത്, കണ്ടാലറിയാവുന്ന പത്തോളം പേർ എന്നിവർക്കെതിരേ പോലീസ് കേസെടുത്തിരുന്നു. ഈ കേസിന്റെ അന്വേഷണത്തിനിടെയാണ് യുവാക്കളുടെ തിരോധാനം.പോലീസ് തങ്ങളെ അന്വേഷിക്കുന്നുണ്ടെന്നറിഞ്ഞ നാലുപേരും സതീഷിന്റെ കരിങ്കരപ്പുള്ളിയിലെ ബന്ധുവീട്ടിലെത്തി.
പോലീസ് അന്വേഷിച്ചെത്തുന്നതറിഞ്ഞ് രാത്രി രണ്ടുമണിയോടെ ഇവർ വീട്ടിൽനിന്ന് രണ്ടുദിശയിലേക്ക് ഇറങ്ങിയോടിയതായി പറയുന്നു. ഇതിൽ ഒരു സംഘത്തിലെ രണ്ടുപേരെയാണ് കാണാതായത്. തിങ്കളാഴ്ചയും ഇവർ തിരിച്ചെത്താതായതോടെ ബന്ധുക്കൾ അന്വേഷണം തുടങ്ങി. ഫോൺ വിളിച്ചുനോക്കിയെങ്കിലും സ്വിച്ച്ഓഫായിരുന്നു. ചൊവ്വാഴ്ച ബന്ധുക്കൾ കസബ സ്റ്റേഷനിൽ പരാതിനൽകി. രക്ഷപ്പെട്ട രണ്ടുപേർ പോലീസിൽ ഹാജരായി. ഇവരിൽനിന്നുള്ള വിവരങ്ങൾവെച്ചാണ് അന്വേഷണം നടത്തിയത്.
കൃഷിചെയ്യാതെ കരിങ്കൽ തൂണുകൊണ്ടും കന്പിവേലികൊണ്ടും വേർതിരിച്ചിട്ടിരിക്കുന്ന അരയേക്കറിലധികം വരുന്ന പാടശേഖരത്തിലാണ് സംഭവം. സ്ഥലത്ത് പുല്ലിൽ ശരീരം വലിച്ച പാടുകളും രക്തക്കറയും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ചതുപ്പിനു സമാനമായ രീതിയിലാണ് സ്ഥലം. മണ്ണ് അൽപ്പം മാറ്റിയപ്പോൾത്തന്നെ വെള്ളം പൊങ്ങിവരുന്ന അവസ്ഥയിലാണ്. ഈ വെള്ളത്തിൽ രക്തം കലർന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഇവിടെ സെയ്ന്റ് സെബാസ്റ്റ്യൻസ് സ്കൂളിനും അന്പലത്തിനും അരക്കിലോമീറ്റർ മാറിയാണ് പാടശേഖരമുള്ളത്. സ്ഥലം റിബ്ബൺ കെട്ടി േവർതിരിക്കുകയും മണ്ണ് ടാർപ്പായയിട്ട് മൂടുകയും ചെയ്തു. സ്ഥലത്ത് രാത്രി പോലീസ് കാവൽ ഏർപ്പെടുത്തി.