കൊച്ചി: കേരളത്തില്‍ ഏതാനും ദിവസങ്ങള്‍ മാത്രം കുറഞ്ഞ നിരക്കില്‍ തുടര്‍ന്ന സ്വര്‍ണം ഇപ്പോള്‍ വില വര്‍ധിക്കുന്നു. തുടര്‍ച്ചയായ രണ്ടാംദിനവും സംസ്ഥാനത്ത് വില കൂടി. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലയില്‍ നിന്നാണ് വര്‍ധിക്കാന്‍ തുടങ്ങിയത്. രൂപയുടെ മൂല്യം ഇടിയാന്‍ തുടങ്ങിയതാണ് സ്വര്‍ണക്കുതിപ്പിന്റെ ഒരു കാരണം.
ഈ മാസം ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത് 44240 രൂപയായിരുന്നു. ഈ മാസം നാലിനായിരുന്നു ഈ വില. എന്നാല്‍ പിന്നീട് ഏറിയും കുറഞ്ഞും പവന് 43600 രൂപ വരെ എത്തി. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഈ വിലയില്‍ തുടര്‍ന്ന സ്വര്‍ണം വെള്ളിയാഴ്ച വര്‍ധിച്ചു. തൊട്ടുപിന്നാലെ ഇന്നും കൂടി.
കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 43920 രൂപയാണ്. 160 രൂപയാണ് പവന് വര്‍ധിച്ചത്. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 5490 രൂപയായി. വെള്ളിയാഴ്ചയും പവന് 160 രൂപ വര്‍ധിച്ചിരുന്നു. രണ്ട് ദിവസംകൊണ്ട് 320 രൂപയാണ് കൂടിയത്. സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വലിയ തിരിച്ചടിയാണിത്. ഇനിയും വില കൂടാനുള്ള സാധ്യതയാണ് വിപണിയില്‍ കാണുന്നത്.
എണ്ണവില വര്‍ധിക്കുന്നതാണ് വിപണിയിലെ ആശങ്കയ്ക്ക് കാരണം. ആഴ്ചകള്‍ക്ക് മുമ്പ് ബാരലിന് 75 ഡോളറുണ്ടായിരുന്ന എണ്ണ വില ഇപ്പോള്‍ 93 ഡോളറിലെത്തി. എണ്ണവില വര്‍ധിക്കുന്നത് പണപ്പെരുപ്പത്തിന് കാരണമാകും. വിപണി സാഹചര്യം അത്ര സുഖകരമാകില്ല കാര്യങ്ങള്‍ എന്ന് മനസിലാക്കി നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയാല്‍ സാധ്യതയേറി. ഇതാണ് സ്വര്‍ണവില വര്‍ധിക്കാനുള്ള ഒരു കാരണം.
അതേസമയം, ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുകയാണ് എന്നത് മറ്റൊരു വെല്ലുവിളിയാണ്. ഡോളറിനെതിരെ 83.09 എന്ന നിരക്കിലാണ് രൂപ. അതായത് ഒരു ഡോളര്‍ കിട്ടണമെങ്കില്‍ 83 രൂപ നല്‍കേണ്ട സാഹചര്യമാണ്. ഡോളര്‍ ഇന്‍ഡക്‌സ് ഇപ്പോള്‍ 105 ലെത്തിയിരിക്കുന്നു. ഡോളര്‍ കരുത്ത് വര്‍ധിക്കുന്നത് ഇന്ത്യന്‍ രൂപയ്ക്ക് ക്ഷീണമാകും.
ഈ ഘട്ടത്തില്‍ സ്വര്‍ണാഭരണ വിപണി പ്രതിസന്ധിയിലാകുമെന്ന് ജ്വല്ലറി വ്യാപാരികള്‍ പറയുന്നു. വില കുതിച്ചുയരുമ്പോള്‍ സ്വര്‍ണ വില്‍പ്പന കുറയും. കല്യാണം പോലുള്ള ആവശ്യക്കാര്‍ എത്ര വില ഉയര്‍ന്നാലും വാങ്ങുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. എങ്കിലും വില കുറഞ്ഞിരിക്കുന്നതാണ് വിപണിക്ക് നേട്ടമെന്നാണ് വ്യാപാരികളുടെ അഭിപ്രായം.
ഒരു പവന് 43920 രൂപയാണെങ്കിലും ആഭരണം വാങ്ങുമ്പോള്‍ സ്വര്‍ണവിലയ്ക്ക് പുറമെ പണിക്കൂലിയും നല്‍കണം. സ്വര്‍ണവിലയും പണിക്കൂലിയും ചേര്‍ത്തുള്ള തുകയുടെ മൂന്ന് ശതമാനം ജിഎസ്ടിയും നല്‍കണം. അങ്ങനെ വരുമ്പോള്‍ ഒരു പവന് 3500 രൂപ വരെ അധികം വേണ്ടി വന്നേക്കാം. സ്വര്‍ണം വില്‍ക്കാനിരിക്കുന്നവര്‍ക്ക് ഇന്ന് നല്ല ദിവസമാണ്.