പങ്കാളി മറ്റൊരാളെ കണ്ടുപിടിച്ചു; ഞാൻ ഇപ്പോൾ പ്രെെമറി പാർട്ണർ അല്ല; തുറന്ന് പറഞ്ഞ് കനി കുസൃതി
കൊച്ചി:അഭിനയ മികവ് കൊണ്ട് പ്രേക്ഷക പ്രീതി നേടിയ നടിയാണ് കനി കുസൃതി. നാടകരംഗത്ത് നിന്നും സിനിമയിലേക്ക് കടന്ന് വന്ന കനി ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ചു. ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും കനി നേടി. വ്യക്തി ജീവിതത്തിലെ കാഴ്ചപാടുകൾ കൊണ്ടും തീരുമാനങ്ങൾ കൊണ്ടും കനി എപ്പോഴും ജനശ്രദ്ധ നേടിയിട്ടുണ്ട്. അതിനാൽ തന്നെ കനിയുടെ അഭിമുഖങ്ങൾ പലപ്പോഴും ചർച്ചയായിട്ടുണ്ട്.
ജീവിതത്തെ കനി നോക്കിക്കാണുന്ന രീതി വ്യത്യസ്തവും മനോഹരവുമാണെന്നാണ് മിക്കവരും അഭിപ്രായപ്പെടാറ്. തന്റെ പ്രണയബന്ധത്തിൽ വന്ന മാറ്റത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണിപ്പോൾ കനി.ഫിലിം മേക്കർ ആനന്ദ് ഗാന്ധിയാണ് കനി കുസൃതിയുടെ പങ്കാളി.
ആനന്ദിന്റെ ഇന്റലിജൻസിനെയാണ് താൻ ആരാധിക്കുന്നതെന്ന് മുമ്പൊരിക്കൽ കനി കുസൃതി പറഞ്ഞിട്ടുണ്ട്. എന്നാലിപ്പോൾ ആനന്ദ് മറ്റൊരു ബന്ധത്തിലേക്ക് കടന്നെന്നും താനതിൽ സന്തോഷവതിയാണെന്നും കനി കുസൃതി പറയുന്നു. അതേസമയം താനുമായുള്ള ആത്മബന്ധം നിലനിൽക്കുന്നുണ്ടെന്നും നടി വ്യക്തമാക്കി.
പങ്കാളിയോട് സഹോദരനോടെന്ന പോലെയുള്ള ആത്മബന്ധമാണ് ഇപ്പോഴുള്ളതെന്ന് കനി കുസൃതി തുറന്ന് പറഞ്ഞു. ഞാൻ എപ്പോഴും ഓപ്പൺ റിലേഷൻഷിപ്പുണ്ടായിരുന്ന ആളാണ്. എനിക്ക് ഒരു പങ്കാളിയെ കണ്ടുപിടിച്ച് ഒന്നിച്ച് ജീവിക്കണം എന്ന് തോന്നിയിട്ടില്ല. കൂട്ടുകാരിയും അവളുടെ പാർട്ണറും ഒരുമിച്ച് ജീവിക്കുന്നു, അവളുടെ വീട്ടിൽ കെട്ടാതെ പോയ മകളെപ്പോലെ ജീവിക്കാനാണ് എനിക്കിഷ്ടം. ഒരു ഫാമിലി ഫീലിംഗ് എനിക്കിഷ്ടമാണ്. എന്റെ ഭർത്താവ് കുട്ടികൾ എന്നൊക്കെ പറയുന്നതൊന്നും ഇഷ്ടമല്ല.
എന്റെ സുഹൃത്തിനും പങ്കാളിക്കും കുട്ടികളുണ്ടെങ്കിൽ ഞാനവരെ വളർത്താനും സഹായിക്കാം. പക്ഷെ ഒരാളെ ഇഷ്ടപ്പെടുന്നു, അവർക്കൊപ്പം ജീവിക്കുന്നു എന്ന സങ്കൽപ്പം തനിക്കില്ലെന്ന് കനി കുസൃതി തുറന്ന് പറഞ്ഞു.
ബോയ് ഫ്രണ്ട്സ് ഉണ്ടാകുമ്പോൾ ഇവർ വേറെ ആരെയെങ്കിലും കണ്ട് പിടിച്ച് ജീവിക്കട്ടെ എന്നാണ് കരുതിയത്.
ആനന്ദിനെ പരിചയപ്പെട്ടപ്പോളാണ് ഇത്രയും കണക്ഷനുള്ള ആളെ കിട്ടുമെങ്കിൽ ഇത് മതി, ഇവരോടൊപ്പം ജീവിക്കാം എന്ന് തീരുമാനിച്ചത്. ആനന്ദ് മോണോഗമസ് ആയ ആളാണ്. പല ആളുകൾ വേണമെന്നുള്ള ആളല്ല. ഒരിഷ്ടം തോന്നുന്ന ഒരാൾ മതി. പക്ഷെ ഞാൻ ആദ്യമേ പറഞ്ഞു നമുക്ക് ഓപ്പൺ റിലേഷൻഷിപ്പ് ആവാമെന്ന്. വേറെ ഇഷ്ടങ്ങളുണ്ടാകാം, പക്ഷെ നമ്മൾ ഒരുമിച്ച് എന്ന സ്പേസ്. അങ്ങനെ ഇരുന്ന് ആനന്ദിന് അത് വളരെ പെയിൻഫുളായി.
അങ്ങനെ ഒരാളെ കണ്ടുപിടിച്ചു. അവർ രണ്ട് പേരും മോണോഗമസ് ആയ ആൾക്കാരാണ്. ഇപ്പോൾ ഞങ്ങൾ റൊമാന്റിക് പാർട്ണർമാരല്ല. പക്ഷെ ഇന്റിമസിയുണ്ട്. ഞങ്ങൾ ഫാമിലിയാണ്. രണ്ട് പേർ പാർട്ണർ ആയി ഇരിക്കുമ്പോഴുള്ള ഇന്റിമസി അതുപോലെ ഇപ്പോൾ വെക്കില്ല. അല്ലെങ്കിൽ ആ വരുന്ന പെൺകുട്ടിയും ആനന്ദും ഓപ്പൺ റിലേഷൻഷിപ്പിൽ ആയിരിക്കണം. പക്ഷെ അങ്ങനെയല്ല. അവർ രണ്ട് പേരുമാണ് പ്രെെമറി പാർട്ണർമാർ.
അങ്ങനെ വിചാരിക്കാനേ എനിക്കിനി പറ്റൂ. പക്ഷെ ഞാനും ആനന്ദും സഹോദരങ്ങളെ പോലെയായെന്നും കനി കുസൃതി വ്യക്തമാക്കി. തുറന്ന് സംസാരിക്കുന്നതാണ് തനിക്കിഷ്ടമെന്നും ഒരുപക്ഷെ ഇക്കാര്യങ്ങൾ പറഞ്ഞ് കൊണ്ട് തനിക്കെതിരെ വിമർശനം വന്നേക്കാമെന്നും കനി കുസൃതി വ്യക്തമാക്കി.