കൊൽക്കത്ത ∙ ബംഗാളിൽ വൈസ് ചാൻസലർമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരും ഗവർണർ സി.വി.ആനന്ദബോസും തമ്മിലുള്ള സംഘർഷവും വാക്പോരും മൂർഛിച്ചു. എന്താണ് ചെയ്യുകയെന്ന് അർധരാത്രി കാണിച്ചുതരാമെന്നും അർധരാത്രി വലിയ ‘ആക്‌ഷൻ’ ഉണ്ടാകുമെന്നും ഗവർണർ പറഞ്ഞു. നഗരത്തിൽ പുതിയ രക്തപ്പിശാച് ഇറങ്ങിയിട്ടുണ്ടെന്നും എല്ലാവരും സൂക്ഷിക്കണമെന്നും വിദ്യാഭ്യാസ മന്ത്രി ബ്രാത്യ ബസു പ്രതികരിച്ചു.
ഉന്നത വിദ്യാഭ്യാസമേഖലയിൽ ഗവർണർ അനാവശ്യ ഇടപെടലുകൾ നടത്തുന്നുണ്ടെന്ന സർക്കാരിന്റെ വിമർശനത്തിനു തൊട്ടുപിറകെ അർധരാത്രി താൽക്കാലിക വൈസ് ചാൻസലർമാരെ നിയമിച്ചാണ് ഗവർണർ തിരിച്ചടിച്ചത്. പ്രസിഡൻസി ഉൾപ്പെടെ 8 സർവകലാശാലകളിലാണ് ഗവർണർ താൽക്കാലിക വിസിമാരെ നിയമിച്ചത്.
സ്വന്തം വിസിമാരെ നിയമിക്കുക വഴി സർവകലാശാലകളിൽ ഗവർണർ പാവഭരണം നടപ്പാക്കുകയാണെന്ന് ബ്രാത്യ ബസു ആരോപിച്ചു. തൊട്ടു പിന്നാലെയാണ് അർധരാത്രി കൂടുതൽ വലുത് വരാൻ പോകുന്നുണ്ടെന്ന് ഗവർണർ മാധ്യമങ്ങളോടു പറഞ്ഞത്. ഗവർണറുടെ പേര് പറയാതെയാണ് രക്തപ്പിശാച് പരാമർശം മന്ത്രി നടത്തിയത്.
ഗവർണർ ഏകപക്ഷീയമായി പെരുമാറുകയാണെങ്കിൽ രാജ്ഭവനു മുൻപിൽ സമരം ചെയ്യുമെന്നും സർവകലാശാലകൾക്കുള്ള ഫണ്ട് തടഞ്ഞുവയ്ക്കുമെന്നും മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്ക് രാജ്ഭവനുള്ളിൽ തന്നെ സമരം ചെയ്യാമെന്നു ഗവർണർ പ്രതികരിച്ചു.