തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ഉപയോഗത്തിൽ സ്വയം നിയന്ത്രണം ഏർപ്പെടുത്തണമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. ലോഡ് ഷെഡിങും പവർകട്ടും ഏർപ്പെടുത്താതെ മുന്നോട്ട് പോകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വൈകുന്നേരം 7 മണി മുതൽ രാത്രി 11 മണി വരെ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണം.
ഓരോ വീട്ടിലും ആവശ്യമില്ലാതെ ഓണാക്കിയിരിക്കുന്ന ഒന്നോ രണ്ടോ ലൈറ്റുകൾ ഓഫ് ചെയ്‌താൽ തന്നെ വലിയ മാറ്റം ഉണ്ടാകും. വാഷിംഗ് മെഷീൻ, ഗ്രൈൻഡർ എന്നിവ വൈകുന്നേരങ്ങളിൽ ഉപയോഗിക്കാതെ മറ്റ് സമയങ്ങളിൽ ഉപയോഗിക്കണം. എല്ലാവരും സ്വയം നിയന്ത്രണം ഏർപ്പെടുത്തി സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
മഴക്കുറവിനൊപ്പം വൈദ്യുതി വിനിയോഗ നിയന്ത്രണം ഉൾപ്പെടയെുള്ള വിഷയങ്ങൾ വിലയിരുത്താൻ വകുപ്പ്. സെപ്തംബര്‍ നാലിന് വീണ്ടും അവലോകന യോഗം ചേരുന്നുണ്ട്. കാലവര്‍ഷം ചതിച്ചിരിക്കുകയാണെന്നും. സമയത്ത് മഴ കിട്ടാത്തനിനാൽ റിസര്‍വോയറുകളുടെ അവസ്ഥ ആശാസ്യമല്ലെന്നും കെ കൃഷ്ണൻകുട്ടി പറഞ്ഞു.
കടുത്ത മഴക്കുറവുമൂലം ജലവൈദ്യുത നിലയങ്ങളുടെ റിസർവോയറുകളിൽ ആവശ്യത്തിന് വെള്ളം ലഭ്യമല്ലാത്തതിനാൽ സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുതി ഉത്പാദനം കുറവാണ്. രാജ്യമൊട്ടാകെ അനുഭവപ്പെടുന്ന ഉയർന്ന വൈദ്യുതാവശ്യകതയും വൈദ്യുതി ക്ഷാമവും മൂലം, സംസ്ഥാനത്തിന് പുറത്തു നിന്നുള്ള വൈദ്യുതി ലഭ്യതയിലും വലിയ തോതിൽ കുറവ് ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് വൈകുന്നേരം 7 മണി മുതൽ രാത്രി 11 മണി വരെ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് മന്ത്രി കഴിഞ്ഞദിവസവും ആവശ്യപ്പെട്ടിരുന്നു.
മഴ കുറഞ്ഞ സാഹചര്യത്തിൽ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ 700 മെഗാവാട്ട് വൈദ്യുതിയാണ് കേരളം അധികം വാങ്ങുന്നത്. തിരിച്ച് കൊടുക്കൽ കരാര്‍ അനുസരിച്ച് 500 മെഗാവാട്ടും 15 ദിവസത്തിന് ശേഷം തുക നൽകിയാൽ മതിയെന്ന വ്യവസ്ഥയിൽ 200 മെഗാവാട്ടിന് ഹ്രസ്വകാല കരാറുണ്ടാക്കിയുമാണ് വൈദ്യുതി വാങ്ങുന്നത്.