കൊച്ചി: വാട്ടർ മെട്രോയ്ക്ക് രണ്ട് ബോട്ടുകൾ കൂടെ ലഭിക്കുന്നതോടെ ഹൈക്കോടതി – സൗത്ത് ചിറ്റൂർ റൂട്ടിൽ വാട്ടർ മെട്രോ സർവീസ് ആരംഭിക്കുമെന്ന് കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ. കൂടാതെ വൈറ്റില – കാക്കനാട് റൂട്ടിൽ കൂടുതൽ ബോട്ട് സർവീസുകൾ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
നിലവിൽ ഒൻപത് ബോട്ടുകളാണ് സർവീസ് നടത്തുന്നത്. ഇവയെ കൂടാതെ രണ്ടെണ്ണം കൂടി ലഭിക്കുന്നതോടെ ഹൈക്കോട്ട് മുതൽ സൗത്ത് ചിറ്റൂർ വരെ സർവീസ് തുടങ്ങുമെന്നാണ് കെഎംആർഎൽ അറിയിച്ചിട്ടുള്ളത്.
സൗത്ത് ചിറ്റൂർ, ഏലൂർ, ചേരാനല്ലൂർ എന്നിവിടങ്ങൾ ഉൾപ്പെടുത്തി കൊച്ചി നഗരത്തിന്‍റെ വടക്കുഭാഗത്തേക്കാണ് വാട്ടർ മെട്രോ സർവീസ് തുടങ്ങാനൊരുങ്ങുന്നത്. നിലവിലുള്ള ഒമ്പത് ബോട്ടുകളിൽ അഞ്ചെണ്ണം വൈപ്പിൻ – ഹൈക്കോടതി റൂട്ടിലും മൂന്നെണ്ണം വൈറ്റില – കാക്കനാട് റൂട്ടിലുമാണ് ഒരെണ്ണം അത്യാവശ്യ ഉപയോഗത്തിനായി മാറ്റിവെച്ചിരിക്കുകയാണ്.
അതേസമയം, അടുത്ത ആറുമാസത്തിനുള്ളിൽ കൊച്ചി വാട്ടർമെട്രോയുടെ രണ്ട് ടെർമിനലുകൾ ഒഴികെ ബാക്കി എല്ലാ ടെർമിനലുകളുടേയും നിർമ്മാണം പൂർത്തിയാക്കുമെന്നും കെഎംആർഎൽ അറിയിച്ചിട്ടുണ്ട്.
നിലവിൽ ഹൈക്കോടതിയിൽനിന്ന് വൈപ്പിനിലേയ്ക്കും വൈറ്റിലയിൽനിന്ന് കാക്കനാട്ടേയ്ക്കുമാണ് വാട്ടർ മെട്രോ സർവീസ് നടത്തി വരുന്നത്. വിനോദസഞ്ചാരികൾ ഉൾപ്പെടെ നിരവധിപേരാണ് കൊച്ചി വാട്ടർ മെട്രോ കാണാനും ആസ്വദിക്കാനും എത്തുന്നത്. അതിനാൽ കൊച്ചി നഗരത്തോടു ചേർന്നുള്ള പശ്ചിമകൊച്ചിയിലെ ചെറുദ്വീപുകളിലേയ്ക്കടക്കം വാട്ടർ മെട്രോ എത്തുന്നതോടെ ഈ മേഖലകളിൽ ടൂറിസം രംഗത്ത് വലിയ വളർച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടനിർമ്മാണത്തിനായുള്ള ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. കലൂർ സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയാണ് കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം. ഇത് 2026 ജനുവരിയോടെ കമ്മീഷൻ ചെയ്യുമെന്നും കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ അറിയിച്ചു.