തൃശ്ശൂര്‍: തൃശ്ശൂരിലെ ആകാശപാതയുടെ ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രി വി. മുരളീധരനെ ക്ഷണിക്കാത്തതില്‍ പ്രതിഷേധവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ഏത് രാഷ്ട്രീയത്തിന്റെ പേരിലായാലും ഇത്തരം അവഗണനകള്‍ മ്ലേച്ഛകരമായ ചിന്താഗതിയാണെന്ന് സുരേഷ് ഗോപി വിമര്‍ശിച്ചു.
കിറ്റില്‍വരെ പടംവച്ചടിച്ച് കൊടുക്കുമ്പോള്‍ കേന്ദ്രഫണ്ട് ഉപയോഗിച്ചാണ് ഇത് നിര്‍മിച്ചതെന്ന് ജനം അറിയുന്നതില്‍ എന്താണ് കുഴപ്പമെന്ന് സുരേഷ് ഗോപി ചോദിച്ചു. ആകാശപാതയിലെത്തിയ സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രിയെ ക്ഷണിക്കാത്തതിലുള്ള പ്രതിഷേധം അറിയിച്ചത്.
‘കേന്ദ്രമന്ത്രി വി മുരളീധരനെ കൂടി ഉദ്ഘാടന ചടങ്ങില്‍ പങ്കെടുപ്പിക്കണമായിരുന്നു. അത് അപേക്ഷയല്ല. ആവശ്യം തന്നെയാണ്. അത് ഇനിയും തിരുത്താവുന്നതാണ്. അത് ചെയ്യണം. ഏത് രാഷ്ട്രീയത്തിന്റെ പേരിലായാലും അവരെ അവഗണിക്കുന്നത് വളരെ മ്ലേച്ഛകരമായ ചിന്താഗതിയും പ്രവര്‍ത്തനവുമാണ്. ഇതെല്ലാം ജനങ്ങള്‍ അറിയട്ടെ. സത്യമല്ലേ അവര്‍ അറിയുന്നത്. അതില്‍ എന്തിനാണ് വിഷമിക്കുന്നത്’, സുരേഷ് ഗോപി ചോദിച്ചു.
‘രണ്ടു തവണയായി 270 കോടിയും 251 കോടിയും നല്‍കിയത് ജനങ്ങള്‍ അറിയുന്നില്ലേ. ഇതെല്ലാം ഞങ്ങള്‍ വിളംബരം ചെയ്ത് തന്നെ നടക്കണോ? കിട്ടിയത് പറയണ്ടേ? കിറ്റില്‍ വരെ പടംവച്ച് അടിച്ചല്ലേ കൊടുത്തത്. പിന്നെ ഇതെന്താ അറിയിക്കാന്‍ ഇത്ര ബുദ്ധിമുട്ട്? കിറ്റിനകത്തെ പൊരുള്‍ ആരുടേതായിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ.
ജനങ്ങളിലേക്ക് നിങ്ങള്‍ അസത്യം എത്തിച്ചോളൂ. പക്ഷേ സത്യം മൂടിവയ്ക്കരുത്. പ്രതിഷേധമുണ്ട്. എന്നാല്‍ അതുകൊണ്ട് സ്‌നേഹക്കുറവെന്നും ഇല്ല. കാരണം ജനങ്ങള്‍ക്ക് ഉപകരിക്കുന്ന കാര്യമാണ് ചെയ്തത്. അതിന് സ്‌നേഹവുമുണ്ട്. പക്ഷേ സിനിമയില്‍ പറഞ്ഞതുപോലെ തന്നെ സ്മരണ വേണം, സ്മരണ’, സുരേഷ് ഗോപി പറഞ്ഞു.