തമിഴ്‌നാട് നെയ്‌വേലിയിലെ താപവൈദ്യുത നിലയത്തില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ അഞ്ച് തൊഴിലാളികള്‍ മരിച്ചു. 14 പേര്‍ക്ക് പരിക്കേറ്റു. പൊട്ടിത്തെറിക്ക് ശേഷം ആളിപ്പടര്‍ന്ന തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെന്നാണ് വിവരം.
കടലൂര് ജില്ലയിലുള്ള നെയ്‌വേലി താപവൈദ്യുത നിലയത്തില്‍ ഇന്ന് രാവിലെ ഒന്‍പത് മണിക്കാണ് വന്‍ പൊട്ടിത്തെറിയുണ്ടായത്. രണ്ടാമത്തെ സൈറ്റിലെ അഞ്ചാമത്തെ പ്ലാന്റിലുള്ള ബോയിലര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. 87 മീറ്റര്‍ ഉയരമുള്ള ബോയിലറിന്റെ 34 മീറ്റര്‍ ഉയരത്തില്‍ തൊഴിലാളികള്‍ ഉണ്ടായിരുന്നു. രണ്ട് തൊഴിലാളികള്‍ സംഭവ സ്ഥലത്തവച്ചും മൂന്ന് പേര്‍ ആശുപത്രിയിലും മരിച്ചു.
മരിച്ചവരെല്ലാം കരാര്‍ തൊഴിലാളികളാണ്. 14 പേര്‍ പരുക്കുകളോടെ ലിഗ്‌നേറ്റ് കോര്‍പറേഷന് അകത്തു തന്നെയുള്ള ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ 10 പേര്‍ക്ക് 60 ശതമാനത്തിന് മുകളില്‍ പൊള്ളലേറ്റിട്ടുണ്ട്.
പൊട്ടിത്തെറിക്ക് കാരണം എന്താണെന്ന് വ്യക്തമല്ല. ഏപ്രില്‍ ഇതേ സൈറ്റിലെ ആറാമത്തെ പ്ലാന്റിലും പൊട്ടിത്തെറിയുണ്ടായി. അന്ന് അഞ്ച് പേരാണ് മരിച്ചത്. കഴിഞ്ഞ വര്‍ഷങ്ങളിലും നെയ്‌വേലിയിലെ താപ വൈദ്യുത നിലയത്തില്‍ നിരന്തരം അപകടമുണ്ടായിട്ടുണ്ട്. അറ്റകുറ്റപ്പണികള്‍ കൃത്യമായി നടക്കാത്തതും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതുമാണ് അപകടം ആവര്‍ത്തിക്കുന്നതിന് കാരണമെന്ന് ആക്ഷേപം ഉയരുന്നു.