ചെന്നൈ:മണിരത്നം നിർമിച്ച് തിരക്കഥയെഴുതി സംവിധാനം ചെയ്ത് 1998-ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ദിൽ സേ. ഷാരൂഖ് ഖാൻ, മനീഷ കൊയ്രാള, പ്രീതി സിന്റ എന്നിവർ മുഖ്യവേഷങ്ങളിലഭിനയിച്ച ചിത്രം റിലീസ് ചെയ്ത് 25 വർഷമായിരിക്കുകയാണ്. എ.ആർ. റഹ്മാൻ ഈണമിട്ട ചിത്രത്തിലെ ഗാനങ്ങൾ ഇപ്പോഴും ആസ്വാദകർ ഏറ്റുപാടുന്നു. ഇപ്പോഴിതാ ചിത്രത്തേക്കുറിച്ച് ഒരു വിവരം പുറത്തുവിട്ടിരിക്കുകയാണ് മണിരത്നം.
ദിൽ സേ എന്ന ചിത്രം താൻ ഇതുവരെ മുഴുവനായും കണ്ടിട്ടില്ലെന്നാണ് മണിരത്നം ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. അവിടെയും ഇവിടെയുമുള്ള ചില രംഗങ്ങൾ മാത്രമാണ് കണ്ടത്. അതും ശബ്ദമില്ലാതെ. ഇത് പക്ഷേ ദിൽ സേ എന്ന ചിത്രത്തിന്റെ കാര്യം മാത്രമല്ല. തന്റെ മറ്റുള്ള ചിത്രങ്ങളും താൻ കണ്ടത് ഇങ്ങനെയാണെന്നും അതുകൊണ്ടുതന്നെ ഈ ചിത്രം ഇത്രയും കാലം എങ്ങനെ നിലനിന്നുവെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അസമിലെ കലാപത്തിന്റെ പശ്ചാത്തലത്തിലാണ് ദിൽ സേ ഒരുക്കിയത്. ഷാരൂഖ് ഖാൻ ആകാശവാണി ജീവനക്കാരനായും മനീഷ കൊയ്രാള വടക്ക്-കിഴക്കൻ തീവ്രവാദി സ്ലീപ്പർ സെല്ലിലെ അംഗമായ മൊയ്നയായും വേഷമിട്ടു. മിത വസിഷ്ത്, അരുന്ധതി റാവു, രഘുബീർ യാദവ്, സൊഹ്റ സെഹ്ഗാൾ, സഞ്ജയ് മിശ്ര എന്നിവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ചിത്രത്തിനായി സുജാത തമിഴ് സംഭാഷണങ്ങളും തിഗ്മാൻഷു ധുലിയ ഹിന്ദി സംഭാഷണങ്ങളും രചിച്ചു. ഭരത് സിംഗ്, രാം ഗോപാൽ വർമ, ശേഖർ കപൂർ എന്നിവരും നിർമാണപങ്കാളികളായുണ്ടായിരുന്നു.
രണ്ടുഭാഗങ്ങളായി പുറത്തിറങ്ങിയ പൊന്നിയിൻ സെൽവനാണ് മണിരത്നത്തിന്റെ സംവിധാനത്തിൽ ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രങ്ങൾ. തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങൾ സ്വന്തമാക്കിയ പൊന്നിയിൻ സെൽവൻ ഭാഗങ്ങൾക്കുശേഷം കമൽ ഹാസനെ നായകനാക്കിയുള്ള ചിത്രത്തിന്റെ തിരക്കിലാണ് മണിരത്നം.