കൊച്ചി:രജനികാന്തിന് എക്കാലവും കേരളത്തില്‍ വലിയ ആരാധകവൃന്ദം ഉണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ ഇവിടെ വലിയ വാണിജ്യ വിജയം നേടാറുമുണ്ട്. എന്നാല്‍ ജയിലര്‍ പോലെ ഒരു വിജയം മുന്‍പൊരു രജനി ചിത്രത്തിനും കേരളത്തില്‍ ഉണ്ടായിട്ടില്ല.
മോഹന്‍ലാലിന്‍റെ അതിഥിവേഷവും വിനായകന്‍റെ പ്രതിനായക വേഷവും ചിത്രത്തോട് മലയാളി സിനിമാപ്രേമിക്ക് അടുപ്പക്കൂടുതല്‍ ഉണ്ടാക്കിയ ഘടകങ്ങളാണ്. ഇപ്പോഴിതാ ജയിലറിന്‍റെ വന്‍ വിജയത്തിന് പിന്നാലെ മലയാളികള്‍ക്ക് അടുപ്പക്കൂടുതലുള്ള മറ്റൊരു രജനി ചിത്രം റീ റിലീസിന് ഒരുങ്ങുകയാണ്. മണി രത്നത്തിന്‍റെ സംവിധാനത്തില്‍ രജനികാന്തും മമ്മൂട്ടിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ദളപതിയാണ് കേരളത്തില്‍ റീ റിലീസിന് ഒരുങ്ങുന്നത്.
മഹാഭാരതത്തിലെ കര്‍ണന്‍- ദുരോധനന്‍ ബന്ധത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ചിത്രത്തിന് തിരക്കഥ ഒരുക്കിയതും മണി രത്നം ആയിരുന്നു. 1991 ലെ ദീപാവലി റിലീസ് ആയി നവംബര്‍ 5 നാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്. രജനികാന്ത് സൂര്യയും മമ്മൂട്ടി ദേവരാജുമായി എത്തിയ ചിത്രത്തില്‍ ഇരുവരുടെയും കെമിസ്ട്രി പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
അരവിന്ദ് സ്വാമി, അമരീഷ് പുരി, ശ്രീവിദ്യ, ഭാനുപ്രിയ, ശോഭന, ഗീത, നാഗേഷ് തുടങ്ങി വലിയൊരു താരനിരയും അണിനിരന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം സന്തോഷ് ശിവന്‍ ആയിരുന്നു. ഇളയരാജ ആയിരുന്നു ചിത്രത്തിന്‍റെ സംഗീത സംവിധാനം.
ജി വി ഫിലിംസിന്‍റെ ബാനറില്‍ ജി വെങ്കടേശ്വരന്‍ നിര്‍മ്മിച്ച ചിത്രത്തിന്‍റെ ബജറ്റ് 3 കോടി ആയിരുന്നു. റിലീസ് സമയത്ത് അന്നേവരെയുള്ള തെന്നിന്ത്യന്‍ ചിത്രങ്ങളില്‍ ഏറ്റവുമധികം ബജറ്റ് ഉള്ള ചിത്രമായിരുന്നു ദളപതി. പ്രേക്ഷക സ്വീകാര്യതയും നിരൂപകപ്രശംസയും ഒരുപോലെ നേടിയ ചിത്രമായും മാറി ഇത്.
4കെ സാങ്കേതികതയിലേക്ക് റീമാസ്റ്റര്‍ ചെയ്ത് ഡോള്‍ബി അറ്റ്മോസ് ശബ്ദമികവോടെയാണ് ചിത്രം കേരളത്തില്‍ റീ റിലീസ് ചെയ്യപ്പെടുന്നത്. എസ് എം കെ റിലീസ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നത്. മനോഹരമായ മലയാളം പോസ്റ്ററുകളും അവര്‍ ഇറക്കിയിട്ടുണ്ട്. റിലീസ് തീയതി വൈകാതെ പ്രഖ്യാപിക്കും.
ഓഗസ്റ്റ് 10ന് റിലീസ് ചെയ്ത ചിത്രമാണ് ‘ജയിലർ’. നെൽസൺ ദിലീപ് കുമാറിന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത ചിത്രത്തിൽ രജനികാന്ത് നായകനായി എത്തിയപ്പോൾ, മലയാളത്തിന്റെ മോഹൻലാലും ശിവരാജ് കുമാറും കാമിയോ റോളിൽ എത്തി തിളങ്ങിയിരുന്നു.
തിങ്കളാഴ്ചയും മികച്ച കളക്ഷനാണ് ജയിലർ സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. ട്രേഡ് അനലിസ്റ്റ് ആയ മനോബാലയുടെ ട്വീറ്റ് പ്രകാരം, 15 കോടിയാണ് തിങ്കളാഴ്ച മാത്രം ചിത്രം നേടിയത്. ഇതോടെ 122 കോടിയാണ് തമിഴ്നാട്ടിൽ നിന്നും ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. അഞ്ച് ദിവസത്തിൽ 351.92കോടിയാണ് ലോകമെമ്പാടുമായി ചിത്രം കളക്ട് ചെയ്തത്. കേരളത്തിൽ ഇത് 28 കോടിയാണ്. ഇന്ന് 30 കോടി കടക്കും എന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. വേൾഡ് വൈഡ് ബോക്സ് ഓഫീസിൽ നിന്നും അഞ്ച് ദിവസത്തിൽ 321 കോടിയാണ് പൊന്നിയൻ സെൽവൻ 2 നേടിയത്. ഈ റെക്കോർഡിപ്പോൾ ജയിലർ ഭേദിച്ചിരിക്കുകയാണ്.
രമ്യകൃഷ്ണന്‍, തമന്ന, തെലുങ്ക് താരം സുനില്‍ എന്നിവരും ചിത്രത്തിലുണ്ട്. സണ്‍ പിക്ചേര്‍സിന്‍റെ ബാനറില്‍ കലാനിധി മാരാനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അനിരുദ്ധാണ് സംഗീതം. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന റിട്ടയേര്‍ഡ് പൊലീസ് ഓഫീസറായാണ് ജയിലറില്‍ രജനികാന്ത് എത്തിയത്. ചിത്രത്തിലെ പാട്ടുകളും ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നു.