തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷക്കുറവ് അതിരൂക്ഷം. മുൻ വർഷങ്ങളിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചിരുന്ന ഓഗസ്റ്റിൽ ഇക്കുറി രേഖപ്പെടുത്തിയത് വൻ മഴക്കുറവ്. പെയ്യേണ്ട മഴയിൽ 90 ശതമാനം മഴയും കുറഞ്ഞു. ഓഗസ്റ്റിയിൽ 254.6 മില്ലി മീറ്ററ്‍ മഴ കിട്ടേണ്ട സ്ഥാനത്ത് ഈ വർഷം ലഭിച്ചത് വെറും 25.1 ശതമാനം മാത്രം. 90 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.
മുൻ വർഷം 326.6 മില്ലി മീറ്റർ മഴ ഓഗസ്റ്റിൽ ലഭിച്ചു. എല്ലാ ജില്ലകളിലും മഴ കുറഞ്ഞു. ഇടുക്കി, വയനാട്, കോഴിക്കോട് ജില്ലകളിലടക്കം രൂക്ഷമായ മഴക്കുറവുണ്ടായി. കാലവർഷം സജീവമാകുന്ന ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള കണക്കെടുക്കുമ്പോൾ സംസ്ഥാനത്താകെ 44 ശതമാനം മഴയുടെ കുറവാണ് രേഖഖപ്പെടുത്തിയത്.
ഏറ്റവും കുറഞ്ഞ മഴ ലഭിച്ചത് ഇടുക്കിയിൽ. സാധാരണയിൽ ലഭിക്കേണ്ട മഴയിൽ 60 ശതമാനം കുറവാണ് ഇടുക്കിയിൽ പെയ്തത്. വയനാട്ടിൽ 55 ശതമാനവും കോഴിക്കോട് 53 ശതമാനവും മഴ കുറവ് രേഖപ്പെടുത്തി. അതേസമയം, സംസ്ഥാനത്തെ ജലസംഭരണികളിലും ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു. കെഎസ്ഇബിയുടെ ഉടമസ്ഥതയിലുള്ള ജലസംഭരണികളിൽ 37 ശതമാനം മാത്രം വെള്ളമാണുള്ളത്.
ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയിൽ 32 ശതമാനം മാത്രം വെള്ളമാണുള്ളത്. ഓഗസ്റ്റ് മാസത്തിൽ 70 ശതമാനമായിരുന്നു മുൻ വർഷങ്ങളിൽ ജനനിരപ്പ്. മഴക്കാലത്ത് അധിക വൈദ്യുതി ഉൽപാദിപ്പിച്ച് അയൽസംസ്ഥാനങ്ങൾക്ക് വിറ്റിരുന്ന അവസ്ഥയിൽ നിന്നാണ് ഈ സാഹചര്യത്തിലെത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 54 അടി വെള്ളം കുറവാണ് ഇത്തവണ. മഴ പെയ്ത് ജലനിരപ്പ് ഉയർന്നില്ലെങ്കിൽ വൈദ്യുതി ഉൽപ്പാദനം കടുത്ത പ്രതിസന്ധി നേരിടും.
കഴിഞ്ഞ വർഷം ഇതേ ദിവസം 2386.36 അടിയായിരുന്നു ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. സംഭരണ ശേഷിയുടെ 81 ശതമാനം വെള്ളമുണ്ടായിരുന്നു. എന്നാൽ ഇപ്പോഴുള്ളത് 31 ശതമാനം വെള്ളം മാത്രമാണ്. അതായത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 51 ശതമാനം വെള്ളം കുറവാണ്.
31 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളമാണ് വൈദ്യുതി ഉൽപ്പാദനത്തിന് അവശേഷിക്കുന്നത്. മഴയുടെ അളവിൽ 59 ശതമാനം കുറവുണ്ടായതാണ് ജലനിരപ്പ് കുറയാൻ കാരണം. ജലനിരപ്പ് 2280 അടിയിലെത്തിയാൽ മൂലമറ്റത്ത് വൈദ്യുതി ഉൽപ്പാദനം നിർത്തേണ്ടി വരും. ഇത് സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് കാരണമാകും.