27.8 C
Kottayam
Sunday, May 26, 2024

ചെറിയ പിഴവ്‌; തെറ്റായ കമാൻഡിലൂടെ നാസയ്ക്ക് നഷ്ടമായത് വോയേജർ 2 പേടകവുമായുള്ള ബന്ധം

Must read

വാഷിംഗ്ടണ്‍:അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ് വോയേജർ 2 (Voyager 2) എന്ന ബഹിരാകാശ പേടകം. നാസയുടെ (NASA) അഭിമാനമായ വോയേജർ 2 പേടകവുമായുള്ള ബന്ധം ഏജൻസിക്ക് നഷ്ടമായി. തെറ്റായ കമാൻഡ് ആണ് ഈ പേടകവുമായുള്ള ബന്ധം നഷ്ടപ്പെടാനുള്ള കാരണം. ബഹിരാകാശത്തേക്ക് അയച്ചതിൽ വച്ച് ഏറ്റവും ദൂരെയുള്ള മനുഷ്യനിർമിത വസ്തുവാണ് വോയേജർ 2. ഇത് നിലവിൽ ഭൂമിയിൽ നിന്ന് 12.3 ബില്യൺ മൈൽ അഥവാ 19.9 ബില്യൺ കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്.

വോയേജർ 2ലെ ആന്റിനയെ ഭൂമിയിൽ നിന്ന് അകറ്റാൻ കാരണമായത് തെറ്റായ കമാൻഡാണെന്നാണ് നാസ തന്നെ സമ്മതിരിച്ചിരിക്കുന്നത്. ജൂലൈ 21നാണ് ശാസ്ത്രജ്ഞർക്ക് ബഹിരാകാശ പേടകവുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി (ജെപിഎൽ) പ്രസ്താവനയിൽ അറിയിച്ചത്. ബഹിരാകാശ പേടകത്തിന്റെ ആന്റിന വെറും 2 ശതമാനം മാത്രമേ മാറിയിട്ടുള്ള എങ്കിലും ഭൂമിയിൽ നിന്നുള്ള ബന്ധം ഇല്ലാതാക്കാൻ ഈ മാറ്റം മതിയായിരുന്നു. വോയേജർ 2 പേടകവുമായുള്ള ബന്ധം തിരിച്ചെടുക്കാനുള്ള ശ്രമങ്ങളിലാണ് ഇപ്പോൾ നാസ.

കമാൻഡ് കാരണം ഉണ്ടായ വോയേജർ 2 ആന്റീനയിലെ മാറ്റം ഈ ആന്റീനകളും നാസയുടെ ഡീപ് സ്പേസ് നെറ്റ്‌വർക്കിന്റെ ഗ്രൗണ്ട് ആന്റിനകളും തമ്മിലുള്ള ആശയവിനിമയം ഇല്ലാതാക്കി. ബഹിരാകാശ പേടകം അയയ്‌ക്കുന്ന ഡാറ്റ ഇനി ഡിഎസ്എന്നിൽ എത്തില്ല. ബഹിരാകാശ പേടകത്തിന് ഗ്രൗണ്ട് കൺട്രോളറുകളിൽ നിന്ന് കമാൻഡുകൾ നൽകാനും സാധിക്കുന്നില്ല എന്നും നാസ അധികൃതർ വ്യക്തമാക്കി. നാസ ഡിഎസ്എൻ വിഭാഗത്തിന്റെ ഭാഗമായ കാൻബെറ ആന്റിന സിഗ്നൽ ലഭിക്കുമെന്ന പ്രതീക്ഷയിൽ വോയേജർ 2ലേക്ക് ശരിയായ സിഗ്നൽ അയക്കുന്നുണ്ട്.

നിലവിൽ ശ്രമിക്കുന്ന രീതി വിജയിച്ചില്ലെങ്കിൽ നാസയ്ക്ക് ഒക്ടോബർ വരെ കാത്തിരിക്കേണ്ടി വരും. കാരണം ഒക്ടോബർ മാസത്തിൽ ഈ ആന്റീന സംവിധാനം റീസെറ്റ് ചെയ്യപ്പെടും. ഏതെങ്കിലും കാരണവശാൽ ആന്റീനയിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടായാൽ അത് ശരിയാകാനായി ആന്റീന സംവിധാനം ഓരോ വർഷവും ഒന്നിലധികം തവണ റീസെറ്റ് ചെയ്യാനുള്ള സംവിധാനം വോയേജർ 2ൽ ഉണ്ട്. ഈ സംവിധാനം ഇനി റീസെറ്റ് ചെയ്യുന്നത് ഒക്ടോബർ 15നാണ്. ഇത്തരത്തിൽ റീ സെറ്റ് ചെയ്യപ്പെട്ടാൽ വീണ്ടും വോയേജർ 2മായി ബന്ധപ്പെടാൻ സാധിക്കും.

ഒക്ടോബർ 15 വരെ ഭൂമിയിൽ നിന്ന് വോയേജർ 2 പേടകത്തിലേക്കോ തിരിച്ചോ ഡാറ്റ വരുകയോ പോവുകയോ ചെയ്യാത്ത കാലയളവാണ്. ഈ കാലയളവിൽ പദ്ധതിയിട്ടിരിക്കുന്ന രീതിയിൽ തന്നെ വോയേജർ 2 തുടരുമെന്നാണ് നാസ പ്രതീക്ഷിക്കുന്നത്. ഇത്തരത്തിൽ തുടർന്നാൽ ബന്ധം പുനസ്ഥാപിക്കാൻ എളുപ്പമായിരിക്കും. നാസയുടെ ബഹിരാകാശ പഠനങ്ങളിൽ സുപ്രധാനമായ സ്ഥാനമുള്ള പേടകമാണ് വോയേജർ 2. അതുകൊണ്ട് തന്നെ വോയേജർ 2 തങ്ങളുടെ നിയന്ത്രണത്തിലെത്തിക്കാൻ നാസ പരിശ്രമിക്കുന്നുണ്ട്.

വോയേജർ 1 എന്ന പേടകത്തിന്റെ പിൻഗാമിയും നക്ഷത്രാന്തര ബഹിരാകാശത്തേക്ക് പ്രവേശിക്കുന്ന രണ്ടാമത്തെ ബഹിരാകാശ പേടകവുമാണ് വോയേജർ 2. സൗരയൂഥത്തെ കുറിച്ച് പഠിക്കുന്നതിനായി 1977ൽ ഫ്ലോറിഡയിൽ നിന്ന് വിക്ഷേപിച്ച വോയേജർ 2 2018 ഡിസംബർ 10ന് അതിന്റെ വോയേജർ 1മായി ചേർന്നു. വോയേജർ 1, 2 എന്നിവ ഡിസൈൻ ചെയ്തിരിക്കുന്നത് സൗരയൂഥത്തെ അടുത്ത് നിന്ന് പഠിക്കുന്നതിനായിട്ടാണ്. വോയേജർ 2 വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യൂൺ എന്നിവയെക്കുറിച്ച് പഠനങ്ങൾ നടത്താൻ ഏറെ സഹായകമായിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week