തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര കോട്ടയം പുതുപ്പള്ളി ലക്ഷ്യമാക്കി യാത്ര തുടരുന്നു. തിരുവനന്തപുരം പിന്നിട്ട് വിലാപയാത്ര ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് കൊല്ലം ജില്ലയില്‍ പ്രവേശിച്ചത്. വൈകുന്നേരം ആറരയോടെ വാളകം പിന്നിട്ടു. നേരത്തെ തീരുമാനിച്ചിരുന്നതിലും ഏറെ വൈകിയാണ് വിലാപയാത്ര കടന്നുപോകുന്നത്.
വലിയ ജനക്കൂട്ടം തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ അവസാനമായി കാണാന്‍ കൂട്ടമായി എത്തിയതോടെ വളരെ പതുക്കെയാണ് മൃതദേഹവും വഹിച്ചുള്ള വിലാപയാത്രയ്ക്ക് കടന്നുപോകാന്‍ കഴിയുന്നത്. തിരുവനന്തപുരം ജില്ല കടക്കാന്‍ എട്ടുമണിക്കൂറിലേറെയാണ് എടുത്തത്. മകന്‍ ചാണ്ടി ഉമ്മനടക്കം കുടുംബവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും പ്രത്യേകം തയ്യാറാക്കിയ വാഹനത്തില്‍ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. അണമുറിയാത്ത ജനപ്രവാഹമാണ് വാഹനം കടന്നുപോകുന്ന വഴികളിലേക്ക് ഒഴുകുന്നത്.
ബുധനാഴ്ച വൈകീട്ട് കോട്ടയം ഡി.സി.സി. ഓഫീസില്‍ പൊതുദര്‍ശനത്തിന് വെക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഡി.സി.സി. ഓഫീസില്‍ നിന്ന് തിരുനക്കര മൈതാനത്ത് മൃതദേഹം എത്തിക്കാനും ഇവിടെ വിപുലമായ പൊതുദര്‍ശനത്തിനു വെക്കാനും തീരുമാനിച്ചിരുന്നു.
തുടര്‍ന്ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ വീട്ടിലും പുതുതായ പണികഴിപ്പിക്കുന്ന വീട്ടുവളപ്പിലും പൊതുദര്‍ശനമുണ്ടാകുമെന്നും നിശ്ചയിച്ചിരുന്നു. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ ഈ സമയക്രമം പാലിക്കാന്‍ സാധിക്കില്ലെന്നാണ് സൂചന.
പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലെ പ്രത്യേക കബറിടത്തില്‍ വ്യാഴാഴ്ച 3.30-ന് ആണ് സംസ്‌കാരം. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ സംസ്‌കാര ചങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പുതുപ്പള്ളിയിലേക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയെത്തുമെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അറിയിച്ചു.
വിലാപയാത്ര കടന്നുപോകുന്ന എം.സി. റോഡില്‍ ഗതാഗതനിയന്ത്രണമുണ്ട്. കോട്ടയം ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഗതാഗതനിയന്ത്രണമുണ്ട്. തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിനായുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരികയാണ്. സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ സംസ്‌കാരത്തിനുള്ള തയ്യാറെടുപ്പുകളും നടന്നുവരുന്നുണ്ട്. രാഹുല്‍ഗാന്ധി വരുന്നത് പരിഗണിച്ച് കൂടുതല്‍ സുരക്ഷയൊരുക്കാനും സാധ്യതയുണ്ട്.
അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര തിരുവനന്തപുരം ജില്ല കടക്കാന്‍ എടുത്തത് എട്ടുമണിക്കൂര്‍. ജഗതി മുതല്‍ തട്ടത്തുമലവരെയുള്ള 41 കിലോമീറ്റര്‍ പിന്നിടാനാണ് എട്ടുമണിക്കൂര്‍ എടുത്തത്. നിലവില്‍ കൊല്ലം ജില്ലയിലെ നിലമേലില്‍ വിലാപയാത്രയെത്തി.