കൊച്ചി:മലയാള സിനിമയിൽ എൺപതുകളിൽ തിളങ്ങി നിന്ന നടനാണ് രതീഷ്. ജയന്റെ മരണത്തിന് ശേഷം ഇദ്ദേഹത്തിന്റെ പകരക്കാരനാണ് സിനിമാ ലോകം കണ്ടത് രതീഷിനെയാണ്. ജയനെ വെച്ച് ചെയ്യാനിരുന്ന സിനിമകൾ രതീഷിലേക്കെത്തി. സൂപ്പർസ്റ്റാറായി രതീഷ് വളരുമെന്ന് ഏവരും കരുതി. പക്ഷെ സംഭവിച്ചത് മറിച്ചാണ്. താരത്തിളക്കം അവസാനിച്ച് രതീഷിന്റെ കരിയർഗ്രാഫ് ഇടിഞ്ഞു. നടനെത്തേടി അവസരങ്ങൾ വരാതായി. രതീഷിന്റെ പരാജയത്തിന് കാരണം ഇദ്ദേഹത്തിന്റെ സമീപനമാണെന്ന് സിനിമാരംഗത്ത് സംസാരമുണ്ട്. പ്രൊഫഷണലായ സമീപനം രതീഷിനില്ലാത്തത് വിനയായെന്നാണ് അഭിപ്രായം. നിരവധി ഫിലിം മേക്കേർസ് ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ നടൻമാരെക്കാളും ഒരുപടി മുകളിലായിരുന്നു അന്ന് രതീഷിന്റെ സ്ഥാനം. എന്നാൽ പിൽക്കാലത്ത് ചെറിയ വേഷങ്ങളിലേക്ക് രതീഷിന് ഒതുങ്ങേണ്ടി വന്നു. 1990 ഓടെ സിനിമാരംഗത്ത് നിന്നും വിട്ട് നിന്ന രതീഷ് പിന്നീട് കമ്മീഷണർ എന്ന സിനിമയിലൂടെയാണ് വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തിയത്. രതീഷീനെക്കുറിച്ച് ഇദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച സംവിധായകൻ കല്യാൺ കൃഷ്ണദാസ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
രതീഷിന്റെ സ്വഭാവരീതിയാണ് കരിയറിനെ ബാധിച്ചതെന്ന് ഇദ്ദേഹം പറയുന്നു. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു സംവിധായകൻ.
വർക്കിലൊക്കെ അഗ്രഗണ്യൻ ആണെങ്കിലും കുറച്ചൊക്കെ സ്വഭാവത്തിലും മാറ്റം വരുത്തണമായിരുന്നു. പുള്ളിയുടെ വഴി മാറി നാശത്തിലേക്ക് പോയി. കുറേപ്പേരെ അന്ധമായി വിശ്വസിച്ചതിന്റെ ചതിയും പറ്റിയിട്ടുണ്ട്. മോഹൻലാലും മമ്മൂട്ടിയും എത്ര വലിയ ഹീറോകൾ ആയപ്പോഴും അവരുടെ സ്വഭാവത്തിന് വഴി തെറ്റൽ ഉണ്ടായിട്ടില്ല.
ആരെയും വെറുപ്പിച്ചിട്ടില്ല. പ്രൊഡ്യൂസറുമായും സംവിധായകരുമായും ചെറിയ പ്രശ്നങ്ങൾ ഉണ്ടായിരിക്കാം. പക്ഷെ അവരുടെ ഭാവിയെ ബാധിക്കുന്ന ഒന്നും ചെയ്തിട്ടില്ല. അത് കൊണ്ട് ആ ഇമേജ് നിലനിന്ന് പോകുന്നു. അവരുടെ ഭാവി വലുതായി. സമ്പത്ത് വലുതായി. രതീഷിന് അഹങ്കാരം തലയ്ക്ക് പിടിച്ചിരുന്നോ എന്ന് സംശയമുണ്ട്. ഒരാൾ ഇങ്ങനെയാണെന്ന് പറഞ്ഞാൽ അത് സിനിമാരംഗത്ത് പെട്ടെന്ന് പ്രചരിക്കും. ഞാൻ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചിട്ടും പുള്ളി കേട്ടില്ല. താൻ അമിതാഭ് ബച്ചനാകുമെന്ന അഹംഭാവമായിരുന്നെന്നും സംവിധായകൻ ഓർത്തു.
2002 ഡിസംബർ 23 നാണ് രതീഷ് മരിച്ചത്. നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. രതീഷിനെക്കുറിച്ച് അടുത്തിടെ നടനും എംഎൽഎയുമായ മുകേഷ് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു. ജയന് പകരക്കാരനായി ഐവി ശശി കണ്ടെത്തിയ നടനാണ് രതീഷെന്ന് മുകേഷ് ചൂണ്ടിക്കാട്ടി. ഐവി ശശിയുടെ നേതൃത്വത്തിൽ രതീഷിനെ ആക്ഷൻ പഠിപ്പിക്കുന്നു എന്നൊക്കെ കേട്ടിട്ടുണ്ട്. അത്രയും സുന്ദരനും സുമുഖനുമായ ഒരു ഹീറോ മലയാളത്തിൽ അന്നില്ലായിരുന്നു എന്നും മുകേഷ് ഓർത്തു.
രതീഷിന്റെ വിയോഗം ഭാര്യ ഡയാനയെയും നാല് മക്കളെയും ഏറെ ബാധിച്ചു. കുടുംബത്തിന് താങ്ങായി നിന്നത് രതീഷിന്റെ അടുത്ത സുഹൃത്തായിരുന്ന സുരേഷ് ഗോപിയാണ്. രതീഷിന്റെ മക്കളുടെ വിവാഹങ്ങൾ മുന്നിൽ നിന്ന് നടത്താൻ സുരേഷ് ഗോപിയുണ്ടായിരുന്നു. രതീഷുമായുള്ള ആത്മബന്ധത്തെക്കുറിച്ച് മുമ്പൊരിക്കൽ സുരേഷ് ഗോപി സംസാരിച്ചിട്ടുണ്ട്.
എന്നെ മോനെ എന്നല്ലാതെ രതീഷ് ചേട്ടൻ വിളിച്ചിട്ടില്ല. ആദ്യമായി ഒരു ലക്ഷ്വറി കാറിൽ സഞ്ചരിക്കുന്നത് അദ്ദേഹത്തിന്റെ കാറിലാണെന്നും സുരേഷ് ഗോപി ഓർത്തു. വിട പറഞ്ഞിട്ട് വർഷങ്ങളായെങ്കിലും രതീഷ് ഇപ്പോഴും പ്രേക്ഷക മനസ്സിൽ നിലനിൽക്കുന്നു. രതീഷിന്റെ ഭാര്യ ഡയാന കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് കാൻസർ ബാധിച്ച് മരിച്ചത്. മക്കളിൽ പത്മരാജൻ, പാർവതി എന്നിവർ സിനിമകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.