‘അതൊന്നും മഞ്ജുവിനെ ബാധിക്കുന്നേയില്ല, അവർ ജീവിതം ആസ്വദിക്കുകയാണ്’; വൈറലായി ചിത്രങ്ങൾ
കൊച്ചി:മലയാളികൾക്ക് മഞ്ജു വാര്യർ എന്നും പ്രചോദനം നൽകുന്ന വനിതയാണ്. സിനിമാതാരം എന്നതിനപ്പുറം മഞ്ജുവിനോട് പ്രത്യേക മമത പ്രേക്ഷകർക്കുണ്ട്. മഞ്ജുവിനെ പോലെ പ്രേക്ഷക പ്രീതി നേടിയ നടിമാർ മലയാളത്തിൽ അപൂർവമാണ്. ജീവിതത്തിൽ പതർച്ചകൾ ഉണ്ടായപ്പോൾ മഞ്ജുവിനെ ചേർത്ത് നിർത്താൻ ആരാധകരുണ്ടായിരുന്നു. നീണ്ട പതിനഞ്ച് വർഷം സിനിമാ രംഗത്ത് നിന്നും മാറി നിന്നപ്പോഴും മഞ്ജുവിന് നൽകിയ സ്ഥാനം മറ്റാെരു നടിക്ക് നൽകാൻ ആരാധകർ തയ്യാറായില്ല. ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലൂടെ മഞ്ജു തിരിച്ചെത്തിയപ്പോൾ മലയാള സിനിമാ ലോകത്ത് ആഘോഷമായി.
നഷ്ടപ്പെട്ട് പോയ കരിയറിലെ വർഷങ്ങളെക്കുറിച്ച് പരിതപിക്കാതെ സിനിമയും നൃത്തവും യാത്രകളുമൊക്കെയായി താരം ഇന്ന് ജീവിതം ആസ്വദിക്കുന്നു. സോഷ്യൽ മീഡിയയിൽ മഞ്ജു പങ്കുവെച്ച പുതിയ ഫോട്ടോകളാണ് ആരാധക ശ്രദ്ധ നേടുന്നത്. യാത്രക്കിടെ എടുത്ത ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് വൈറലായി. നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി എത്തിയത്.
ഈ പുഞ്ചിരി എന്നും നിലനിൽക്കട്ടെ, നിങ്ങൾ എന്നും മാതൃകയാണ് തുടങ്ങി നിരവധി കമന്റുകൾ വന്നു. കഴിഞ്ഞതെല്ലാം മറന്ന മഞ്ജു ഇന്ന് ജീവിതം മുമ്പത്തേക്കാളും ആസ്വദിക്കുകയാണെന്നും ആരാധകർ അഭിപ്രായപ്പെട്ടു. പഴയ മഞ്ജുവിൽ നിന്നും താരം ഇന്നൊരുപാട് മാറിയെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നുണ്ട്. എപ്പോഴും ചിരിച്ച മുഖത്തോടെ കാണുന്ന ഇപ്പോഴത്തെ മഞ്ജുവിനെയാണ് ആരാധകർക്ക് ഇഷ്ടം.
നിരാശ കലർന്ന മുഖവുമായാണ് മഞ്ജു വീണ്ടും സിനിമാ രംഗത്തേക്ക് വന്നത്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കുള്ളിൽ നടി ഒരുപാട് മാറി. സിനിമകളുടെ തിരക്കും നല്ല സൗഹൃദങ്ങളും യാത്രകളും പുതിയൊരു ലോകം മഞ്ജുവിന് മുന്നിൽ തീർത്തു. ഇതിനിടെ സിനിമകളുടെ പരാജയങ്ങൾ ചർച്ചയായെങ്കിലും ശുഭാപ്തി വിശ്വാസത്തോടെ നടി കരിയറിൽ മുന്നേറി.
തമിഴകത്തും മഞ്ജുവിന് ജനപ്രീതി ഏറുകയാണ്. ഒടുവിൽ പുറത്തിറങ്ങിയ തുനിവ് എന്ന തമിഴ് സിനിമ മികച്ച വിജയം നേടി. അണിയറയിൽ മഞ്ജുവിന്റെ നിരവധി സിനിമകൾ ഒരുങ്ങുന്നുണ്ട്. കരിയറിലും ജീവിതത്തിലും എല്ലാ ഘട്ടങ്ങളിലും ജനപിന്തുണ ഒരുപോലെ നിലനിൽക്കുന്നതാണ് മഞ്ജുവിനെ തുണയ്ക്കുന്നത്.
സ്വകാര്യ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ താരം സംസാരിക്കാറില്ല. വിവാഹമോചനം, പിന്നീടുണ്ടായ വിവാദങ്ങൾ തുടങ്ങിയവയെല്ലാം ചർച്ചയായപ്പോഴും മഞ്ജു വാര്യർ മൗനം പാലിച്ചു. മഞ്ജുവിന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് പലതരത്തിലുള്ള അഭ്യൂഹങ്ങളും ഇക്കാലയളവിനിടെ ഉയർന്നു. എന്നാൽ താരം ഇതൊന്നും ഗൗനിച്ചില്ല.
മകൾ മീനാക്ഷി അമ്മയെ പോലെ വലിയ കലാകാരി ആയേക്കുമെന്ന പ്രതീക്ഷ ആരാധകർക്കുണ്ട്. കഴിഞ്ഞ ദിവസം മീനാക്ഷി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച നൃത്തച്ചുവടുകൾ ഏവരെയും അത്ഭുതപ്പെടുത്തി. മീനാക്ഷി സിനിമാരംഗത്തേക്ക് വരുമോയെന്നറിയാൻ ആരാധകർക്ക് ആകാംക്ഷയുണ്ട്. അച്ഛൻ ദിലീപിനൊപ്പമാണ് മീനാക്ഷി കഴിയുന്നത്.
കഴിഞ്ഞ ദിവസും ദിലീപും മീനാക്ഷിയും കാവ്യയും കുടുംബസമേതമുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 2017 ൽ കാവ്യ മാധവനോടൊപ്പം പുതിയൊരു ജീവിതത്തിന് തുടക്കം കുറിച്ച ദിലീപും തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കാറില്ല. കാവ്യയാകട്ടെ സോഷ്യൽ മീഡിയിൽ നിന്ന് പോലും പൂർണമായും മാറി നിൽക്കുകയാണ്.
2016 ൽ പുറത്തിറങ്ങിയ പിന്നെയും എന്ന സിനിമയിലാണ് കാവ്യ അവസാനമായി അഭിനയിച്ചത്. ദിലീപ് നായകനായ സിനിമ സംവിധാനം ചെയ്തത് അടൂർ ഗോപാലകൃഷ്ണനാണ്. പൊതുവേദികളിൽ ദിലീപിനൊപ്പമെത്തുന്ന കാവ്യയുടെ ദൃശ്യങ്ങൾ ആരാധക ശ്രദ്ധ നേടാറുണ്ട്. കാവ്യ ഇനി സിനിമാ രംഗത്തേക്ക് മടങ്ങി വരുമോ എന്ന ചോദ്യവും ആരാധകർക്കുണ്ട്.