മുംബൈ:ജിയോയുടെ ഫീച്ചര്‍ ഫോണ്‍ ജിയോ ഭാരത് ഫോണ്‍ പുറത്തിറങ്ങുന്നു. ഇന്റർനെറ്റ് സൗകര്യമുള്ള ഏറ്റവും വിലകുറഞ്ഞ ഫീച്ചർ ഫോൺ പുറത്തിറക്കാനാണ് ജിയോ ഒരുങ്ങുന്നത്. 999 രൂപയ്ക്ക് ഫോൺ വിപണിയിൽ ലഭിക്കും.
ഇന്ത്യയിൽ നിലവിൽ 25 കോടി ഫീച്ചർ ഫോൺ ഉപയോക്താക്കളുണ്ടെന്നാണ് കണക്കുകൾ. അവർക്ക് ഇന്റർനെറ്റ് സൗകര്യമുള്ള ഫോണുകൾ പ്രാപ്തമാക്കാന്‍ ലക്ഷ്യമിട്ടാണ് ജിയോയുടെ ചുവടുവെയ്പ്. ഇന്റർനെറ്റ് സൗകര്യമുള്ള ഫോണുകളിൽ ഏറ്റവും കുറഞ്ഞ നിരക്കാണിതെന്ന് ജിയോ പറയുന്നു.
ജൂലൈ ഏഴ് മുതൽ ഇന്ത്യയിൽ ഉടനീളമുള്ള സ്റ്റോറുകളിൽ ഫോൺ ലഭ്യമാകും. ആദ്യ ഘട്ടത്തിൽ 10 ലക്ഷം ഫോണുകളാകും പുറത്തിറക്കുക. ഇതിന് പുറമെ പ്രത്യേക ഓഫറുകളും ജിയോ ഭാരത് ഫോണിൽ ജിയോ നൽകുന്നുണ്ട്. 14 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളുകളും 123 രൂപയ്ക്കാണ് ലഭ്യമാകുക. മറ്റു സേവനദാതാക്കളെ അപേക്ഷിച്ചു 30% കിഴിവിൽ മാസ വരിക്കാരാകാം, ഒപ്പം ഏഴു മടങ്ങ് അധിക ഡാറ്റ ലഭ്യമാകും. മറ്റ് ദാതാക്കൾ 179 രൂപയ്ക്കാണ് രണ്ട് ജിബി ഡാറ്റയും കോളുകളും നൽകി വരുന്നത്.
റിലയൻസ് റീട്ടെയിലിന് പുറമെ കാർബൺ ഉൾപ്പെടെയുള്ളവർ ജിയോ ഭാരത് ഫോൺ നിർമാണത്തിൽ പങ്കാളികളാകും. വോയിസ് കോളുകൾക്ക് മാത്രം മുൻപ് 99 രൂപയ്ക്ക് ലഭ്യമായിരുന്ന സേവനങ്ങൾ ഇപ്പോൾ 199 രൂപയ്ക്കാണ് ലഭ്യമാവുക.
ഓരോ ഇന്ത്യക്കാരനെയും ഡിജിറ്റൽ സേവനങ്ങളിൽ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജിയോ ഭാരത് ആരംഭിക്കുന്നതെന്ന് ജിയോ വ്യക്തമാക്കി.
‘തെരഞ്ഞെടുത്ത കുറച്ച് പേർക്ക് ഒരു പ്രത്യേക അവകാശമായി സാങ്കേതികവിദ്യ ഇനി നിലനിൽക്കില്ല. പുതിയ ജിയോ ഭാരത് ഫോൺ ആ ദിശയിലെ മറ്റൊരു ചുവടുവയ്പ്പാണ്’, റിലയൻസ് ജിയോയുടെ ചെയർമാൻ ആകാശ് അമ്പാനി പറഞ്ഞു. ‘ഇന്റർനെറ്റിന്റെ അടിസ്ഥാന സവിശേഷതകൾ ലഭ്യമാവാതെ, ഇന്ത്യയിൽ ഇപ്പോഴും 25 കോടി മൊബൈൽ ഫോൺ ഉപയോക്താക്കൾ 2ജി യുഗത്തിൽ കുടുങ്ങിക്കിടക്കുന്നു.
ലോകം 5ജി വിപ്ലവത്തിന്റെ കൊടുമുടിയിൽ നിൽക്കുമ്പോൾ, ആറ് വർഷം മുമ്പ് ജിയോ ആരംഭിച്ചപ്പോൾ ഇന്റർനെറ്റിനെ ജനാധിപത്യവൽക്കരിക്കാനും സാങ്കേതികവിദ്യയുടെ നേട്ടങ്ങൾ ഓരോ ഇന്ത്യക്കാരനും കൈമാറാനും ജിയോ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ഞങ്ങൾ വ്യക്തമാക്കിയിരുന്നു. ഇത് നവീകരണത്തിന്റെ സമയമാണ്. കൂടാതെ വ്യത്യസ്ത വിഭാഗങ്ങളിലെ ഉപയോക്താക്കൾക്ക് അർത്ഥവത്തായതും യഥാർത്ഥവുമായ മൂല്യം കൊണ്ടുവരുന്നതിൽ ഞങ്ങൾ ശ്രദ്ധ നൽകുന്നു.
ജിയോയിൽ, ഈ ഡിജിറ്റൽ വിഭജനം ഇല്ലാതാക്കാൻ ധീരമായ ചുവടുകൾ ഞങ്ങൾ കൈക്കൊള്ളുകയും തുടരുകയും ചെയ്യും. നമ്മുടെ മഹത്തായ രാഷ്ട്രം ഒരു ഡിജിറ്റൽ രാജ്യമായി മാറിക്കൊണ്ടിരിക്കുമ്പോൾ അതിന്റെ നേട്ടം ഓരോ വ്യക്തിക്കും ഉറപ്പാക്കാൻ ഞങ്ങൾ ശ്രമിച്ചുകൊണ്ടേയിരിക്കും’, ആകാശ് അംബാനി കൂട്ടിച്ചേർത്തു.