ന്യൂഡല്‍ഹി: കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡന്‍ എം.പിയുടെ സ്വകാര്യ ബില്ലില്‍ എതിര്‍പ്പ് ശക്തമായതോടെ ഇടപെട്ട് കോണ്‍ഗ്രസ് ദേശീയ നേതൃത്വം. സ്വകാര്യ ബില്ല് പിന്‍വലിക്കണമെന്ന് ഹൈബിയോട് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചു.
പാര്‍ട്ടിയുടെ അനുമതിയില്ലാത എം.പിമാര്‍ സ്വകാര്യ ബില്ലുകള്‍ അവതരിപ്പിക്കാന്‍ പാടില്ലെന്നും ഹൈക്കമാന്‍ഡ് അറിയിച്ചു. കോണ്‍ഗ്രസ് സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാണ് ഇക്കാര്യത്തില്‍ ഹൈബിക്ക് നിര്‍ദേശം നല്‍കിയത്.
കഴിഞ്ഞ മാര്‍ച്ചില്‍ ലോക്സഭയില്‍ അവതരിപ്പിച്ച സ്വകാര്യ ബില്ലിലാണ് തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന് ഹൈബി ഈഡന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയും ഈ ആവശ്യം തള്ളിയിരുന്നു. ഹൈബിയുടെ സ്വകാര്യബില്ലില്‍ സംസ്ഥാനത്തിന്റെ അഭിപ്രായമാരാഞ്ഞ് കേന്ദ്രസര്‍ക്കാര്‍ മാര്‍ച്ച് 31-ന് ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. ഇതിലാണ് ആവശ്യം നിരാകരിക്കുന്നതായി മുഖ്യമന്ത്രി രേഖപ്പെടുത്തിയത്.
കേരളത്തിന്റെ ഭൂപ്രദേശം അനുസരിച്ച് മാധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന ജില്ല എന്ന നിലയില്‍ തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന നിര്‍ദേശമാണ് ബില്ലിന്റെ ഭാഗമായി ഹൈബി സൂചിപ്പിച്ചിരുന്നത്.
കേരളത്തിന്റെ തെക്കേ അറ്റത്തുള്ള നഗരമെന്ന നിലയില്‍ തലസ്ഥാനമായ തിരുവനന്തപുരത്ത് വന്നുപോകുന്നത് വടക്കന്‍ ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണെന്നായിരുന്നു ബില്ലില്‍ ചൂണ്ടിക്കാട്ടിരുന്നത്.
എന്നാല്‍, തലസ്ഥാനം എറണാകുളത്തേക്ക് മാറ്റുന്ന സമയത്ത് ഉണ്ടാകുന്ന സാമ്പത്തിക ചെലവും മറ്റ് ബുദ്ധിമുട്ടുകളുമൊന്നും ഗൃഹപാഠം ചെയ്യാതെയാണ് ഹൈബി ബില്ല് അവതരിപ്പിച്ചതെന്ന് സിപിഎം നേതാക്കള്‍ ഉള്‍പ്പെടെ വിമര്‍ശിച്ചു.
ബില്ല് വലിയ വിവാദമായതോടെ കോണ്‍ഗ്രസ് നേതാക്കളും ഹൈബിയെ തള്ളി രംഗത്തെത്തി. വിഷയത്തില്‍ ഹൈബിയെ നേരിട്ട് വിളിച്ച് ശക്തമായ അസംതൃപ്തി അറിയിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വ്യക്തമാക്കി. അതേസമയം, വിവാദത്തില്‍ ഹൈബി ഈഡന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.