CrimeKeralaNews

വര്‍ഗീയ വിദ്വേഷപ്രചാരണം യൂട്യൂബര്‍ അറസ്റ്റില്‍

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ വെജിറ്റേറിയന്‍ ഹോട്ടല്‍ നടത്തിയ യുവാവിനെതിരെ യൂട്യൂബ് ചാനലിലൂടെ മതവിദ്വേഷ പ്രചരണം നടത്തിയെന്ന കേസില്‍ യൂട്യൂബര്‍ അറസ്റ്റില്‍. പൂക്കോട്ടുംപാടം അഞ്ചാംമൈല്‍ നിവാസിയും യൂട്യൂബറുമായ വേനാനിക്കോട് ബൈജു (44) ആണ് അറസ്റ്റിലായത്.

പെരിന്തല്‍മണ്ണ മനഴി ബസ് സ്റ്റാന്‍ഡിനടുത്തുള്ള വെജിറ്റേറിയന്‍ ഹോട്ടലിനും ഉടമ അബ്ദു റഹ്‌മാനുമെതിരെ വിദ്വേഷ പ്രചരണം നടത്തിയ കേസിലാണ് നടപടി. പൂക്കോട്ടുംപാടത്ത് വച്ച് പെരിന്തല്‍മണ്ണ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മനപൂര്‍വം വര്‍ഗീയ വിദ്വേഷപ്രചാരണം നടത്തിയതിനാണ് പൊലീസ് ഇയാള്‍ക്കെതിരെ സ്വമേധയാ കേസെടുത്തത്. മലപ്പുറം ജില്ല പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരമായിരുന്നു അറസ്റ്റ്. 

നിരവധി കേസുകളില്‍ പ്രതിയാണ് ഇയാളെന്നും പൊലീസ് പറഞ്ഞു. പൊതുസ്ഥലത്ത് മദ്യപിക്കല്‍, ഗതാഗത തടസം സൃഷ്ടിക്കല്‍, പലിശയ്ക്ക് പണം കൊടുത്ത് അക്രമം, പട്ടികജാതി അതിക്രമം, മാനഭംഗം തുടങ്ങിയ കുറ്റങ്ങള്‍ക്ക് ബൈജുവിനെതിരെ പൂക്കോട്ടുംപാടം, കാടാമ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനുകളില്‍ കേസുണ്ട്. പൂക്കോട്ടുംപാടം സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ പെട്ടയാളാണ് ബൈജുവെന്നും പൊലീസ് അറിയിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button