കേരള സര്‍ക്കാരിനും മുഖ്യമന്ത്രിയ്ക്കുമെതിരെ നടനും എഴുത്തുകാരനുമായ ജോയ് മാത്യു. മാധ്യമപ്രവര്‍ത്തക അഖിലയ്‌ക്കെതിരെയുള്ള സര്‍ക്കാര്‍ നടപടിയില്‍ ഒരു യൂ ട്യൂബ് ചാനലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബിബിസിയില്‍ ഒക്കെ തെറ്റായ വാര്‍ത്ത വന്നാല്‍ റിപ്പോര്‍ട്ടര്‍ക്കെതിരെ കേസെടുക്കുകയല്ല ചെയ്യാറുള്ളത്. നേരെ അതിന്റെ ഹെഡ് ഓഫീസിലേക്ക് ആണ് പരാതി പോകുന്നത്. എന്നാല്‍, ഇവിടെ കേരളത്തിലോ തനി തറ ലെവല്‍ ആണെന്നും ജോയ് മാത്യു പറഞ്ഞു.
ഇവിടെ റിപ്പോര്‍ട്ടറെ ഗുണ്ടകളെ ഒക്കെ വിട്ട് പേടിപ്പിക്കുകയാണ്. അതൊരു അപരിഷ്‌കൃതമായ രീതിയാണെന്നും ജോയ് മാത്യു പറഞ്ഞു.
ജോയ് മാത്യു പറഞ്ഞത്…..
മാധ്യമപ്രവര്‍ത്തകരോടും സര്‍ക്കാര്‍ കാണിക്കുന്നത് നീതി ഇല്ലായ്മയാണ്. ഇപ്പോള്‍ മാധ്യമപ്രവര്‍ത്തക അഖിലയുടെ സംഭവം തന്നെ എടുത്താല്‍. മാധ്യമപ്രവര്‍ത്തകര്‍ക്ക് അറിയാമല്ലോ, അവര്‍ അവരുടെ വാര്‍ത്തയുടെ ഉറവിടെ വെളിപ്പെടുത്തില്ല. അവരുടെ സ്ഥാപനത്തിലെ മാനേജിങ് ഡയറക്ടര്‍ ചോദിച്ചാല്‍ പോലും പറയേണ്ട ആവശ്യമില്ല. കോടതിയില്‍ മാത്രമേ പറയേണ്ട കാര്യമുള്ളൂ. വസ്തുതാ വിരുദ്ധം ആണെങ്കില്‍ അവര്‍ക്ക് തിരിച്ചും കേസ് കൊടുക്കാം. അല്ലാതെ ഒരു വാര്‍ത്ത ചെയ്തു എന്നു പറഞ്ഞ് പൊലീസ് കേസെടുത്താല്‍, മറ്റ് ഏത് വാര്‍ത്ത ചെയ്യുമ്പോഴും ആ ഒരു ഭീതി മനസ്സില്‍ ഉണ്ടാകും. രാത്രിയില്‍ പോലീസ് വന്ന് കതകില്‍ മുട്ടി നിങ്ങള്‍ ഇങ്ങനെ ഒരു വാര്‍ത്ത കൊടുത്തിട്ടുണ്ട് പൊലീസ് സ്റ്റേഷനിലേക്ക് വരൂ എന്ന് പറഞ്ഞാല്‍ എന്ത് നീതി ആണുള്ളത്. സത്യത്തില്‍ അത് അടിയന്തരാവസ്ഥയ്ക്ക് തുല്യമാണ്.
പത്രക്കാരെ പേടിപ്പിക്കുകയാണ്. എന്നാല്‍ അത് പബ്ലിഷ് ചെയ്ത ടെലികാസ്റ്റ് ചെയ്ത ചാനലിന്റെ എംഡി ക്കെതിരെ കേസെടുക്കട്ടെ. അതല്ലേ വേണ്ടത്. മാധവന്റെ പേരില്‍ അല്ലേ കേസെടുക്കേണ്ടത്. ഈ റിപ്പോര്‍ട്ടറിന് എതിരെ അല്ലല്ലോ. അതെന്താണ് ചെയ്യാത്തത്. അവരല്ലേ അതിനു ഉത്തരം പറയേണ്ടത്. ഞാന്‍ ദുബായില്‍ ജോലി ചെയ്യുന്ന സമയത്ത് എന്റെ സ്വന്തം ചാനലില്‍ അവിടുത്തെ ഗവണ്‍മെന്റിനെതിരെ ഒരു വാര്‍ത്ത വന്നു. എന്നോടല്ലേ അവര്‍ ചോദിക്കേണ്ടത്. അവര്‍ നമ്മുടെ മാനേജിങ് ഡയറക്ടര്‍ക്ക് കത്തയച്ചു. അദ്ദേഹം എന്നോട് വിശദീകരണം ചോദിച്ചു.
പുറത്തെല്ലാം അങ്ങനെയാണ്. ബിബിസിയില്‍ തെറ്റായ വാര്‍ത്ത വന്നാല്‍ അതിന്റെ റിപ്പോര്‍ട്ടറെ അല്ല പിടിക്കുക. നേരെ അതിന്റെ ഹെഡ് ഓഫീസിലേക്ക് ആണ് പരാതി പോകുന്നത്. എന്നാല്‍, ഇവിടെ കേരളത്തിലോ തനി തറ ലെവല്‍ ആണ്. ഇവിടെ റിപ്പോര്‍ട്ടറെ പേടിപ്പിക്കുകയാണ്. ഗുണ്ടകളെ ഒക്കെ വിട്ട് പേടിപ്പിക്കുന്നതുപോലെ. അതൊരു അപരിഷ്‌കൃതമായ രീതിയാണ്. വിമര്‍ശനങ്ങളെ ഭയന്നാല്‍ ഇതെല്ലാം സംഭവിക്കും. ഒരു ഭരണാധികാരിക്ക് വിമര്‍ശനങ്ങളെ കേള്‍ക്കാനുള്ള കാത് ആദ്യം വേണം. അതിന് തിരിച്ചു മറുപടി പറഞ്ഞാല്‍ പ്രശ്നം കഴിയുമല്ലോ. അതിനു മറുപടി പറയാന്‍ കഴിയാത്തതു കൊണ്ടാണല്ലോ ഇത്തരം രീതികള്‍ അവലംബിക്കുന്നത്.അത് ശരിയല്ല. ഈ രീതി ജനാധിപത്യ വിരുദ്ധമാണ്. എല്ലാ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലും ഉള്ളതുപോലെ പത്രമാധ്യമസ്വാതന്ത്ര്യം ഇല്ലാതാക്കുന്ന രീതിയാണ് ഇവിടെ. അത്തരം രീതികളോടാണ് എനിക്ക് പ്രതിഷേധം. അതില്‍ ഒരു മാറ്റം വരണം മാറുക തന്നെ ചെയ്യും.
മോന്‍സണ്‍ മാവുങ്കല്‍ വിഷയത്തില്‍ സുധാകരനെതിരായ കേസ് ഒരു രാഷ്ട്രീയ പകപോക്കല്‍ തന്നെയാണ്. അമേരിക്കയ്ക്ക് പോകുന്ന പോക്കിന് ഒരു ഒപ്പുമിട്ടിട്ട് മുഖ്യമന്ത്രി പോയി. നമുക്ക് അതൊക്കെ ആലോചിച്ചാല്‍ മനസ്സിലാകും. എല്ലാം വളരെ വ്യക്തമായി പ്രകടമാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ആറ്റിറ്റിയൂഡ് എല്ലാം ഭയങ്കര ബോറും പഴയതുമാണ്. ശ്രദ്ധ തിരിക്കലാണ് പ്രധാന ഉദ്ദേശം. മാത്രമല്ല സുധാകരനെ ഞെട്ടിക്കുക എന്ന ഉദ്ദേശവും ഉണ്ട്. സുധാകരന്‍ ഞെട്ടുമോ അതിന്. സുധാകരനെ എനിക്ക് വ്യക്തിപരമായി അറിയാം. അദ്ദേഹത്തെ കള്ളക്കേസില്‍ കുടുക്കിയത് തന്നെയാണ്. ഭരിക്കുന്ന കൂട്ടരുടെ കയ്യിലാണ് പൊലീസ്. അവര്‍ പറയുന്നതുപോലെ പൊലീസ് ചെയ്യുകയുള്ളൂ. അത് ആരു ഭരിച്ചാലും.
ഭരണകൂടത്തിന്റെ ഉപകരണം ആണ് പൊലീസ്. സുധാകരനെതിരെ മാനനഷ്ട കേസ് കൊടുപ്പിക്കുകയല്ല ചെയ്യുന്നത്. രണ്ടുകൊല്ലം കഴിഞ്ഞിട്ട് പാലീസില്‍ പരാതി കൊടുക്കുകയാണ് ചെയ്തത്. അപ്പോള്‍ പൊലീസ് കേസെടുക്കുന്നു. തെളിവുകള്‍ പോലും അവിടെ പൊലീസ് ചോദിക്കുന്നില്ല. സ്റ്റേഷനില്‍ അറസ്റ്റ് ചെയ്തു കൊണ്ടുവന്ന് ഭയപ്പെടുത്തുക എന്നുള്ളതാണ് ഉദ്ദേശം. അതൊക്കെ ഉമ്മാക്കി കാട്ടി പേടിപ്പിക്കലാണ്.
ഞാന്‍ കോണ്‍ഗ്രസുകാരന്‍ ഒന്നുമല്ല. ആ ഒരു ആറ്റിറ്റിയൂഡ് തന്നെ ശരിയല്ല എന്നാണ് ഞാന്‍ പറയുന്നത്. അതൊക്കെ ഭീരുക്കള്‍ മാത്രമാണ് ചെയ്യുന്നത്. ധീരനായ ഒരു ഭരണാധികാരിക്ക് ചേര്‍ന്നതല്ല അത്. പിണറായി വിജയന്‍ ധീരനൊന്നുമല്ല. ഇരട്ടചങ്കന്‍ ആണോ എന്നുള്ളത് സര്‍ജറി ചെയ്തു നോക്കേണ്ടിവരും. എത്ര ചങ്ക് ഉണ്ട് എന്നൊക്കെ. അതൊക്കെ ഓരോ അലങ്കാരങ്ങളായി ചുമന്നു കൊണ്ടു നടക്കുന്നതാണ്. ഇപ്പോള്‍ എന്നെപ്പറ്റി തന്നെ പറയാറില്ലേ, എന്തും കണ്ടാല്‍ എതിര്‍ക്കും തന്റേടത്തോടെ പറയും എന്നെല്ലാം. ഇതൊക്കെ ഓരോ അലങ്കാരങ്ങളാണ്. സത്യത്തില്‍ ഞാന്‍ അത്ര തന്റേടമുള്ള ആളൊന്നുമല്ല. എല്ലാവരും അങ്ങനെ തന്നെയാണ്.