കോട്ടയം: മെഡിക്കൽ കോളേജിൽ ഏറ്റുമാനൂർ പോലീസ് കൊണ്ടുവന്ന യുവാവ് വനിതാ ജൂനിയർ ഡോക്ടറെ (പിജി ഡോക്ടർ) അസഭ്യം പറഞ്ഞ സംഭവത്തിൽ പ്രതിയെ കണ്ടെത്താത്തതിൽ പ്രതിഷേധം കടുപ്പിക്കാൻ ഡോക്ടർമാർ. ജൂനിയർ ഡോക്ടർമാർ ബുധനാഴ്ച വൈകിട്ട് നാലുമണിക്ക് ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലേയ്ക്ക് മാർച്ച് നടത്തും.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 12.30 ന് ഏറ്റുമാനൂർ പോലീസ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിച്ച ബിജു പി ജോൺ എന്നയാളാണ് ജനറൽ സർജറി വിഭാഗത്തിൽ ഡ്യൂട്ടി ചെയ്തിരുന്ന വനിതാ ഡോക്ടറെ അസഭ്യം പറയുകയും കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. ഏറ്റുമാനൂർ ഭാഗത്ത് രാത്രിയിൽ തട്ടുകടയിലുണ്ടായ അടിപിടിക്കേസുമായി ബന്ധപ്പെട്ടാണ് ഇയാളെ പോലീസ് ആശുപത്രിയിലെത്തിച്ചത്.
അക്രമാസക്തനായ ഇയാളെ വനിതാ ജൂനിയർ ഡോക്ടർ പരിശോധിച്ച ശേഷം നിരീക്ഷണമുറിയിലേയ്ക്ക് മാറ്റി. തുടർന്നായിരുന്നു ഇയാളുടെ അസഭ്യവർഷം. പിന്നിട് ഇയാളുടെ കൈകാലുകൾ കട്ടിലിൽ ബന്ധിച്ചിരുന്നു.
ശനിയാഴ്ച പുലർച്ചെ 6.30 ന് രോഗികളെ പരിശോധിക്കാനായി ഡോക്ടർ നിരീക്ഷണമുറിയിൽ എത്തിയപ്പോൾ പരിശോധനയുടെ ഭാഗമായി കെട്ടുകൾ അഴിച്ചു മാറ്റി. ഉടൻതന്നെ അശ്ലീലഭാഷ സംസാരിച്ചുകൊണ്ട് വീണ്ടും ഡോക്ടറുടെ നേരെ തട്ടിക്കയറുകയും നിന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
വനിതാ ഡോക്ടർ പോലീസ് എയ്ഡ് പോസ്റ്റിൽ പരാതി നൽകിയെങ്കിലും വിവരം അറിഞ്ഞ അക്രമി ആശുപത്രിയിൽനിന്നു കടന്നുകളയുകയായിരുന്നു. ഡോക്ടർ പിന്നീട് ഗാന്ധിനഗർ പോലീസിൽ പരാതി നൽകി.
ഡോക്ടറുടെ മൊഴി പോലീസ് രേഖപ്പെടുത്തി അന്വേഷണം തുടങ്ങിയെങ്കിലും ഒളിവിൽ പോയ പ്രതിയെ പിടികൂടാൻ ഇതുവരെ പോലീസിനു കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ജൂനിയർ ഡോക്ടർമാർ പ്രതിഷേധം കടുപ്പിക്കുന്നത്.