25.3 C
Kottayam
Monday, May 27, 2024

ബഹിരാകാശത്ത് വിരിഞ്ഞ പൂവ്; നാസയുടെ ചിത്രം വൈറല്‍

Must read

വാഷിംഗ്ടണ്‍:ബഹിരാകാശ വിശേഷങ്ങളെ കുറിച്ചറിയാൻ എപ്പോഴും ആളുകള്‍ക്ക് കൗതുകമാണ്. ഭൂമിക്ക് പുറത്തെ ലോകം, അതിന്‍റെ നിലനില്‍പ്- ഭാവി- ചരിത്രം എല്ലാം അറിയാൻ അധികപേര്‍ക്കും താല്‍പര്യമാണ്. 

ഒരുപാട് ഗവേഷണങ്ങളും, പഠനങ്ങളുമെല്ലാം വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ബഹിരാകാശത്തെ ചുറ്റിപ്പറ്റി നടക്കുന്നുണ്ട്. ഭൂമിക്ക് പുറത്തെ വെള്ളത്തിന്‍റെ ലഭ്യത, ഭക്ഷണത്തിന്‍റെ ലഭ്യത, കൃഷിക്കുള്ള സാധ്യത- എന്നിങ്ങനെ ഭൂമി വിട്ടാല്‍ മനുഷ്യര്‍ക്ക് ജീവിക്കാൻ സാധിക്കുന്ന ചുറ്റുപാടുകളെ കുറിച്ച് അറിയുന്നതിനാണ് കൂടുതല്‍ പേര്‍ക്കും ആകാംക്ഷ.

ഇപ്പോഴിതാ ബഹിരാകാശത്ത് വിരിഞ്ഞ പൂവിന്‍റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് നാസ. തങ്ങളുടെ ഇൻസ്റ്റ പേജിലൂടെയാണ് ഏറെ സന്തോഷവും കൗതുകവുമുണര്‍ത്തുന്ന ഫോട്ടോ നാസ പങ്കുവച്ചിരിക്കുന്നത്. 

എഴുപതുകള്‍ മുതല്‍ തന്നെ ബഹിരാകാശത്ത് ചെടികള്‍ വച്ചുപിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പഠനങ്ങളും പരീക്ഷണങ്ങളും നടന്നുവരുന്നുണ്ടെങ്കിലും 2015ല്‍ തുടങ്ങിയ പ്രോജക്ടിന്‍റെ ഭാഗമായുണ്ടാക്കിയ ഗാര്‍ഡനില്‍ വിരിഞ്ഞ പൂവാണത്രേ ഇത്. ബഹിരാകാശ യാത്രികനും ഗവേഷകനുമായ ജെല്‍ ലിൻഗ്രെന്‍റെ നേതൃത്വത്തിലാണത്രേ ഈ പ്രോജക്ട് യാഥാര്‍ത്ഥ്യമായത്.

നേരത്തെ ലെറ്റൂസ്, തക്കാളി, മുളക് എന്നിവയെല്ലാം ബഹിരാകാശത്ത് മുളപ്പിച്ചെടുത്തത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് പൂവിന്‍റെ ചിത്രവും ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഓറഞ്ച് നിറത്തിലുള്ള ഇതളുകളോട് കൂടിയ സിന്നിയ പൂവാണ് ഇവിടെ വിരിഞ്ഞിരിക്കുന്നത്. നാസ പങ്കുവച്ച പൂവിന്‍റെ ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. എന്തെന്നാല്‍ ഈ ചിത്രത്തില്‍ പൂവിന് പിന്നിലായി ഭൂമിയുടെ ഒരു ഭാഗവും കാണാം. താഴെ കറുപ്പ് നിറത്തില്‍ ബഹിരാകാശത്തിന്‍റെ ഭാഗവും കാണാം. 

ഈ പ്രത്യേകതയെ കുറിച്ച് ഫോട്ടോയുടെ അടിക്കുറിപ്പിനൊപ്പം ഇവര്‍ തന്നെയാണ് പറഞ്ഞത്. ലക്ഷക്കണക്കിന് പേരാണ് നാസ പങ്കുവച്ച ഫോട്ടോയ്ക്ക് പ്രതികരണങ്ങള്‍ അറിയിച്ചിരിക്കുന്നത്. നിരവധി പേര്‍ ഇത് ഷെയര്‍ ചെയ്യുകയും ചെയ്തിരിക്കുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week