ഐശ്വര്യ രാജേഷ് നായികയായി എത്തിയ ‘ഫർഹാന’ എന്ന തമിഴ് ചിത്രം വിവാദത്തിൽ. റിലീസിന് പിന്നാലെ വ്യാപക പ്രതിഷേധം ഉയർന്നതിനാൽ ഐശ്വര്യ രാജേഷിന് പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിരിക്കുക ആണ്. മതവികാരം വ്രണപ്പെടുത്തുന്നതാണ് സിനിമുടെ ഉള്ളടക്കമെന്ന ആരോപണവുമായി ഇന്ത്യന്‍ നാഷണല്‍ ലീഗ് ഉൾപ്പടെയുള്ള സംഘടനകൾ രംഗത്തെത്തിയിരുന്നു.
നെല്‍സണ്‍ വെങ്കടേശന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഫർഹാന. ഫോണിലൂടെ സെക്‌സ് ചാറ്റ് ചെയ്യുന്ന ജോലിയുള്ള യുവതിയുടെ കഥയാണ് ചിത്രം പറയുന്നത്. ട്രെയിലർ വന്നപ്പോൾ തന്നെ ചിത്രത്തിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നുവെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, പ്രതിഷേധം ഉയർന്നതോടെ വിശദീകരണവുമായി നിര്‍മാതാക്കളായ ഡ്രീം വാരിയര്‍ പിക്ചേഴ്സ് രംഗത്തെത്തിയിരുന്നു.
നിർമാതാക്കളുടെ വിശദീകരണം ഇങ്ങനെ
കൈതി, അരുവി, തീരൻ അധികാരം ഒണ്ട്രു, ജോക്കർ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകൾ നിർമ്മിച്ച് പുറത്തിറക്കിയത് ഞങ്ങളുടെ ഡ്രീം വാരിയർ പിക്ചേഴ്സ് ആണ്. ആ നിരയിൽ ഫർഹാന ഇപ്പോൾ മെയ് 12 ന് തിയറ്ററുകളിൽ റിലീസ് ചെയ്തു. ആളുകളെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന മികച്ച ചിത്രങ്ങൾ നിർമ്മിച്ച് പുറത്തിറക്കുന്ന ഞങ്ങളുടെ സ്ഥാപനം എക്കാലവും വലിയ സാമൂഹിക ഉത്തരവാദിത്തത്തോടെയാണ് പ്രവർത്തിക്കുന്നത്. മതസൗഹാർദ്ദം, സാമൂഹിക ഐക്യം, സ്‌നേഹം തുടങ്ങിയ വികാരങ്ങൾക്ക് പ്രാധാന്യം നൽകി സിനിമകൾ നിർമ്മിക്കുകയും റിലീസ് ചെയ്യുകയും ചെയ്യുന്ന ഞങ്ങൾക്ക്, സർക്കാർ കൃത്യമായി സെൻസർ ചെയ്ത ‘ഫർഹാന’യെ കുറച്ചുള്ള വിവാദങ്ങൾ വേദയുണ്ടാക്കുന്നു.
ഫർഹാന ഒരു മതത്തിനോ വികാരത്തിനോ എതിരല്ല. നല്ല സിനിമകള്‍ നല്‍കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഞങ്ങളുടെ കഥകളില്‍ മനുഷ്യത്വത്തിന് എതിരായ ഒരു പ്രവൃത്തിയും അനുവദിക്കില്ല. വിവാദങ്ങൾ സൃഷ്ടിക്കുന്നവർ അത് മനസിലാക്കുമെന്ന് കരുതുന്നു. നമ്മുടെ തമിഴ്നാട് മതസൗഹാർദ്ദത്തിന്റെ പറുദീസയും കലാസൃഷ്ടികളെ നെഞ്ചേറ്റുന്ന നാടുമാണ്. സെൻസർ ചെയ്ത സിനിമയെ റിലീസിന് മുമ്പ് തെറ്റിദ്ധാരണയുടെ പേരിൽ എതിർക്കുന്നതും വിവാദങ്ങൾ സൃഷ്ടിക്കുന്നതും ശരിയല്ല. നൂറുകണക്കിനു പേരുടെ കഠിനാധ്വാനം കൊണ്ടാണ് ഒരു സിനിമ നിർമ്മിക്കുന്നത്.
പോരായ്മകളില്ലാത്ത സിനിമയെ തമിഴ് ആരാധകർ പിന്തുണയ്ക്കും. മലേഷ്യ, സിംഗപ്പൂര്‍, ഒമാന്‍, ബഹ്‌റൈന്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവിടങ്ങളില്‍ ഓഡിറ്റ് നിയമങ്ങള്‍ കര്‍ശനമാണ്. മതവികാരം വ്രണപ്പെടുത്തുന്ന രംഗങ്ങളുണ്ടെങ്കില്‍ സിനിമയ്ക്ക് സെന്‍സര്‍ഷിപ്പ് ലഭിക്കില്ല. എന്നാൽ ഇവിടങ്ങളിൽ സെന്‍സര്‍ ചെയ്ത് പ്രശ്‌നങ്ങളൊന്നുമില്ലാതെ റിലീസിന് തയ്യാറാണ്.