FeaturedHome-bannerKeralaNews

ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമത്തിൽ കർശന ശിക്ഷ;ഓർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: ആരോഗ്യപ്രവര്‍ത്തകരെ അക്രമിച്ച കേസുകള്‍ തീര്‍പ്പാക്കാന്‍ അതിവേഗകോടതികള്‍ സ്ഥാപിക്കുന്നതടക്കമുള്ള ശുപാര്‍ശകളുള്ള ആരോഗ്യ നിയമഭേദഗതി ഓര്‍ഡിനന്‍സിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ആരോഗ്യപ്രവര്‍ത്തകരെ സാമൂഹികമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നതടക്കമുള്ള നടപടികള്‍ ശിക്ഷാര്‍ഹമായിരിക്കും.

ഇപ്പോഴത്തെ നിയമത്തിലുള്ള ജയില്‍ശിക്ഷയും പിഴയും വര്‍ധിപ്പിക്കാനും ശുപാര്‍ശയുണ്ട്. 2012-ലെ നിയമം ഭേദഗതിചെയ്ത് ഓര്‍ഡിനന്‍സിറക്കാനാണ് സര്‍ക്കാര്‍തലത്തിലെ ധാരണ. അക്രമിച്ചാല്‍ കുറഞ്ഞ ജയില്‍ശിക്ഷ രണ്ടുവര്‍ഷം നിര്‍ബന്ധമാക്കുമെന്ന് അറിയുന്നു. ഉയര്‍ന്നത് ഏഴുവര്‍ഷംവരെയാണ് ശുപാര്‍ശ ചെയ്തിട്ടുള്ളത്.

പരാതിലഭിച്ചാല്‍ ഒരുമണിക്കൂറിനുള്ളില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ചെയ്യണം. വീഴ്ചവരുത്തിയാല്‍ പോലീസുദ്യോഗസ്ഥനെതിരേ നടപടിയുണ്ടാകും. അന്വേഷണത്തിനും വിചാരണയ്ക്കും നിശ്ചിതസമയപരിധിയുണ്ടാകും. നശിപ്പിക്കുന്ന സാധനങ്ങളുടെ യഥാര്‍ഥവിലയുടെ മൂന്നിരട്ടി ഈടാക്കും.

ആരോഗ്യപ്രവര്‍ത്തകരുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് ഈ ഓര്‍ഡിനന്‍സ്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദനദാസ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സര്‍ക്കാര്‍ പെട്ടെന്ന് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ തീരുമാനിച്ചത്.

ഓർഡിനൻസിലെ പ്രധാന വിവരങ്ങൾ 

  • നിലവിലുള്ള നിയമത്തിൽ ആരോഗ്യ രക്ഷാ സേവന സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന രജിസ്റ്റർ ചെയ്ത (താൽക്കാലിക രജിസ്‌ട്രേഷൻ ഉൾപ്പെടെയുള്ള) മെഡിക്കൽ പ്രാക്ടീഷണർമാർ, രജിസ്റ്റർ ചെയ്ത നേഴ്‌സുമാർ, മെഡിക്കൽ വിദ്യാർത്ഥികൾ, നേഴ്‌സിംഗ് വിദ്യാർത്ഥികൾ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരാണ് ഉൾപ്പെട്ടിരുന്നത്. പുതുക്കിയ ഓർഡിനൻസിൽ പാരാമെഡിക്കൽ വിദ്യാർത്ഥികളും ഉൾപ്പെടും. 
  • ആരോഗ്യ രക്ഷാ സ്ഥാപനങ്ങളിൽ നിയമിക്കപ്പെട്ടിട്ടുള്ളതും ജോലി ചെയ്തുവരുന്നതുമായ പാരാമെഡിക്കൽ ജീവനക്കാർ, സെക്യൂരിറ്റി ഗാർഡുകൾ, മാനേജീരിയൽ സ്റ്റാഫുകൾ, ആംബുലൻസ് ഡ്രൈവർമാർ, ഹെൽപ്പർമാർ എന്നിവരും കാലാകാലങ്ങളിൽ സർക്കാർ ഔദ്യോഗിക ഗസറ്റിൽ വിജ്ഞാപനം ചെയ്യുന്ന ആരോഗ്യ പ്രവർത്തകരും ഇതിന്റെ ഭാഗമാകും. 
  • അക്രമപ്രവർത്തനം ചെയ്യുകയോ ചെയ്യാൻ ശ്രമിക്കുകയോ പ്രേരിപ്പിക്കുകയോ പ്രചോദനം നൽകുകയോ ചെയ്താൽ 6 മാസത്തിൽ കുറയാതെ 5 വർഷം വരെ തടവ് ശിക്ഷയും 50,000 രൂപയിൽ കുറയാതെ 2 ലക്ഷം രൂപ വരെ പിഴ ശിക്ഷയും ലഭിക്കും.
  • ആരോഗ്യ രക്ഷാ സേവന പ്രവർത്തകനെ കഠിനമായ ദേഹോപദ്രവത്തിന് വിധേയനാക്കുകയാണെങ്കിൽ 1 വർഷത്തിൽ കുറയാതെ 7 വർഷം വരെ തടവ് ശിക്ഷയും 1 ലക്ഷം രൂപയിൽ കുറയാതെ 5 ലക്ഷം രൂപ വരെ പിഴയും ലഭിക്കും. 
  • ആക്ടിനു കീഴിൽ രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകൾ ഇൻസ്‌പെക്ടർ റാങ്കിൽ കുറയാത്ത പോലീസ് ഓഫീസർ അന്വേഷിക്കും. കേസന്വേഷണം പ്രഥമ വിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്യുന്ന തീയതി മുതൽ 60 ദിവസത്തിനകം പൂർത്തീകരിക്കും. വിചാരണാനടപടിക്രമങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കും. സത്വര വിചാരണയ്ക്ക് ഓരോ ജില്ലയിലും ഒരു കോടതിയെ സ്‌പെഷ്യൽ കോടതിയായി നിയോഗിക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button