തൃശൂർ: കുന്നംകുളം ചൊവ്വന്നൂരിൽ ആംബുലൻസ് മറിഞ്ഞ് ദമ്പതികളടക്കം മൂന്ന് മരണം. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. അർദ്ധരാത്രി ഒരു മണിയോടെ ചൊവ്വന്നൂർ എസ് ബി ഐ ബാങ്കിന് സമീപത്തുവച്ച് നിയന്ത്രണം വിട്ട ആംബുലൻസ് മരത്തിലിടിച്ച് മറിയുകയായിരുന്നു. രോഗിയും ആംബുലൻസ് ഡ്രൈവറുമടക്കം ആറുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. കനത്ത മഴയിൽ ആംബുലൻസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നെന്നാണ് വിവരം.
ന്യൂമോണിയ ബാധിച്ച് കടുത്ത ശ്വാസതടസം നേരിട്ട ഫെമിന എന്ന യുവതിയുമായി കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് പോവുകയായിരുന്ന അൽ അമീൻ എന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. മരത്തംകോട് സ്വദേശികളായ ഫെമിന, റഹ്മത്ത്, ആബിദ് എന്നിവരാണ് മരിച്ചത്.
റഹ്മത്തിന്റെ മകൻ ഫാരിസ്, ആംബുലൻസ് ഡ്രൈവർ ഷുഹൈബ്, സുഹൃത്ത് സാദിഖ് എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. റഹ്മത്തിന്റെ ബന്ധുവാണ് ഫെമിന. റഹ്മത്തിന്റെ ഭർത്താവാണ് ആബിദ്. ഷുഹൈബിനെ തൃശൂരിലെ ആശുപത്രിയിലും മറ്റ് രണ്ടുപേരെ കുന്നംകുളത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, അപകടവിവരമറിഞ്ഞ് സംഭവസ്ഥലത്തേയ്ക്ക് പോയ മറ്റൊരു ആംബുലൻസ് കുന്നംകുളത്ത് പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റുവെന്നാണ് വിവരം.