ന്യൂഡല്‍ഹി: ലൈംഗികാതിക്രമ പരാതിയില്‍ റെസ്‌ലിങ് ഫെഡറേഷന്‍ പ്രസിഡന്റും ബി.ജെ.പി. എം.പിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരേ നടപടിയാവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഗുസ്തിതാരങ്ങള്‍ നടത്തുന്ന രാപകല്‍ സമരത്തിന് പിന്തുണയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.
ശനിയാഴ്ച ജന്തര്‍ മന്ദറിലെ സമരവേദിയിലെത്തിയ കെജ്‌രിവാള്‍, സമരം ചെയ്യുന്ന താരങ്ങളെ പിന്തുണയ്ക്കണമെന്ന് രാജ്യത്തെ ജനങ്ങളോട് ആവശ്യപ്പെട്ടു. സമരത്തിന്റെ ഏഴാം ദിവസമാണ് അദ്ദേഹം സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരവേദിയിലെത്തിയത്.
ഈ രാജ്യത്തെ സ്‌നേഹിക്കുന്ന ഓരോ പൗരനും ഗുസ്തി താരങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് കെജ്‌രിവാള്‍ പറഞ്ഞു. ബ്രിജ് ഭൂഷണ്‍ സിങ്ങിനെ കേന്ദ്രസര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് ആരോപിച്ച അദ്ദേഹം ബി.ജെ.പി എം.പിക്കെതിരായ പോരാട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഗുസ്തി താരങ്ങളെ സഹായിക്കാന്‍ മുന്നോട്ടുവരണമെന്നും ആവശ്യപ്പെട്ടു.
കെജ്‌രിവാളിനെ കൂടാതെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി, കര്‍ഷക നേതാവ് രാകേഷ് ടികായത്, ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്, ഖാപ് പഞ്ചായത്ത് നേതാക്കള്‍, സി.പി.എം. നേതാവ് ബൃന്ദ കാരാട്ട്, മുന്‍ ഹരിയാണ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡ എന്നിവരും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജന്തര്‍ മന്തറിലെത്തിയിരുന്നു.
ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരേ കേസെടുക്കുന്നതില്‍ പോലീസിന്റെ നിഷ്‌ക്രിയത്വം ചൂണ്ടിക്കാട്ടി ബജ്‌റംഗ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് എന്നിവരുള്‍പ്പെടെയുള്ള ഗുസ്തി താരങ്ങള്‍ സുപ്രീം കോടതിയ സമീപിച്ചിരുന്നു. പിന്നാലെ കോടതി ഉത്തരവിനെ തുടര്‍ന്ന് ഡല്‍ഹി പോലീസ് കഴിഞ്ഞ ദിവസം ബ്രിജ് ഭൂഷണെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരുന്നു.
അതേസമയം വിഷയത്തില്‍ നീതിലഭിക്കുംവരെ പിന്നോട്ടില്ലെന്നാണ് ഗുസ്തി താരങ്ങളുടെ നിലപാട്. ലോകവേദികളില്‍ ഇന്ത്യക്കുവേണ്ടി മെഡല്‍നേടിയ വനിതാതാരങ്ങളടക്കം രാപകല്‍ സമരത്തിലുണ്ട്. സാമൂഹികമാധ്യമങ്ങളിലും സമരത്തിന് പിന്തുണയേറുകയാണ്. സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ച് ബ്രിജ് ഭൂഷണെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുമെന്ന് ഡല്‍ഹി പോലീസ് അറിയിച്ചെങ്കിലും സമരം തുടരാനാണ് തീരുമാനമെന്ന് ഗുസ്തി താരങ്ങള്‍ പ്രഖ്യാപിച്ചു.
ഡല്‍ഹി പോലീസില്‍ വിശ്വാസമില്ലെന്നും താരങ്ങള്‍ തുറന്നടിച്ചു. രക്ഷപ്പെടാന്‍ പഴുതുകളുള്ള എഫ്.ഐ.ആറാകും പോലീസ് തയ്യാറാക്കുകയെന്നും താരങ്ങള്‍ ആരോപിച്ചു. ബ്രിജ് ഭൂഷണ്‍ സിങ്ങിനെ അറസ്റ്റുചെയ്യണമെന്നും ഫെഡറേഷന്‍ തലപ്പത്തുനിന്നും എം.പി.സ്ഥാനത്തുനിന്നും അദ്ദേഹത്തെ നീക്കി സ്വതന്ത്ര അന്വേഷണം നടത്തണമെന്നുമാണ് താരങ്ങളുടെ ആവശ്യം.
ബ്രിജ് ഭൂഷണ്‍ സിങ്ങിനും ഫെഡറേഷനുമെതിരേ കഴിഞ്ഞ ജനുവരിയിലും ഗുസ്തി താരങ്ങള്‍ സമരം നടത്തിയിരുന്നു. തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ അന്വേഷണസമിതിയെ നിയോഗിച്ചപ്പോഴാണ് സമരം അവസാനിപ്പിച്ചത്. എന്നാല്‍, മൂന്നുമാസമായിട്ടും നടപടിയുണ്ടാകാതെവന്നതോടെയാണ് ഏപ്രില്‍ 23-ാം തീയതി വീണ്ടും സമരരംഗത്തിറങ്ങിയത്.
അച്ചടക്കമില്ലെന്നാരോപിച്ച് താരങ്ങളുടെ സമരത്തെ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി. ഉഷ വിമര്‍ശിച്ചതും വിവാദമായിരുന്നു. വനിതാതാരങ്ങള്‍ക്ക് നേരിട്ട ലൈംഗികാതിക്രമങ്ങളില്‍ നടപടിയാവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ ഡല്‍ഹിയില്‍ നടത്തുന്ന രാപകല്‍ സമരം രാജ്യത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തുന്നുവെന്നായിരുന്നു ഉഷയുടെ വാക്കുകള്‍. തെരുവിലിറങ്ങുന്നതിനുപകരം താരങ്ങള്‍ അസോസിയേഷനെ സമീപിക്കണമായിരുന്നുവെന്നും അവര്‍ പറഞ്ഞിരുന്നു.
അതിനിടെ ബ്രിജ് ഭൂഷണിനെതിരേ പോലീസില്‍ നല്‍കിയ പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദമുണ്ടെന്ന് താരങ്ങള്‍ സമരവേദിയില്‍ ആരോപിച്ചു. ഫെഡറേഷനിലെ ചിലര്‍ പരാതിക്കാരായ പെണ്‍കുട്ടികളെ സമീപിച്ചെന്നും പരാതി പിന്‍വലിക്കാന്‍ പണം വാഗ്ദാനം ചെയ്‌തെന്നും ഒളിമ്പ്യന്‍ ബജ്റംഗ് പുനിയ പറഞ്ഞു. പരാതി നല്‍കിയവരുടെ പേരുവിവരങ്ങള്‍ എങ്ങനെ പുറത്തായെന്നറിയില്ല. ഫെഡറേഷന്‍ അധികൃതര്‍ വീടുകളിലെത്തി സമ്മര്‍ദം ചെലുത്തുന്നുവെന്ന് വനിതാ താരങ്ങള്‍ പരാതിപ്പെടുന്നുണ്ട്. പരാതി നല്‍കിയവര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പോലീസും സര്‍ക്കാരുമായിരിക്കും ഉത്തരവാദികളെന്നും പുനിയ പറഞ്ഞു.