ഇടുക്കി: വനം വകുപ്പിന്റെ അരിക്കൊമ്പൻ ദൗത്യം ഇന്നത്തേക്ക് അവസാനിപ്പിച്ചു. ഉദ്യോഗസ്ഥരോടു മടങ്ങാന്‍ ഔദ്യോഗികമായി നിര്‍ദേശം ലഭിച്ചു. നാളെ രാവിലെ വീണ്ടും ദൗത്യം തുടരും. വെളുപ്പിന് ആരംഭിച്ച ദൗത്യമാണ് ഉച്ചയോടെ അവസാനിപ്പിച്ചത്.
അരിക്കൊമ്പനെ കണ്ടെത്താനായി കൂടുതല്‍ പേരടങ്ങുന്ന സംഘം തിരച്ചിലിനിറങ്ങിയിരുന്നു. അരിക്കൊമ്പന്‍ ഉറക്കത്തിലാണെന്നാണ് നിഗമനം. അരിക്കൊമ്പനെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന വെളിപ്പെടുത്തലുമായി വനംവകുപ്പ് രംഗത്തെത്തിയിരുന്നു. രാവിലെ ദൗത്യസംഘം കണ്ടതും ചാനലുകളിൽ ഉൾപ്പെടെ ദൃശ്യങ്ങൾ പ്രചരിച്ചതും മറ്റൊരു കാട്ടാനയായ ചക്കക്കൊമ്പന്റെയാണെന്നാണ് വനംവകുപ്പ് നൽകുന്ന വിശദീകരണം.
കാട്ടാനക്കൂട്ടത്തിനൊപ്പം അരിക്കൊമ്പൻ നിൽക്കുന്നുവെന്നായിരുന്നു വിവരമെങ്കിലും, ആനക്കൂട്ടത്തിനൊപ്പമുള്ളത് ചക്കക്കൊമ്പനാണെന്ന് വനം വകുപ്പ് അറിയിക്കുകയായിരുന്നു. ഈ മേഖലയിലുള്ള മറ്റ് പ്രധാന ആനകളെയെല്ലാം കണ്ടെത്താൻ വനംവകുപ്പിന് സാധിച്ചെങ്കിലും, അരിക്കൊമ്പനെ ഇതുവരെ കണ്ടെത്താനായില്ല. അരിക്കൊമ്പന്‍ എവിടെയെന്ന് ഇപ്പോഴും നിശ്ചയമില്ല. രാവിലെ കണ്ട കാട്ടാനക്കൂട്ടത്തില്‍ അരിക്കൊമ്പനുണ്ടെന്ന് തെറ്റിദ്ധരിച്ചിരുന്നു.
301 കോളനിക്കു സമീപമുള്ള വനപ്രദേശത്ത് ഇന്നലെ വരെ അരിക്കൊമ്പനെ കണ്ടിരുന്നു. എന്നാൽ, ദൗത്യസംഘം കാടുകയറിയതിനു പിന്നാലെ അരിക്കൊമ്പൻ അപ്രത്യക്ഷനാകുകയായിരുന്നു. ഇതോടെ അരിക്കൊമ്പൻ ദൗത്യം തുടരുന്ന കാര്യം സംശയത്തിലായി. ഇന്നു ദൗത്യം പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത ദിവസവും ശ്രമം തുടരുമെന്നു കോട്ടയം ഡിഎഫ്ഒ എൻ.രാജേഷ് വ്യക്തമാക്കിയിരുന്നു. അരിക്കൊമ്പൻ ദൗത്യവുമായി ബന്ധപ്പെട്ട് ചിന്നക്കനാൽ പഞ്ചായത്തിലും ശാന്തന്‍പാറ പഞ്ചായത്തിലെ 1,2,3 വാര്‍ഡുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ദൗത്യം പൂര്‍ത്തിയാകും വരെയാണ് നിയന്ത്രണം.
ഇന്നു പുലർച്ചെ നാലരയോടെയാണ് വനംവകുപ്പ് അരിക്കൊമ്പൻ ദൗത്യത്തിന് തുടക്കം കുറിച്ചത്. വനം വകുപ്പ് ജീവനക്കാർ, മയക്കുവെടി വിദഗ്ധൻ ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിൽ വെറ്ററിനറി സർജൻമാർ, കുങ്കിയാനകളുടെ പാപ്പാന്മാർ ഉൾപ്പെടെ 150 പേരാണ് ദൗത്യത്തിൽ പങ്കെടുക്കുന്നത്. ആന നില്‍ക്കുന്ന സ്ഥലം നിര്‍ണയിക്കാൻ ചുമതലപ്പെടുത്തിയ ആദ്യസംഘം പുലർച്ചെ നാലേമുക്കാലോടെ കാട്ടിലേക്ക് തിരിച്ചു. ഈ സംഘം 6.20ഓടെ ആന നിൽക്കുന്ന സ്ഥലം നിർണയിച്ച് മയക്കുവെടി വയ്ക്കാനുള്ള രണ്ടാം സംഘം ദൗത്യത്തിനായി രംഗത്തിറങ്ങി. ആറരയോടെ കുങ്കിയാനകളും രംഗത്തിറങ്ങി.
ഇതിനിടെ ഇന്നു പുലർച്ചെ മുത്തമ്മ കോളനിക്കു സമീപം അരിക്കൊമ്പനെ കണ്ടതായി വാർത്തകൾ പ്രചരിച്ചു. പിന്നീട് സിമന്റ് പാലം പ്രദേശത്ത് അരിക്കൊമ്പൻ നിൽക്കുന്നുവെന്നായി പ്രചാരണം. ഇതോടെ മയക്കുവെടി വയ്ക്കാൻ ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിൽ വെറ്ററിനറി സർജന്മാർ അടങ്ങുന്ന സംഘം ബേസ് ക്യാംപിൽ നിന്ന് പുറപ്പെടുകയും ചെയ്തു. മയക്കുവെടി വയ്ക്കാനുള്ള സംഘം സജ്ജമായെങ്കിലും അരിക്കൊമ്പൻ മറ്റ് ആനകൾക്കൊപ്പം എത്തിയത് പ്രതിസന്ധി സൃഷ്ടിക്കുന്നതായി റിപ്പോർട്ടുകൾ വന്നു. ഇതിനിടെയാണ്, ഇതുവരെ കണ്ടത് ചക്കക്കൊമ്പനെയാണെന്ന് വനംവകുപ്പ് അറിയിച്ചത്.
അരിക്കൊമ്പനെ പിടിക്കാൻ പൂർണ സജ്ജരായാണ് വനം വകുപ്പ് രംഗത്തുള്ളത്. ചിന്നക്കനാല്‍ ഫാത്തിമ മാതാ സ്കൂളില്‍ പുലർച്ചെ 4.30 ന് അവലോകന യോഗം നടത്തി അവസാനവട്ട ഒരുക്കം നടത്തിയ ശേഷമാണ് ദൗത്യത്തിലേക്ക് ഉദ്യോഗസ്ഥർ കടന്നത്. അതേസമയം, പിടികൂടിയാല്‍ അരിക്കൊമ്പനെ എങ്ങോട്ടു മാറ്റുമെന്നത് വനംവകുപ്പ് ഇനിയും പുറത്തുവിട്ടിട്ടില്ല. രഹസ്യസ്വഭാവം സൂക്ഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവുണ്ടെന്നാണ് വിശദീകരണം. പെരിയാര്‍ വന്യജീവി സങ്കേതത്തിലേക്ക് മാറ്റാനാണ് കൂടുതല്‍ സാധ്യത.
അരിക്കൊമ്പനെ ഇന്നുതന്നെ പിടികൂടാനാകുമെന്നാണ് പ്രതീക്ഷയെന്ന് കോട്ടയം സർക്കിൾ സിസിഎഫ് ആര്‍.എസ്.അരുണ്‍ പറഞ്ഞു. എന്നാല്‍ കാലാവസ്ഥയും വെടിയേറ്റ ശേഷം ആന നില്‍ക്കുന്ന സ്ഥലവും നിര്‍ണായകമായിരിക്കും. ആനയ്ക്ക് ദോഷംവരുന്ന രീതിയില്‍ ദൗത്യം നടപ്പാക്കാനാവില്ല. എന്തെങ്കിലും പ്രതിസന്ധിയുണ്ടായാല്‍ ദൗത്യം മാറ്റിവയ്ക്കേണ്ടിവരും. പ്രദേശത്ത് നിരോധനാജ്്ഞ പ്രഖ്യാപിച്ചത് ജനങ്ങളുടെ സുരക്ഷയെ കരുതിയാണെന്നും സിസിഎഫ് പറഞ്ഞു.