ആലപ്പുഴ: വീട്ടുപരിസരത്തു കഞ്ചാവ് ചെടിവളർത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാന്നാർ കുട്ടംപേരൂർ കൊട്ടാരത്തിൽപുഴ കിഴക്കേതിൽ പ്രശാന്താണ് (31) അറസ്റ്റിലായത്. നാലുമാസമായി ഇയാൾ തന്റെ വീടിന്റെ പിൻവശത്ത് രഹസ്യമായി ചെടിച്ചട്ടിയിൽ കഞ്ചാവ് ചെടി വളർത്തി പരിപാലിച്ചു വരികയായിരുന്നു. കഞ്ചാവ് ഒന്നര മീറ്ററോളം നീളത്തിൽ വളർന്നതായി പൊലീസ് പറഞ്ഞു.
ആലപ്പുഴ ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദേശപ്രകാരം മാന്നാർ പൊലീസ് എസ്. എച്ച്. ഒ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ എസ്. ഐമാരായ സി. എസ്. അഭിരാം, ശ്രീകുമാർ, സുരേഷ്, എ. എസ്. ഐമാരായ മധുസൂദനൻ, ബിന്ദു, സിവിൽ പൊലീസ് ഓഫിസർമാരായ സാജിദ്, സിദ്ദീഖുൽ അക്ബർ, ഹരിപ്രസാദ്, വനിത സിവിൽ പൊലീസ് ഓഫിസർ ഗിരിജ, ആലപ്പുഴ ജില്ല ഡാൻസാഫ് ടീം എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ ദിവസം പാലക്കാടും കഞ്ചാവും മാരക മയക്കുമരുന്നായ എംഡിഎംഎയുമായി അഞ്ച് യുവാക്കളെ എക്സൈസ് പിടികൂടിയിരുന്നു. ഒറ്റപ്പാലം താലൂക്കിൽ പൂക്കോട്ടുകാവ് വില്ലേജിൽ വാഴൂർ ദേശത്ത് പാറക്കാടൻ വീട്ടിൽ അബ്ദുൾ ലത്തീഫ് മകൻ അബ്ദുൾ മെഹറൂഫ് (26), ആറ്റാശ്ശേരി ദേശത്ത് പൂച്ചങ്ങൽ വീട്ടിൽ ഹംസ മകൻ ഷെമീർ അലി (30), കുനിയംകാട്ടിൽ വീട്ടിൽ വീരാൻകുട്ടി മകൻ ഷാഹുൽ ഹമീദ് (30), കീഴ്പ്പാടപള്ളിയാലിൽ വീട്ടിൽ ഹംസപ്പ മകൻ മുഹമ്മദ് ജംഷീർ ( 35), ആറ്റാശ്ശേരി ദേശത്ത് കീഴ്പ്പാടപള്ളിയാലിൽ വീട്ടിൽ ഹംസ മകൻ മുഹമ്മദ് ഷെമീർ (39) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മയക്ക് മരുന്ന് കച്ചവടത്തിനായി ഉപയോഗിച്ച വൈക്കുകളും കാറുമടക്കം നാല് വാഹനങ്ങള് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.