കൊച്ചി:മലയാളത്തിൽ ഒരു കാലത്ത് തിളങ്ങി നിന്ന നായിക നടിയാണ് ശോഭന. മലയാള സിനിമയിൽ നായിക നടിമാരുടെ സുവർണ കാലഘട്ടത്തിലെ അവസാന നടിയായിരുന്നു ശോഭനെയെന്നാണ് സിനിമാ ലോകം പറയുന്നത്. ശോഭനയ്ക്ക് ശേഷം വന്ന നടിമാരിൽ ശ്രദ്ധേയ വേഷങ്ങൾ ലഭിച്ച നടിമാർ വളരെ കുറവായിരുന്നു. അടുത്ത കാലത്താണ് ഈ രീതിക്ക് ചെറുതായെങ്കിലും മാറ്റം വന്ന് തുടങ്ങിയത്. ശോഭന എന്ന പേര് മലയാള സിനിമയുടെ ചരിത്രത്തിൽ ഇടം നേടുന്നത് മണിച്ചിത്രത്താഴ് എന്ന സിനിമയിലൂടെയാണ്.
പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെ മണിച്ചിത്രത്താഴ് എന്ന സിനിമയും നാഗവല്ലി എന്ന കഥാപാത്രവും പ്രേക്ഷക മനസ്സിൽ നില നിൽക്കുന്നു. മണിച്ചിത്രത്താഴ് എന്ന സിനിമ പിന്നീട് പല ഭാഷകളിലേക്ക് റീമേക്ക് ചെയ്തെങ്കിലും നാഗവല്ലിയായി ശോഭന പകർന്നാടിയത് പോലെ മറ്റാർക്കും സാധിച്ചില്ല. രണ്ടര പതിറ്റാണ്ട് പിന്നിട്ടിട്ടും ശോഭനയുടെ നാഗവല്ലി ഇന്നും ഐക്കണിക്കായി നില നിൽക്കുന്നു.
സംവിധായകൻ ഫാസിൽ എന്ത് മാജിക്കാണ് സിനിമയിൽ കാണിച്ചതെന്ന് ഇന്നും സിനിമാ ഗ്രൂപ്പുകൾ ഇഴകീറി പരിശോധിക്കാറുണ്ട്. സിനിമയിൽ നിന്ന് മാറിത്തുടങ്ങിയ സമയത്ത് മുഴുവനായും നൃത്തത്തിലേക്ക് ശോഭന ശ്രദ്ധ കേന്ദ്രീകരിച്ചു. നൃത്ത വേദികളും പരിശീലനവുമൊക്കെയായി ശോഭന തിരക്കുകളിൽ മുഴുകി. മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ ഒരു കാലത്തെ ഹിറ്റ് നായിക ശോഭനയായിരുന്നു. മോഹൻലാൽ-ശോഭന ജോഡിയാണ് കുറേക്കൂടി ആഘോഷിക്കപ്പെട്ടത്.
ശോഭനയുടെ ഏറ്റവും മികച്ച സിനിമകളിൽ പലതും മോഹൻലാലിനൊപ്പമാണ്. മണിച്ചിത്രത്താഴ്, തേൻമാവിൻ കൊമ്പത്ത്, മിന്നാരം തുടങ്ങിയ സിനിമകളെല്ലാം ഇതിനുദാഹരണാണ്. ഇരുവരും സാഗർ ഏലിയാസ് ജാക്കി എന്ന സിനിമയിലാണ് അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. സിനെ ഉലകം ചാനലിന് നൽകിയ അഭിമുഖത്തിൽ മോഹൻലാലിനെയും മമ്മൂട്ടിയെയും കുറിച്ച് സംസാരിച്ചിരിക്കുകയാണ് ശോഭന.
ഏറെ നാളുകൾക്ക് ശേഷം മമ്മൂട്ടിയെ കണ്ടപ്പോഴുള്ള അനുഭവം ശോഭന പങ്കുവെച്ചു. മമ്മൂട്ടിയോടൊപ്പം 50-60 സിനിമകൾ ചെയ്തു. ഒരേ സ്ഥലത്തുണ്ടായിരുന്നപ്പോൾ അവരെ ഞാൻ ഫോൺ ചെയ്തു. കാണാൻ വരുന്നെന്ന് പറഞ്ഞു. ഭാര്യ സുൽഫത്ത് അദ്ദേഹത്തിന് ഭക്ഷണവുമായി വരുമായിരുന്നു. വീട്ടിൽ നിന്ന് എന്ത് ഭക്ഷണമാണ് കൊണ്ട് വരേണ്ടതെന്ന് ചോദിച്ചു. ഞാൻ പത്തിരിയും മീൻ കറിയുമെന്ന് പറഞ്ഞു. എന്റെ ഷൂട്ടിംഗ് വൈകി. പാവം അവർ മൂന്ന് മണി വരെ കാത്തിരുന്നു. ഒടുവിൽ ഞങ്ങൾ കണ്ടു. ഞങ്ങൾ ഒരുമിച്ച് ഭക്ഷണം കഴിച്ചു.
മോഹൻലാൽ ഏകേദശം എന്റെ അതേ പ്രായമായിരുന്നു. ഞങ്ങൾ രണ്ട് പേരും കുട്ടികളെ പോലെയായിരുന്നു. ആദ്യം ചെയ്ത സിനിമകളിലൊന്നും ഞങ്ങൾക്ക് വലിയ കംഫർട്ടില്ലായിരുന്നു. വ്യത്യസ്ത മനസ്സുള്ള രണ്ട് ചെറുപ്പക്കാർ ഒരുമിച്ച് വർക്ക് ചെയ്യുന്നത് ആലോചിച്ച് നോക്കൂ. പരസ്പരം അധികം സംസാരിക്കില്ലായിരുന്നു പക്ഷെ ഒരു ഘട്ടം കഴിഞ്ഞപ്പോൾ കുഴപ്പമില്ലാതായി. കെട്ടിപ്പിടിക്കുന്ന ഒരു സീനിൽ മൂക്കിള ഷർട്ടിലാക്കിയെന്ന് പറഞ്ഞ് മോഹൻലാൽ കളിയാക്കുമായിരുന്നെന്നും ശോഭന ചിരിച്ച് കൊണ്ട് ഓർത്തു.
മൂക്കിളയില്ല ഗ്ലിസറിനാണെന്ന് എത്ര പറഞ്ഞിട്ടും മനസ്സിലായില്ല. ഇപ്പോഴും അത് പറഞ്ഞ് കളിയാക്കുമെന്നും ശോഭന പറഞ്ഞു. വരനെ ആവശ്യമുണ്ട് എന്ന മലയാള സിനിമയിലാണ് ശോഭന അവസാനമായി അഭിനയിച്ചത്. സുരേഷ് ഗോപിയായിരുന്നു നായകൻ. ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ എന്നിവരും പ്രധാന വേഷത്തിലെത്തി. സിനിമ വിജയം കൈ വരിച്ചു. 2020 ൽ റിലീസ് ചെയ്ത ഈ സിനിമയ്ക്ക് ശേഷം ശോഭനയെ പിന്നീട് മലയാള സിനിമയിൽ കണ്ടിട്ടില്ല. നടിയുടെ അടുത്ത സിനിമയ്ക്ക് കാത്തിരിക്കുകയാണ് ആരാധകർ.