മുംബൈയിലെ ഒരു പ്ലേ സ്കൂളിൽ അധ്യാപകർ കുട്ടികളെ ക്രൂരമായി മർദ്ദിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. അധ്യാപകർ കുട്ടികളെ തറയിലൂടെ വലിച്ചിഴക്കുന്നതിന്‍റെയും ക്രൂരമായി മർദ്ദിക്കുന്നതിന്‍റെയും സിസിടിവി ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ വലിയ രോഷത്തിന് ഇടയാക്കിയത്. ദൃശ്യങ്ങളിൽ രണ്ട് വനിതാ അധ്യാപകരാണ് കുട്ടികളോട് അതിക്രൂരമായി പെരുമാറുന്നതായുള്ളത്. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ പോലീസ് ഇവർക്കെതിരെ കേസെടുത്തെന്ന് റിപ്പോര്‍ട്ടുകള്‍.
മുംബൈയിലെ കാണ്ടിവാലിയിലെ പ്ലേ സ്‌കൂളിലെ രണ്ട് വനിതാ അധ്യാപകരാണ് കുട്ടികളെ ക്രൂരമായി മർദിക്കുകയും അവരോട് മോശമായി പെരുമാറുകയും ചെയ്തത്. സിസിടിവി ദൃശ്യങ്ങളിൽ അധ്യാപകർ വിദ്യാർഥികളെ വലിച്ചിഴയ്ക്കുന്നതും മർദിക്കുന്നതും തല്ലുന്നതും കാണാം. രണ്ട് അധ്യാപികമാര്‍ക്കെതിരെയും മുംബൈ പോലീസ് കേസെടുത്തു. കുറ്റാരോപിതരായ അധ്യാപകർ കുട്ടികളുടെ കവിളിൽ നുള്ളുകയും ആവർത്തിച്ച് അടിക്കുകയും പുസ്തകം കൊണ്ട് തലയിൽ അടിക്കുകയും ചെയ്യാറുണ്ടെന്ന് രക്ഷിതാക്കൾ മുൻപ് പോലീസിൽ പരാതി നൽകിയിരുന്നു.
അധ്യാപകരുടെ ആക്രമം കാണിക്കുന്ന സിസിടിവി ദൃശ്യങ്ങളുടെ രണ്ട് ക്ലിപ്പുകളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ടത്. ആദ്യ ദൃശ്യത്തിൽ ഒരു അധ്യാപിക കുട്ടികളുടെ കയ്യിൽ പിടിച്ച് പൊക്കിയെടുത്ത് വട്ടം കറക്കി മുറിയുടെ മൂലയിലേക്ക് എറിയുന്നത് കാണാം. കൂടാതെ കുട്ടികളെ നിലത്തിട്ട് മർദ്ദിക്കുന്നതിന്‍റെയും തറയിലൂടെ വലിച്ചിഴച്ചു കൊണ്ടുപോകുന്നതിന്‍റെയും കവിളിൽ നുള്ളുന്നതിന്‍റെയും ഒക്കെ ദൃശ്യങ്ങളും വീഡിയോയിൽ കാണാം.
ഒട്ടേറെ കരുതലോടെയും സ്നേഹ വാത്സല്യങ്ങളോടെയും ചെയ്യേണ്ട ഒരു ജോലി ഇത്രമാത്രം ക്രൂരമായി ചെയ്യുന്ന അധ്യാപകർക്കെതിരെ വലിയ രോഷമാണ് നെറ്റിസൺസിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്. അധ്യാപകർക്കെതിരെ കേസെടുത്ത പോലീസ് സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ജനുവരി മുതൽ മാർച്ച് മാസം വരെയുള്ള കാലയളവിൽ നിരവധി തവണ കുട്ടികൾ അധ്യാപകരുടെ മർദ്ദനത്തിന് ഇരയായിട്ടുണ്ടെന്നതിന് തെളിവ് ലഭിച്ചെന്നാണ് പോലീസ് പറയുന്നത്. സ്ഥാപനത്തിന്‍റെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണമെന്ന് വീഡിയോ കണ്ട ഭൂരിഭാഗം സാമൂഹിക മാധ്യമ ഉപയോക്താക്കളും അഭിപ്രായപ്പെട്ടു.