CrimeNationalNews

വിമാനയാത്രയ്ക്കിടെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരനെ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി:: വിമാനയാത്രയ്ക്കിടെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരനെ അറസ്റ്റ് ചെയ്തു. ദില്ലിയില്‍നിന്നു ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിലായിരുന്നു മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരന്റെ പരാക്രമം. പ്രതീക് (40) എന്ന യാത്രക്കാരനെ അറസ്റ്റ് ചെയ്തെന്ന് ഇന്‍ഡിഗോ ഔദ്യോഗിക കുറിപ്പില്‍ വ്യക്തമാക്കി. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് ഇൻഡിഗോ വ്യക്തമാക്കി

വെള്ളിയാഴ്ച രാവിലെ എട്ടോടെ 6 ഇ- 308 എന്ന വിമാനത്തിലായിരുന്നു സംഭവം നടന്നത്. വിമാനത്തിലെ യാത്രക്കാരുടെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കമ്പനി തയാറല്ലെന്നും അപമര്യാദയായും മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കും വിധവും പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കടുത്ത നിയമനടപടി സ്വീകരിക്കുമെന്നും ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു. ബെംഗളൂരുവില്‍ എത്തിയ ഉടന്‍ യാത്രക്കാരനെ സിഐഎസ്എഫിന് കൈമാറി. വിമാനത്താവളത്തിലെ പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തു. 

മദ്യലഹരിയിലാണ് യാത്രക്കാരന്‍ സീറ്റില്‍ നിന്നും എഴുന്നേറ്റത്. അസ്വഭാവിക പെരുമാറ്റം കണ്ട ഉടനെ വിമാനത്തിലെ ജീവനക്കാര്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. പെട്ടന്ന് യാത്രക്കാരന്‍ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ചു. എന്നാല്‍ ജീവനക്കാര്‍ സമയോചിതമായി ഇടപെടുകയും വിവരം ക്യാപ്റ്റനെ അറിയിക്കുകയും ചെയ്തു- ഇന്‍ഡിഗോ വ്യക്തമാക്കി. യാത്രക്കാര്‍ക്ക് ഒരു ബുദ്ധിമുട്ടുമില്ലാതെ നോക്കാന്‍ ജീവനക്കാര്‍ ശ്രമിച്ചുവെന്നും അധികൃതര്‍ പറയുന്നു.  

ഇത്തരത്തില്‍ മറ്റ് യാത്രക്കാരുടെ ജീവന് ഭീഷണിയുണ്ടാക്കുന്ന പ്രവൃത്തികള്‍ ഒരിക്കലും അനുവദിക്കാനാകില്ലെന്നും ഇന്‍ഡിഗോ വ്യക്തമാക്കി. നേരത്തെയും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുംബൈയിലേക്കുള്ള  യാത്രക്കിടെ ഇൻഡിഗോ വിമാനത്തിൽ എമർജൻസി എക്‌സിറ്റിന്റെ കവർ നീക്കംചെയ്യാൻ ശ്രമിച്ചതിനെ തുടര്‍ന്ന് അടുത്തിടെ ഒരു യാത്രക്കാരനെതിരെ കേസെടുത്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker