ടെക്‌സാസ്:സ്‌പേസ് എക്‌സ് നിര്‍മിക്കുന്ന സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ പരീക്ഷണ വിക്ഷേപം അടുത്തയാഴ്ച നടത്തിയേക്കും. യുഎസിലെ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ പ്രസിദ്ധീകരിച്ച ഒരു നോട്ടീസിലാണ് ഇത് സബന്ധിച്ച വിവരമുള്ളത്. ഏപ്രില്‍ പത്തിന് വിക്ഷേപണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നോട്ടീസില്‍ പറയുന്നു. ഏപ്രില്‍ 11,12 തീയ്യതികളും പട്ടികയിലുണ്ട്.
ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സ് നിര്‍മിക്കുന്ന ഏറ്റവും ശക്തിയും വലിപ്പവുമുള്ള റോക്കറ്റ് ആണ് സ്റ്റാര്‍ഷിപ്പ്. ഇതിന്റെ ആദ്യ ഓര്‍ബിറ്റല്‍ വിക്ഷേപണ പരീക്ഷണമാണ് നടക്കാനിരിക്കുന്നത്. ടെക്‌സാസിലെ ബോക ചികയില്‍ നിന്നായിരിക്കും വിക്ഷേപണം.
എന്നാല്‍ വിക്ഷേപണത്തിനായുള്ള ലൈസന്‍സ് ഇനിയും ലഭിച്ചിട്ടില്ല എന്നാണ് വിവരം. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനാണ് ലൈസന്‍സ് നല്‍കേണ്ടത്. അടുത്തയാഴ്ച ഇത് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
394 അടി (120 മീറ്റര്‍) നീളമുള്ള സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ പൂര്‍ണ രൂപത്തിലുള്ള ആദ്യ വിക്ഷേപണമായിരിക്കും ഇത്. റോക്കറ്റ് ബൂസ്റ്ററുകള്‍ തിരിച്ചിറക്കിയ ഫാല്‍ക്കണ്‍ ഹെവി റോക്കറ്റ് വിക്ഷേപണത്തിന് ശേഷം സ്‌പേസ് എക്‌സ് ആരാധകര്‍ ഏറെ കാത്തിരിക്കുന്ന വിക്ഷേപണമാണ് സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റേത്.
ഭൂഖണ്ഡത്തില്‍ നിന്ന് ഭൂഖണ്ഡത്തിലേക്ക് ബഹിരാകാശം വഴി യാത്ര നടത്തുന്നതും, ചൊവ്വ, ചന്ദ്രന്‍ എന്നിവിടങ്ങളിലേക്കുള്ള യാത്രയും ചരക്കുനീക്കവും സുഗമമാക്കുന്നതുമെല്ലാം സ്റ്റാര്‍ഷിപ്പ് റോക്കറ്റിലൂടെ സ്‌പേസ് എക്‌സ് ലക്ഷ്യമിടുന്നുണ്ട്.
ടെക്‌സാസിലെ കമ്പനിയുടെ തന്നെ സ്റ്റാര്‍ബേസില്‍ നിന്നായിരിക്കും വിക്ഷേപണം. വിക്ഷേപണത്തിന് ശേഷം സ്റ്റാര്‍ഷിപ്പിന്റെ സെക്കന്റ് സ്റ്റേജിനെ ഭ്രമണ പഥത്തില്‍ വിക്ഷേപിക്കും. ശേഷം ഭൂമിയെ ചുറ്റുന്ന സെക്കന്റ് സ്റ്റേജ് ഹവായ് തീരത്ത് മൈലുകള്‍ക്കപ്പുറം കടലില്‍ പതിക്കും.
സെക്കന്റ് സ്റ്റേജില്‍ നിന്ന് വേര്‍പെടുന്ന സൂപ്പര്‍ ഹെവി ബൂസ്റ്റര്‍ ടെക്‌സസാസിലെ ലോഞ്ച് സൈറ്റിനടുത്ത് തിരിച്ചിറങ്ങും. പൂര്‍ണമായും പുനരുപയോഗിക്കാന്‍ സാധിക്കുന്ന വിക്ഷേപണ വാഹനമായിരിക്കും സ്റ്റാര്‍ഷിപ്പ് എന്നാണ് സ്‌പേസ് നല്‍കുന്ന വാഗ്ദാനം.