26.8 C
Kottayam
Sunday, May 5, 2024

കർണാടകയിൽ കന്നുകാലി വ്യാപാരി കൊല്ലപ്പെട്ട സംഭവത്തിൽ അഞ്ചുപേർ രാജസ്ഥാനിൽ അറസ്റ്റിൽ

Must read

ബെംഗളൂരു: കര്‍ണാടകയിലെ രാമനഗരിയില്‍ കന്നുകാലി വ്യാപാരി കൊല്ലപ്പെട്ട സംഭവത്തില്‍ അഞ്ച് പേര്‍ പോലീസ് പിടിയില്‍. ഗുജറാത്ത്, രാജസ്ഥാന്‍ പോലീസിന്റെ സഹായത്തോടെ രാജസ്ഥാനില്‍ വച്ച് കര്‍ണാടക പോലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.

സ്വയം പ്രഖ്യാപിത പശു സംരക്ഷനും ഹിന്ദുത്വ ആക്ടിവിസ്റ്റുമായ പുനീത് കീരഹള്ളി അടക്കം അഞ്ചു പേരെ രാജസ്ഥാനിലെ ബനസ്വാരയില്‍ വച്ച് പിടികൂടിയതായി കര്‍ണാടക പോലീസ് അറിയിച്ചു. സംഭവത്തിന് ശേഷം ഇവര്‍ നിരന്തരമായ യാത്രയിലായിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രതികളെ പിടികൂടുന്നതില്‍ കാലതാമസമുണ്ടായതെന്നും പോലീസ് വ്യക്തമാക്കി.

അതേസമയം ഇദ്രിസ് പാഷയുടെ മരണവുമായി ബന്ധപ്പെട്ട പരിശോധനകള്‍ തുടരുകയാണെന്ന് പോലീസ് ചൂണ്ടിക്കാട്ടി. പോസ്റ്റ് മോര്‍ട്ടം പരിശോധനയില്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ കാര്യമായ പരിക്കുകള്‍ കണ്ടെത്തിയിട്ടില്ല. മരണകാരണം ഹൃദയാഘാതമായിരിക്കാം എന്നൊരു സംശയം ഡോക്ടര്‍മാര്‍ ഉന്നയിച്ചതായും പോലീസ് കൂട്ടിച്ചേര്‍ത്തു.

വെള്ളിയാഴ്ച രാത്രിയായിരുന്നു ഇദ്രിസിനെയും സഹായികളെയും കന്നുകാലികളുമായി പോകുമ്പോള്‍ ഗോസംരക്ഷകര്‍ തടയുന്നത്. കന്നുകാലികളെ വാങ്ങിയതിന്റെ രേഖകളടക്കം കാണിച്ചുനല്‍കിയിട്ടും പുനീതിന്റെ നേതൃത്വത്തിലുള്ള സംഘം ഇദ്രിസിനെ ഉപദ്രവിക്കുകയും അസഭ്യംപറയുകയും പാകിസ്താനിലേക്ക് പോകാനും ആവശ്യപ്പെട്ടു. ഇതിനുപിന്നാലെയാണ് ക്രൂരമായി ആക്രമിച്ചത്.

ശനിയാഴ്ചയാണ് ഇദ്രിസിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇതോടെ ബന്ധുക്കളും നാട്ടുകാരും മൃതദേഹവുമായി പ്രതിഷേധിച്ചു. ഇദ്രിസിനെ മര്‍ദിച്ച് കൊന്നതാണെന്നും ഇദ്രിസിനെ ജീവനോടെ വിട്ടുനല്‍കണമെങ്കില്‍ രണ്ടുലക്ഷം രൂപ നല്‍കണമെന്ന് പുനീത് ആവശ്യപ്പെട്ടിരുന്നതായും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week