തിരുവനന്തപുരം: ബ്രഹ്മപുരം വിഷപ്പുക ജനങ്ങളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടോ എന്ന് പഠിക്കാന്‍ വിദഗ്ധ സമിതിയെ രൂപീകരിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീന ആണ് വിദഗ്ധ സമിതിയുടെ കണ്‍വീനര്‍. രണ്ട് മാസത്തിനുള്ളില്‍ സമിതി റിപ്പോര്‍ട്ട് നല്‍കും.ബ്രഹ്മപുരം തീപിടിത്തത്തില്‍ അട്ടിമറിയില്ലെന്നാണ് പൊലീസിന്റെ് അന്വേഷണ റിപ്പോര്‍ട്ട്. അന്തരീക്ഷത്തിലെ അമിതമായ ചൂടാണ് തീപിടിത്തത്തിന് കാരണം. മാലിന്യത്തിന്റെ അടിത്തട്ടില്‍ ഉയര്‍ന്ന താപനില തുടരുകയാണെന്നും അതിനാല്‍ പ്ലാന്റില്‍ ഇനിയും തീപിടിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബ്രഹ്മപുരത്തെ മാലിന്യ കൂമ്പാരത്തിന് സ്വയം തീപിടിച്ചതാണെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്. കാലങ്ങളായി കെട്ടികിടക്കുന്ന മാലിന്യങ്ങളില്‍ വലിയ രീതിയില്‍ രാസമാറ്റമുണ്ടാകുമെന്നും ഈ രാസവസ്തുക്കളാണ് തീ പിടിക്കാന്‍ കാരണമായതെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു. പടിഞ്ഞാറ് നിന്ന് കിഴക്കോട്ടുളള കാറ്റിന്റെ ദിശയും പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കൂനയും തീ കത്തിപ്പടരാന്‍ കാരണമായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
മാര്‍ച്ച് രണ്ടിന് വൈകിട്ട് ആണ് ബ്രഹ്മപുരത്തെ മാലിന്യ കൂമ്പാരത്തിന് തീപിടിച്ചത്. 12 ദിവസമെടുത്താണ് തീ അണച്ചത്. 110 ഏക്കര്‍ സ്ഥലത്തായിട്ട് വ്യാപിച്ചുകിടക്കുകയാണ് മാലിന്യ പ്ലാന്റ്. മൂന്നാം തവണയാണ് ഇവിടെ തീപിടുത്തമുണ്ടാകുന്നത്. കഴിഞ്ഞ രണ്ട് തവണയും തീ ഉയര്‍ന്നത് ഒറ്റപ്പെട്ട സ്ഥലത്തായിരുന്നു. അന്ന് ആറുമണിക്കൂര്‍ കൊണ്ട് തീ അണക്കാനായിരുന്നു.