തിരുവനന്തപുരം: അപേക്ഷിച്ചാൽ ഉടൻ കെട്ടിട നിർമ്മാണ പെർമിറ്റ് നൽകുന്ന രീതിക്ക് നഗരസഭകളിൽ തുടക്കമായി. സംസ്ഥാനത്തു 300 ചതുരശ്ര മീറ്റർ (3230 ചതുരശ്ര അടി) വരെ വിസ്തീർണമുള്ള വീട് ഉൾപ്പെടെയുള്ള ലോ റിസ്‌ക് കെട്ടിടങ്ങൾക്കാണ് അപേക്ഷിച്ചാൽ ഉടൻ കെട്ടിട നിർമ്മാണ പെർമിറ്റ് നൽകുക.
ഏപ്രിൽ ഒന്നാം തിയതിയായ ഇന്നലെ മുതൽ ഇത് നഗരസഭകളിൽ നടപ്പിലാക്കി തുടങ്ങി. ആദ്യദിനമായ ഏപ്രിൽ ഒന്നിന് വന്ന 11 അപേക്ഷകളിലും ചുരുങ്ങിയ സമയം കൊണ്ട് കംപ്യൂട്ടർ സംവിധാനം തന്നെ പരിശോധിച്ച്, പെർമിറ്റുകൾ അനുവദിച്ചതായി അധികൃതർ പറയുന്നു.
സ്വയം സാക്ഷ്യപ്പെടുത്തുന്ന അപേക്ഷയുടെ അടിസ്ഥാനത്തിലാണ് അനുമതി നൽകുന്നത്്. പെർമിറ്റ് ഫീസ് അടച്ച വ്യക്തികൾക്കു ശനിയാഴ്ച തന്നെ സിസ്റ്റം ജനറേറ്റഡ് പെർമിറ്റ് ഓൺലൈനിൽ ലഭിച്ചു. മറ്റുള്ളവർക്കു ഫീസ് അടച്ചാലുടൻ ലഭ്യമാകും. തിരുവനന്തപുരം 8, കണ്ണൂർ 2, കളമശേരി ഒന്ന് എന്നിങ്ങനെയാണ് ആദ്യ ദിനത്തിലെ അപേക്ഷകൾ. അവധിദിനമായ ഞായറാഴ്ച ഓൺലൈനിൽ രണ്ട് അപേക്ഷകൾ എത്തിയതും പാസായി. ഇവ തിരുവനന്തപുരത്തും തൃശൂരിലുമാണ്.
കെട്ടിട ഉടമസ്ഥരുടെയും പ്ലാൻ തയാറാക്കി നിർമ്മാണ മേൽനോട്ടം വഹിക്കുന്ന ലൈസൻസി/ എംപാനൽഡ് എൻജീനീയർമാരുടെയും സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് ഓൺലൈൻ ആയി അപേക്ഷിക്കേണ്ടത്. തുടർന്നു ഫീസ് അടയ്ക്കാൻ നിർദ്ദേശം ലഭിക്കും.
ഫീസ് അടച്ചാൽ, അപേക്ഷ നൽകുന്ന ദിവസം തന്നെ സിസ്റ്റം ജനറേറ്റഡ് പെർമിറ്റ് ലഭിക്കുകയും നിർമ്മാണം തുടങ്ങുകയും ചെയ്യാം. തീരദേശ പരിപാലന നിയമം, തണ്ണീർത്തട സംരക്ഷണ നിയമം തുടങ്ങിയവ ബാധകമായ മേഖലകളിലല്ല നിർമ്മാണമെന്നും ചട്ടം പൂർണമായും പാലിക്കുന്നുണ്ടെന്നുമുള്ള സത്യവാങ്മൂലമാണു നൽകേണ്ടത്.
അടുത്ത ഘട്ടമായി പഞ്ചായത്തുകളിലേക്കും സംവിധാനം വ്യാപിപ്പിക്കും. ഈ മാസം മുതൽ നഗരസഭകളിൽ വീടുകളടക്കമുള്ള ചെറുകിട കെട്ടിടങ്ങളുടെ പെർമിറ്റ് ലഭിക്കുന്നതിന് ഉദ്യോഗസ്ഥതല പരിശോധന പൂർണമായും ഒഴിവാക്കിയിട്ടുണ്ട്.