തിരുവനന്തപുരം: ഓഫിസിൽ ജീവനക്കാർ കൃത്യസമയത്ത് ഹാജരാകുന്നില്ലെന്ന പരാതിയെ തുടർന്ന് പബ്ലിക് ഓഫിസ് സമുച്ചയത്തിൽ പ്രവർത്തിക്കുന്ന പൊതുമരാമത്ത് വിഭാഗം ചീഫ് ആർക്കിടെക്ടിന്റെ ഓഫിസിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് മിന്നൽ പരിശോധന നടത്തി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ആർക്കിടെക്റ്റിന്റെ ഓഫിസിലെയും അനുബന്ധ ഓഫിസുകളിലെയും രേഖകൾ മന്ത്രി പരിശോധിച്ചു. 11 മണി കഴിഞ്ഞിട്ടും ജീവനക്കാര്‍ എത്താത്തതില്‍ മന്ത്രി ക്ഷോഭിച്ചു. പഞ്ചിങ് റജിസ്റ്റര്‍ ആവശ്യപ്പെട്ട് 20 മിനിറ്റ് കഴിഞ്ഞിട്ടും കിട്ടാത്തത്തിലും മന്ത്രി ക്ഷുഭിതനായി.
മൂവ്മെന്റ് റജിസ്റ്റർ, കാഷ്വൽ ലീവ് റജിസ്റ്റർ, ക്യാഷ് ഡിക്ലറേഷൻ, സ്റ്റോക്ക് റജിസ്റ്റർ, പഞ്ചിങ് സ്റ്റേറ്റ്മെന്റ് തുടങ്ങിയവയാണ് പരിശോധിച്ചത്. ഓഫിസിലെ ആകെ ജീവനക്കാരുടെ എണ്ണം, രേഖാമൂലം അവധിയെടുത്ത ജീവനക്കാരുടെ എണ്ണം, അനധികൃതമായി ലീവെടുത്ത ജീവനക്കാരുടെ എണ്ണം എന്നിവ പരിശോധിച്ചു. ക്യാഷ് റജിസ്റ്ററിൽ ഒരു എൻട്രി മാത്രമാണ് ഉണ്ടായിരുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. പഞ്ചിങ് സ്റ്റേറ്റ്മെന്റിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് അന്വേഷിക്കാൻ പൊതുമരാമത്ത് വിഭാഗം വിജിലൻസ് വിഭാഗത്തെ ചുമതലപ്പെടുത്തി. ബയോമെട്രിക് പഞ്ചിങ് സംവിധാനം നേരത്തെ തന്നെ സ്പാർക്കുമായി ബന്ധപ്പെടുത്താൻ തീരുമാനിച്ചിരുന്നതാണെങ്കിലും ചീഫ് ആർക്കിടെക്റ്റ് ഓഫിസിൽ ഇത് നടപ്പാക്കാത്തതിനാൽ ഇക്കാര്യത്തിൽ ഉടൻ നടപടി സ്വീകരിക്കാൻ മന്ത്രി ആവശ്യപ്പെട്ടു.
ജീവനക്കാരിൽ ചിലർ പഞ്ച് ചെയ്ത് പിന്നീട് പുറത്തേക്ക് പോകുന്നു എന്ന് പരാതിയെ തുടർന്നാണ് പരിശോധന നടത്തിയതെന്ന് മന്ത്രി പറഞ്ഞു. ജീവനക്കാർ വരുന്നതിലും പോകുന്നതിലും കൃത്യതയില്ല. ഇ–ഓഫിസ് ഫയലിങ് കൃത്യമായി നടക്കുന്നില്ല. പഞ്ചിങ് സമ്പ്രദായം ഉൾപ്പെടെ പരിഷ്കരിച്ച് നടപ്പാക്കുന്നത് സംബന്ധിച്ച് നേരത്തെ പല യോഗങ്ങളിലും പറഞ്ഞതാണ്. ഓഫിസിൽ കാര്യങ്ങളെല്ലാം ശരിയായി നടക്കുന്നുണ്ടെന്നാണ് ജീവനക്കാർ യോഗങ്ങളിൽ പറഞ്ഞതെങ്കിലും നേരിട്ട് പരിശോധിച്ചപ്പോൾ പലതും കുത്തഴിഞ്ഞ രീതിയിലാണെന്ന് കണ്ടെത്തി. ഇക്കാര്യത്തിൽ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും മന്ത്രി വ്യക്തമാക്കി.
‘‘പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാനും സുതാര്യത ഉറപ്പുവരുത്തുവാനും തെറ്റായ പ്രവണതകൾ പരിപൂർണമായി ഇല്ലാത്താക്കാനുമുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഓഫിസുകളിൽ കൃത്യസമയത്ത് വരിക, ജോലി ചെയ്യുക എന്നത് പ്രധാനപ്പെട്ട ഉത്തരവാദിത്തമാണ്. ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പെട്ടെന്ന് പരിഹരിക്കാന്‍ ഇതു അനിവാര്യമാണ്. തെറ്റായ പ്രവണതകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്താനാണ് തീരുമാനം’’– പരിശോധനയ്ക്കുശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.