ഇടുക്കി: അരിക്കൊമ്പൻ ദൗത്യം വിലയിരുത്താൻ മന്ത്രി എ കെ ശശീന്ദ്രൻ 25ന് ഇടുക്കിയിലെത്തും. വനം വകുപ്പ് ഉദ്യോഗസ്‌ഥരുടെ യോഗം 25 ന് ചേരും. 26ന് ദൗത്യം പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി അറിയിച്ചു.
26ന് ദൗത്യം പൂർത്തിയായില്ലെങ്കിൽ ഭാവി കാര്യങ്ങള്‍ കൂടി ആലോചിക്കും. നടപടി ക്രമങ്ങൾ കൃത്യമായി പാലിച്ചായിരിക്കും ദൗത്യം നടത്തുക. ആരെങ്കിലും നിയമനടപടിയുമായി മുന്നോട്ടുപോയാല്‍ തിരിച്ചടി ഉണ്ടാകാതിരിക്കാനാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
അരിക്കൊമ്പനെ പിടികൂടാനുള്ള സംഘത്തിലെ രണ്ട് കുങ്കിയാനകൾ നാളെ വയനാട്ടിൽ നിന്നും തിരിക്കും. കുഞ്ചു, കോന്നി സുരേന്ദ്രൻ എന്നീ കുങ്കിയാനകളാണ് ഇനി എത്താനുള്ളത്. ദൗത്യത്തിന്‍റെ പശ്ചാത്തലത്തിൽ ചിന്നക്കനാൽ മേഖലയിലെ ജനങ്ങളെ ബോധവൽക്കരിക്കുന്ന നടപടികൾ ഇന്ന് തുടങ്ങും.
അതിനിടെ പാലപ്പിള്ളിയിൽ വീണ്ടും ആനയിറങ്ങി. പിള്ളത്തോട് പാലത്തിനടുത്ത് ഒറ്റയാനാണ് ഇറങ്ങിയത്. ആനയെക്കണ്ട് ഭയന്നോടിയ ടാപ്പിംഗ് തൊഴിലാളി പ്രസാദിന് പരിക്കേറ്റു.
പരിക്ക് സാരമുള്ളതല്ല. ടാപ്പിങ് തൊഴിലാളിയെ ഒറ്റയാൻ ഓടിച്ച റബ്ബർ തോട്ടത്തിൽ കാട്ടാനക്കൂട്ടവും ഇറങ്ങിയിട്ടുണ്ട്. 15 ലധികം ആനകളാണ് കൂട്ടത്തിലുള്ളത്. ഫീൽഡ് നമ്പർ 89,90 ലാണ് ആനക്കൂട്ടം. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.