കൊച്ചി: ബ്രഹ്‌മപുരത്തെ തീ പിടിത്തത്തില്‍ ആരോപണവിധേയരായ കരാര്‍ കമ്പനി സോണ്‍ടയുമായി മുഖ്യമന്ത്രി പിണറായി വിജയന് ബന്ധമുണ്ടെന്ന് ആരോപിച്ച് കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണി. കമ്പനി മേധാവികളുമായി മുഖ്യമന്ത്രി നെതര്‍ലന്‍ഡ്‌സില്‍ കൂടിക്കാഴ്ച നടത്തിയെന്നും ഇതിന് പിന്നാലെ കേരളത്തിലെ മൂന്ന് കരാറുകള്‍ ഇവര്‍ക്ക് ലഭിച്ചെന്നും ടോണി ചമ്മിണി ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസുമടക്കമുള്ളവര്‍ സോണ്‍ട കമ്പനി മേധാവിമാര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രവും ടോണി ചമ്മിണി പുറത്തുവിട്ടു.
‘2019 മെയ് എട്ട് മുതല്‍ 12 വരെ മുഖ്യമന്ത്രി നെതര്‍ലന്‍ഡ്‌സ് സന്ദര്‍ശിച്ചപ്പോള്‍ സോണ്‍ട കമ്പനിയുടെ കണ്‍സോര്‍ഷ്യവുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. സോണ്‍ട ഡയറക്ടര്‍ ഡെന്നീസ് ഈപ്പന്‍ അടക്കമുള്ളവര്‍ ഇതില്‍ പങ്കെടുത്തു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കെ.എസ്‌ഐ.ഡി.സി. സിംഗിള്‍ ടെന്‍ഡറായി സോണ്‍ടയ്ക്ക് കരാര്‍ കൊടുക്കാന്‍ തീരുമാനിച്ചത്.
ഇതുകൊണ്ടാണ് കഴിഞ്ഞ 13 ദിവസമായി മുഖ്യമന്ത്രി ഒളിച്ചുകളിച്ചത്. പ്രതിപക്ഷ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഇന്ന് സഭയില്‍ സംസാരിച്ചത്. അതാണെങ്കില്‍ കമ്പനിയെ വെള്ളപൂശുന്ന നിലയിലുമായിരുന്നു. ടെന്‍ഡറില്‍ പങ്കെടുക്കുന്ന ഒരു കമ്പനിയുമായി കരാറിന് തൊട്ടുമുമ്പായി കൂടിക്കാഴ്ച നടത്തുന്നത് ശരിയാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം’ ടോണി ചമ്മിണി പറഞ്ഞു.
മെയ് 12-ന് മുഖ്യമന്ത്രി നെതര്‍ലന്‍ഡ്‌സില്‍ നിന്ന് തിരിച്ചെത്തി. മെയ് 14ന് കോഴിക്കോട് സോണ്‍ട കമ്പനി സിംഗിള്‍ ടെന്‍ഡറില്‍ കരാറായി. പിന്നീട് കൊച്ചിയും കൊല്ലത്തും ഇവര്‍ക്ക് കരാറായി. മൂന്ന് ഇടങ്ങളിലും നിയമാനുസൃതമായിട്ടല്ല കരാര്‍ നടത്തിയിട്ടുള്ളത്. പിന്നിലുള്ള ബാഹ്യ ഇടപെടല്‍ എന്ന് പറയുന്നത് നെതല്‍ഡ്‌സിലെ കൂടിക്കാഴ്ചയാണ്.
കമ്പനിയുടെ പ്രതിനിധിയായി ഒരു വിദേശ പൗരന്‍ അടങ്ങിയ സാഹചര്യത്തില്‍ ഇതിലൊരു സിബിഐ അന്വേഷണമാണ് വേണ്ടതെന്നും ടോണി ചമ്മിണി ആവശ്യപ്പെട്ടു. ‘all roads lead to Rome’ എന്ന് ഇംഗ്ലീഷിലൊരു പഴഞ്ചൊല്ല് ഉണ്ട്! കേരളത്തില്‍ നടക്കുന്ന ഏത് അഴിമതിയും അന്വേഷിച്ചാല്‍ ചെന്ന് നില്‍ക്കുക ക്ലിഫ് ഹൌസിലാണെന്നും ചമ്മിണി ആരോപിച്ചു.
ബ്രഹ്‌മപുരത്തെ ബയോമൈനിംഗ് കരാര്‍ ഏറ്റെടുത്ത കമ്പനി സോണ്‍ട ഇന്‍ഫ്രൊടെക്കിനെതിരെ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി നേരത്തെ രംഗത്തെത്തിയിരുന്നു. കമ്പനിക്കെതിരെ ആരോപണം ഉന്നയിച്ചത് മുതല്‍ തന്നെ സോണ്ട ഇന്‍ഫ്രൊടെക്ക് എംഡി പല രീതിയില്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതായി ടോണി ചമ്മണി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മലബാറിലുള്ള ഒരു മുന്‍ എംപി യുമായി അടുപ്പമുള്ള നിര്‍മ്മാതാവാണ് കമ്പനിക്ക് വേണ്ടി തന്നെ ഒന്നരവര്‍ഷം മുന്‍പ് സമീപിച്ചത്. ആരോപണങ്ങളില്‍ നിന്ന് പിന്‍മാറാനായി എന്തും ചെയ്യാമെന്ന് ഫോണ്‍ വഴി രാജ് കുമാര്‍ ചെല്ലപ്പന്‍ പറഞ്ഞുവെന്ന് ടോണി ചമ്മിണി വെളിപ്പെടുത്തി.
താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുന്നതായും ജിജെ ഇക്കോ പവര്‍ എന്ന കന്പനിയുമായി ഒരു ബന്ധവുമില്ലെന്നും ടോണി ചമ്മണി പറയുന്നു. ബ്രഹ്‌മപുരത്ത് മാലിന്യ സംസ്‌കരണത്തിനായി കരാറിലേര്‍പ്പെട്ട് പിന്നീട് സര്‍ക്കാര്‍ പുറത്താക്കിയ ജിജെ ഇക്കോ പവര്‍ കമ്പനിയ്ക്ക് വേണ്ടി ടോണി ചമ്മണി ഗൂഡാലോചന നടത്തുന്നു എന്നായിരുന്നു സോണ്‍ട എംഡി രാജ് കുമാര്‍ ചെല്ലപ്പന്റെ ആരോപണം.
ജിജെ ഇക്കോ പവര്‍ എന്ന കമ്പനിയുമായി ഒരു ബന്ധവുമില്ലെന്നും ടോണി ചമ്മണി പറഞ്ഞു. തന്റെ ആരോപണങ്ങള്‍ക്കെതിരെ നിയമ നടപടി എടുക്കാന്‍ സോണ്‍ട ഇന്‍ഫ്രൊടെക്കിനെ വെല്ലുവിളിക്കുന്നുവെന്നും മുന്‍ മേയര്‍ പറയുന്നു. ജിജെ ഇക്കോ പവര്‍ കന്പനിയ്ക്ക് വേണ്ടി ടോണി ചമ്മണി ഗൂഡാലോചന നടത്തുന്നു എന്നായിരുന്നു രാജ് കുമാര്‍ ചെല്ലപ്പന്റെ ആരോപണം.
അതേസമയം കൊച്ചി കോര്‍പ്പറേഷന്റെയും ബ്രഹ്‌മപുരത്തെ കരാറുകള്‍ ഏറ്റെടുത്ത കമ്പനികളുടെയും വീഴ്ചകള്‍ വിശദീകരിച്ച് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഖര മാലിന്യ സംസ്‌കരണ ചട്ടം 2016 ലെ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ അനുമതിയില്ലാതെയാണ് ബ്രഹ്‌മപുരം പ്ലാന്റ് പ്രവര്‍ത്തിച്ചതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പ്രത്യേക സംഘം ബ്രഹ്‌മപുരം സന്ദര്‍ശിച്ചിരുന്നു. തീപിടുത്തം നടന്ന സ്ഥലങ്ങളും,ജൈവ മാലിന്യം സംസ്‌കരിച്ച സ്റ്റാര്‍ കണ്‍സ്ട്രക്ഷന്‍സിന്റെ പ്ലാന്റും ബയോമൈനിംഗ് നടത്തുന്ന സോണ്ട ഇന്‍ഫ്രാടെക്കിന്റെ പദ്ധതി പ്രദേശങ്ങളും സംഘം പരിശോധിച്ചു. കൊച്ചി കോര്‍പ്പറേഷന്‍ ബ്രഹ്‌മപുരത്ത് ഖര മാലിന്യ സംസ്‌കരണം സംബന്ധിച്ച ചട്ടങ്ങള്‍ പാലിച്ചില്ല എന്നായിരുന്നു പ്രധാന കണ്ടെത്തല്‍.പിന്നീട് കോര്‍പറേഷന്‍ സെക്രട്ടറിയും ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചിരുന്നു.