കൊച്ചി:സിനിമാ രംഗത്ത് ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയാണ് കുളപ്പുള്ളി ലീല. അയാൾ കഥയെഴുതുകയാണ് എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ കുളപ്പുള്ളി ലീല പിന്നീട് നിരവധി കോമഡി വേഷങ്ങൾ ചെയ്തു. ദേഷ്യക്കാരിയും തെറി പറയുകയും ചെയ്യുന്ന സ്ത്രീയുടെ വേഷമാണ് മിക്ക സിനിമകളിലും കുളപ്പുള്ളി ലീല ചെയ്തത്.
ഇന്ന് തമിഴിലും സജീവ സാന്നിധ്യമായിരിക്കുകയാണ് നടി. ദ ക്യൂവിന് നടി നൽകിയ അഭിമുഖമാണിപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ ജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ചും തനിക്കെതിരെ വരുന്ന പ്രചരണങ്ങളെക്കുറിച്ചും കുളപ്പുള്ളി ലീല സംസാരിച്ചു.
ഞാൻ ഒരു കുഗ്രാമത്തിൽ ജനിച്ച് വളർന്നയാളാണ്. ഞാൻ സിനിമ സ്വപ്നം കണ്ടതല്ല. സിനിമാക്കാരും സർക്കാരും ആകാശത്താണെന്നായിരുന്നു എന്റെ ധാരണ. സിനിമയൊന്നും കാണാറില്ലായിരുന്നു. പക്ഷെ എന്റെ അമ്മ കച്ചേരി വരെ പഠിച്ചയാളാണ്. പക്ഷെ അതെനിക്ക് അറിയില്ലായിരുന്നു. അത് ഞാനറിഞ്ഞിട്ട് ഒരു വർഷത്തിലേറെയായിട്ടേയുള്ളൂ’
‘അമ്മ ആശുപത്രിയിലായപ്പോൾ അമ്മയെക്കുറിച്ച് ഒരു പാട്ടെഴുതി. ഒരു ദിവസമിരുന്ന് മൂളിയപ്പോൾ അമ്മ താളം പിടിക്കുന്നു. കച്ചേരി പഠിച്ചവർ താളം പിടിക്കുന്നത് വിരലിൽ നോക്കിയാൽ അറിയാം. അമ്മ കച്ചേരി പഠിച്ചിട്ടുണ്ടോയെന്ന് ചോദിച്ചു. അതെയെന്ന് പറഞ്ഞു. അപ്പോഴാണ് മനസ്സിലായത്’
‘ഞാൻ നാടകത്തിൽ പോവുന്നതിന് അമ്മ പിന്തുണച്ചിരുന്നു, എന്റെ ചെറുപ്പത്തിലൊന്നും നാടകത്തിൽ പോവുന്നത് ആർക്കും ഇഷ്ടമല്ല. ജാതി പറയുന്നതല്ല, നായൻമാരെന്നാൽ പുറത്തിറങ്ങാൻ പാടില്ലെന്ന കാലത്തായിരുന്നു. അമ്മ അന്നെനിക്ക് സപ്പോർട്ടായിരുന്നു. ഇന്ന് എനിക്ക് കലാപരമായി എന്തെങ്കിലുമുണ്ടെങ്കിൽ അതെന്റെ അമ്മയുടെ അനുഗ്രഹമാണ്. അമ്മയുടെ പാരമ്പര്യമാണ്’
‘എന്റെ അമ്മയ്ക്ക് കഞ്ഞി കൊടുക്കണം. അതിന് വേറെ ആരുമുണ്ടാവില്ലെന്നറിയാം. അപ്പോ ഈശ്വരനൊരു വഴി തന്നു. അത്രയേ ഞാൻ കണക്കാക്കുന്നുള്ളൂ. ബുദ്ധിമുട്ടി തന്നെയാണ് ജീവിച്ചത്. ഓർമ്മ വെച്ച കാലം മുതൽ ഞാനാണ് കുടുംബം നോക്കുന്നത്. ആൾക്കാര് പറയുന്നത് പോലെയുള്ള വരുമാനമൊന്നുമില്ലായിരുന്നു. ഇന്നും കഷ്ടപ്പെട്ട് തന്നെയാണ് ജീവിക്കുന്നത്. ഇന്ന് അമ്മയ്ക്ക് 94 വയസ്സായി. ഒരാളില്ല സഹായിക്കാൻ. ഭർത്താവില്ല, മക്കളില്ല. രണ്ട് ആൺകുട്ടികളായിരുന്നു, അവർ രണ്ട് പേരും മരിച്ച് പോയി’
’ദൈവം വിചാരിച്ചത് അത് വേണ്ട, എന്തായാലും വയസ്സാൻ കാലത്ത് നിന്റെ തള്ളയെ നീ നോക്കണം. അതിന് നിനക്കൊരു വഴിയെന്ന് പറഞ്ഞ് ഈശ്വരൻ തന്നു. അമ്മയെ സുഖ സുന്ദരമായിട്ട് നോക്കണം. അത് മാത്രമാണ് എന്റെ ആഗ്രഹം. കുടുംബ സ്വത്തോ കാര്യങ്ങളോ ഇല്ല. അമ്മ കുറച്ചൊക്കെ തന്നിരുന്നു. പക്ഷെ അതൊക്കെ എന്റെ ദാന ധർമ്മം കൊണ്ട് കഴിഞ്ഞ് പോയി. പലരും എനിക്ക് പൈസ തരാനുണ്ട്. 75 ലക്ഷം രൂപയോളം കിട്ടാനുണ്ട്’
‘എന്റെ വീടിനടുത്തുള്ളവരും അകലത്തുള്ളവരുമൊക്കെ. ജഗദീശ്വനറിയാം. ആരോടും പരാതിയും പരിഭവവുമില്ല. എന്റെ കൂട്ടുകാരിയാണ് അമ്മയെ നോക്കുന്നത്. അമ്മയെ പൊന്നു പോലെ നോക്കും. എനിക്ക് പോലും പറ്റില്ല. പോവുക എന്ന ചിന്ത മാത്രമേയുള്ളൂ. ദിവസം അഞ്ച് കുളിയൊക്കെ കുളിക്കും’
താൻ മരിച്ചെന്ന വ്യാജ വാർത്ത പലരും പ്രചരിപ്പിക്കുന്നെന്നും കുളപ്പുള്ളി ലീല പറഞ്ഞു. ‘ഇപ്പോൾ പറയുന്നത് ഞാൻ സുഖമില്ലാതെ കിടക്കുകയാണെന്നാണ്. എന്തിനാണിങ്ങനെ പാര പണിയുന്നത്. ഇതാണ് ജനങ്ങൾ. പക്ഷെ എല്ലാവരെയും കുറ്റം പറയാൻ പറ്റില്ല,’ കുളപ്പുള്ളി ലീല പറഞ്ഞു. തമിഴ് സിനിമകളിലാണ് നടിക്കിപ്പോൾ കൂടുതൽ അവസരങ്ങൾ ലഭിക്കുന്നത്.