കോന്നി: പത്തനംതിട്ട വെട്ടൂരില്‍ കാറിലെത്തിയ സംഘം വീട്ടില്‍നിന്ന് വിളിച്ചിറക്കി തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. കാലടി സ്റ്റേഷന് സമീപത്താണ് വെട്ടൂര്‍ മുട്ടുമണ്‍ ചങ്ങായില്‍ അജേഷ് കുമാറിനെ (ബാബുക്കുട്ടന്-38) സംഘം ഇറക്കിവിട്ടത്. വ്യാഴാഴ്ച രാത്രിയോടുകൂടി എറണാകുളം കാലടി സ്റ്റേഷന് സമീപത്ത് ഇറക്കിവിടുകയായിരുന്നു. കാലടി പോലീസ് കസ്റ്റഡിയിലെടുത്ത് ഇയാളെ പത്തനംതിട്ടയില്‍ നിന്നുള്ള പോലീസ് സംഘത്തിന് കൈമാറി.
വെട്ടൂര്‍ ആയിരവില്ലന്‍ ക്ഷേത്ര ഉപദേശക സമിതിയുടെ പ്രസിഡന്റാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് കാറില്‍ അഞ്ചുപേര്‍ അജേഷിന്റെ വീടിന്റെ മുന്നിലെത്തിയത്. ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഇദ്ദേഹത്തെ വീട്ടില്‍നിന്ന് വിളിച്ചിറക്കി കാറിന് അടുത്തേക്ക് കൊണ്ടുപോയി. തുടര്‍ന്ന് ബലമായി പിടിച്ചുകയറ്റിയശേഷം വാഹനം ഓടിച്ചുപോയി.
പിടിവലിയും ബഹളവും കേട്ട് അജേഷിന്റെ അമ്മ ശ്രീലത കാറിനടുത്തേക്ക് ഓടിവന്ന് ഡോറിന് പിടിച്ചപ്പോള്‍ ഇവരെയും ഉള്ളിലേക്ക് വലിച്ചിട്ടു. എന്നാല്‍, അല്പദൂരം മുന്നോട്ടെടുത്ത ശേഷം ഇറക്കിവിട്ടു. ബഹളം കേട്ട് അച്ഛന് ഉണ്ണികൃഷ്ണന് നായര്‍ എത്തിയെങ്കിലും വാഹനം തടയാനായില്ല. ഓടിവന്ന സമീപവാസികള്‍ കാറിന്റെ പിറകുവശത്തെ ചില്ല് കല്ലെടുത്ത് എറിഞ്ഞ് തകര്‍ത്തെങ്കിലും നിര്‍ത്തിയില്ല.
സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞ കാറിന്റെ ദൃശ്യത്തില്‍ നിന്ന് രജിസ്ട്രേഷന് നമ്പര്‍ പോലീസ് തിരിച്ചറിഞ്ഞിരുന്നു. വൈകുന്നേരത്തോടെ അജേഷ് വീട്ടിലേക്ക് ഫോണ്‍ വിളിച്ചിരുന്നു. കുഴപ്പമില്ലെന്ന് പറയുകയും ചെയ്തു. എന്നാല്‍, തിരികെ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഹോളോ ബ്രിക്സ് കമ്പനിയുടമകൂടിയായ ഇയാള്‍ക്ക് സാമ്പത്തിക ഇടപാടുകളോ മറ്റ് പ്രശ്നങ്ങളോ ഉള്ളതായി അറിവില്ലെന്നായിരുന്നു കേസന്വേഷിക്കുന്ന മലയാലപ്പുഴ പോലീസ് നേരത്തേ അറിയിച്ചിരുന്നത്.
അതേസമയം, അജേഷിനെ തട്ടിക്കൊണ്ടുപോയത് ക്വട്ടേഷന്‍ സംഘമാണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. സാമ്പത്തിക ഇടപാടിന് പുറമേ ഇയാളുടെ മൊബൈല്‍ ഫോണില്‍ ഉള്ളതായി കരുതുന്ന ഒരു വീഡിയോ ദൃശ്യവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിലേക്ക് നയിച്ചതെന്നുമാണ് സംശയിക്കുന്നത്. പത്തനംതിട്ട സ്വദേശിയായ ഇതരസംസ്ഥാനങ്ങളില്‍ ബിസിനസ് ബന്ധമുള്ള ഒരാള്‍ ക്വട്ടേഷന്‍ നല്‍കിയതായാണ് സംശയം.