കോഴിക്കോട്: കഴിഞ്ഞ ദിവസം മലയാള സിനിമ മുഴുവൻ കോഴിക്കോട് ഒഴുകിയെത്തിയിരുന്നു. കാരണം ഡിസ്നി ഇന്ത്യ പ്രസിഡന്റ് കെ.മാധവന്റെ മകന്റെ വിവാഹ റിസപ്ഷൻ കോഴിക്കാടാണ് സംഘടിപ്പിച്ചത്. കോഴിക്കോടുള്ള ആഡംബര ഹോട്ടലിൽ വെച്ചായിരുന്നു ആഘോഷങ്ങൾ.
ഒരാഴ്ച മുമ്പ് ജയ്പൂരിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. ജയ്പൂരിലെ രാംബാഗ് പാലസിൽ വെച്ചായിരുന്നു വിവാഹം നടന്നത്. ബോളിവുഡ് ഇതിഹാസങ്ങളായ ആമിർഖാൻ, അക്ഷയ് കുമാർ, കരൻ ജോഹർ, ഉലകനായകൻ കമൽഹാസൻ, മോഹൻലാൽ, പൃഥ്വിരാജ് എന്നിവരാണ് വിവാഹത്തിൽ പങ്കെടുത്തത്.
പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയും വിവാഹത്തിൽ പങ്കെടുത്തിരുന്നു. അവിടെ നിന്നുമുള്ള മോഹൻലാലിന്റേയും പൃഥ്വിരാജിന്റേയുമെല്ലാം രസകരമായ വീഡിയോകൾ വൈറലായിരുന്നു. വിവാഹത്തിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കായാണ് കോഴിക്കോട് വീണ്ടും റിസപ്ഷൻ സംഘടിപ്പിച്ചത്. സിനിമ-രാഷ്ട്രീയ മേഖലയിൽ ഉള്ള നിരവധി പേർ റിസപ്ഷനിൽ പങ്കെടുത്തു.
ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നുണ്ട്. മാമുക്കോയ, ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള, യുസഫലി, മന്ത്രി റിയാസ്, ലിസി പ്രിയദർശൻ, ആശാ ശരത്ത്, തുടങ്ങി നിരവധി പ്രമുഖർ ആഘോഷത്തിൽ പങ്കുചേർന്നു.
ഇപ്പോഴിത വിവാഹ റിസപ്ഷനിൽ പങ്കെടുക്കാനെത്തിയ നടൻ മോഹൻലാൽ മാധവന്റെ കുടുംബവുമായി തനിക്കുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
തന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കുന്ന സന്തോഷമാണ് മാധവന്റെ മകന്റെ വിവാഹത്തിൽ പങ്കെടുത്തപ്പോൾ അനുഭവപ്പെടുന്നതെന്നാണ് മോഹൻലാൽ പറഞ്ഞത്.
എല്ലാവർക്കും സന്തോഷകരമായ സായാഹ്നം നേരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ലാലേട്ടൻ സംസാരിച്ചു തുടങ്ങിയത്. ‘ചില അപൂർവ്വ സന്ദർഭങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകാറുണ്ട്.’
‘അത്തരത്തിൽ ദൈവത്തോട് ഞാൻ നന്ദി പറയുകയാണ് അത്തരം ഒരു അവസരം എനിക്ക് തന്നതിൽ. കാരണം ഞാൻ ഈ വിവാഹത്തിന് പങ്കെടുക്കാൻ എത്തുമെന്ന് വിചാരിച്ചതല്ല. ഞാൻ രാജസ്ഥാനിൽ ആയിരുന്നു ഉണ്ടായിരുന്നത്.’
‘അവിടെ നിന്നും എനിക്ക് ഏറ്റവും ഇഷ്ടപെട്ട സൗഹൃദങ്ങളുടെ നഗരമായ കോഴിക്കോട് എങ്ങനെ എത്തും എന്നായിരുന്നു ആകുലത. പക്ഷെ എനിക്ക് എത്താൻ കഴിഞ്ഞു. അത് മാധവനും അദ്ദേഹത്തിന്റെ കുടുംബവും ആയുള്ള സൗഹൃദവും ബന്ധവും കൊണ്ടുതന്നെയാണെന്ന് ഞാൻ വിശ്വസിക്കുന്നു.’
‘സൗഹൃദത്തിന് ഞാനും മാധവനും ഒരേ പോലെ പ്രാധാന്യം കൊടുക്കുന്ന ആളുകളാണ്. എനിക്ക് മാധവനുമായി ഒരു ഇരുപത്തിയഞ്ച് വർഷത്തെ ബന്ധമുണ്ട്. ഞങ്ങൾ സുഖങ്ങളും ദുഖങ്ങളും എല്ലാം ഒരുമിച്ചനുഭവിച്ചുകൊണ്ട് തന്നെ മുന്നേറികൊണ്ടിരിക്കുകയാണ്.’
‘മാധവന്റെ കുടുംബവുമായൊക്കെ ഒരുപാട് യാത്രകൾ നമ്മൾ പോകാറുണ്ട്. ഞാൻ മാത്രമല്ല ഞങ്ങൾക്ക് ഒരുപറ്റം സുഹൃത്ത് വലയങ്ങളുണ്ട് അവർ എല്ലാവരുമായി നമ്മൾ യാത്ര പോകാറുണ്ട്. അത്തരം യാത്രകളിലാണ് നമ്മൾ ഒരാളെ കൂടുതൽ മനസിലാക്കുകയും അടുത്തറിയുകയും ചെയ്യുന്നത്. മാധവനും വ്യക്തി ബന്ധങ്ങൾക്ക് വളരെ അധികം പ്രാധാന്യം കൊടുക്കുന്ന ആളാണ്.’
‘അതുകൊണ്ടുതന്നെ ഞങ്ങളുടെ യാത്രകളിൽ അദ്ദേഹത്തെ കൂടുതൽ അറിയാനും പരിചയപ്പെടാനും ഞങ്ങളുടെ സൗഹൃദം പുതുക്കാനും ഒക്കെ സാധിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മക്കളായ ഗൗതമും ലക്ഷ്മിയും എനിക്ക് എന്റെ കുട്ടികളെ പോലെ തന്നെയാണ്.’
‘അവരുടെ ചെറുപ്പം മുതൽ വളർന്ന് വരുന്ന കാലഘട്ടങ്ങൾ എല്ലാം കണ്ടുകൊണ്ടിരുന്ന ആളാണ് ഞാൻ. ഗൗതമും ഹിരാങ്കിയും വിവാഹിതർ ആകുന്നുവെന്ന് പറഞ്ഞ് കേട്ടപ്പോൾ തന്നെ കാലം എത്ര വേഗം കുതിക്കുന്നുവെന്ന് മനസിലാകുന്നു.’
‘എന്റെ മകന്റെ വിവാഹത്തിൽ എന്ന പോലെ എനിക്ക് സന്തോഷം നൽകുന്ന നിമിഷമാണ് ഇത്. എന്റെ കുടുംബത്തിന് എത്തിച്ചേരാൻ കഴിഞ്ഞില്ല. എന്ത് തന്നെ ആയാലും നവദമ്പതിമാർക്ക് എന്റേയും കുടുംബത്തിന്റേയും ആശംസ. ജീവിതം മനോഹരമായ ഒരു യാത്രയാണ്. അതിൽ രണ്ടുപേരും അടുത്തറിഞ്ഞ് ഒരുമിച്ച് പോകുമ്പോൾ അത് മനോഹരമായ ഒരു സംഗീതം പോലെ ആകുന്നു.’
‘ഇത്തരം സന്തോഷ സമാഗമവേളയിൽ വലിച്ച് നീട്ടുന്നില്ല. കവി പറഞ്ഞ പോലെ ഒരു വാക്ക് ഒരു ചിരി ഞാൻ സന്തുഷ്ടവാനാണ്. സത്യത്തിൽ വളരെ അധികം സന്തോഷമുണ്ട്’ എന്നാണ് മോഹൻലാൽ പറഞ്ഞ് അവസാനിപ്പിച്ചത്.