ദുബായ്: ചവറ്റുകുട്ടയില്‍ നിന്നും ലഭിച്ച പണം രണ്ട് പ്രവാസികൾ ചേർന്ന് ദുബായിൽ നിന്നും നാട്ടിലേക്ക് അയച്ചു. ദുബായിലെ ഒരു വില്ലയിൽ എത്തിയതായിരുന്നു ഈ രണ്ട് പ്രവാസികളും. അവിടത്തെ ചവറ്റുകുട്ടയിൽ നിന്നാണ് അവർക്ക് 8,15,000 ദിര്‍ഹം (1.83 കോടിയിലധികം ഇന്ത്യന്‍ രൂപ) കിട്ടിയത്. കിട്ടിയ തുകയെ കുറിച്ച് ഇവർ അധികൃതരോട് സംസാരിച്ചില്ല.
ജോലിക്ക് പോയ വീട്ടിലെ ആരോടും വിഷയം സംസാരിച്ചില്ല. തുക രണ്ട് പേരും കൂടി വീതിച്ചെടുത്ത് നാട്ടിലേക്ക് അയച്ചു. അവിടെ താമസിച്ചിരുന്ന വീട്ടുടമയായ അറബ് യുവതി ഒളിപ്പിച്ചുവെച്ച പണം ആയിരുന്നു അത്.
ചെറിയ ചവറ്റുകുട്ടയില്‍ ആണ് ഇവർ പണം ഒളിപ്പിച്ചിരുന്നത്. അത് വില്ലയുടെ ടെറസിന്റെ ഒരു ഭാഗത്ത് സൂക്ഷിച്ചുവെച്ചു. പിന്നീട് അവധി കാലം ആഘോഷിക്കാൻ വേണ്ടി അവർ വിദേശത്തേക്ക് പോയി. തിരികെ വീട്ടിൽ എത്തി പണം പരിശോധിച്ചപ്പോൾ കാണുന്നില്ല. ഉടൻ തന്നെ യുവതി പോലീസിൽ പരാതി നൽകി.
തുടർന്ന് ദുബായ് പോലീസ് പ്രത്യേക സംഘത്തെ കേസ് അന്വേഷിക്കുന്നതിന് വേണ്ടി നിയോഗിച്ചു. ഇവർ ആണ് തെളിവുകൾ ശേഖരിച്ചത്. സമീപ പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചു. അതിൽ നിന്നാണ് വില്ലയിൽ അറ്റകുറ്റപ്പണികള്‍ക്കായി എത്തിയ രണ്ട് പ്രവാസികളിലേക്ക് അന്വേഷണം നീങ്ങുന്നത്.
വില്ല കോംപ്ലക്സിന്റെ മെയിന്റനന്‍സ് ചുമതലയുള്ള കമ്പനി നിയോഗിച്ച് രണ്ട് ജീവനക്കാർ ആയിരുന്നു അവർ. വീട്ടിലെ എ.സിയുടെ അറ്റകുറ്റപ്പണികള്‍ക്കായി ആണ് അവർ എത്തിയിരുന്നത്. ഇവരെ ചേദ്യം ചെയ്തപ്പോൾ അവർ കുറ്റം സമ്മതിച്ചു. വീട്ടിലെ ചവറ്റു കുട്ടയിൽ നിന്നും ആണ് പണം ലഭിച്ചത്. ഞങ്ങൾ രണ്ട് പേരും ചേർന്ന് പണം വീതിച്ചെടുത്തു എന്ന് അവർ പോലീസിനോട് സമ്മതിച്ചു.
ദുബായ് പ്രാഥമിക കോടതിയാണ് രണ്ട് പ്രതികൾക്കും ശിക്ഷ വിധിച്ചത്. മൂന്ന് മാസം വീതം ആണ് ഇവർക്ക് ശിക്ഷ വിധിച്ചത്. കൂടാതെ 1,65,000 ദിര്‍ഹം പിഴ അടക്കാനും കോടതി ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശിക്ഷ പൂർത്തിയാക്കിയ ശേഷം ഇവരെ നാടുകടത്താൻ ആണ് തീരുമാനിച്ചിരിക്കുന്നത്.