തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക പ്രയാസങ്ങള്‍ നേരിടുകയാണെന്ന വാദം മുന്‍നിര്‍ത്തിയാണ് ഇന്ധനത്തിന് രണ്ടുരൂപ അധിക സെസ് ഏര്‍പ്പെടുത്തിയത്. എന്നാല്‍ കൂടുതല്‍ വിഭവ സമാഹരണത്തിനായി സര്‍ക്കാര്‍ ജനങ്ങളെ പിഴിയുമ്പോഴും ആയിരക്കണക്കണക്കിന് കോടിരൂപയുടെ റവന്യു കുടിശ്ശിക സംസ്ഥാനം പിരിക്കാതിരിക്കുന്നുവെന്ന് സിഎജി റിപ്പോര്‍ട്ട്.
കഴിഞ്ഞ അഞ്ച് വര്‍ഷമായി 7,100.32 കോടി രൂപയുടെ റവന്യുകുടിശ്ശിക സര്‍ക്കാര്‍ പിരിച്ചെടുത്തില്ലെന്നാണ് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ 1952 മുതലുള്ള എക്സൈസ് വകുപ്പിന്റെ കുടിശികയും ഉള്‍പ്പെടുന്നു. 2019-2021 കാലയളവിലെ റവന്യൂ വിഭാഗവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശമുള്ളത്.
സര്‍ക്കാരിന് ലഭിക്കാനുള്ള ആകെ റവന്യു കുടിശ്ശിക 21797.86 കോടിയാണ്. ഇതില്‍ 6422.49 കോടി സര്‍ക്കാരില്‍നിന്നും സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങളില്‍നിന്നും പിരിച്ചെടുക്കാന്‍ ബാക്കി നില്‍ക്കുന്നതാണെന്നും സിഎജി പറയുന്നു. സംസ്ഥാനത്തിന്റെ ആകെ റവന്യൂ വരുമാനത്തിന്റെ 22.33 ശതമാനമാണ് സംസ്ഥാനത്തിന്റെ മൊത്തം കുടിശ്ശിക. പിരിച്ചെടുക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ശ്രമിക്കുന്നില്ല. എഴുതി തള്ളുന്നതിനായി സര്‍ക്കാരിലേക്ക് അയച്ച 1,905 കോടിയുടെ കേസിലും തുടര്‍നടപടി സ്വീകരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
റവന്യൂ വകുപ്പിന് കുടിശിക കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നില്ല. സ്റ്റേകള്‍ കാരണം 6,143 കോടി പിരിച്ചെടുക്കാന്‍ ബാക്കിയാണ്. ഇത് മൊത്തം കുടിശിക തുകയുടെ 32.79 ശതമാനമാണ്. സ്റ്റേ ഒഴിവാക്കി തുക പിരിച്ചെടുക്കാന്‍ വകുപ്പുകള്‍ നടപടി സ്വീകരിക്കണം. വകുപ്പുകള്‍ ബാക്കി നില്ക്കുന്ന കുടിശികയുടെ ഡേറ്റാ ബാങ്ക് തയാറാക്കണമെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.
കുടിശ്ശിക പിരിച്ചെടുക്കുന്നതിന് സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നാണ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നത്. കുടിശ്ശികയുടെ കാര്യക്ഷമമായ നിരീക്ഷണത്തിനും തുടര്‍നടപടിക്കുമായി വകുപ്പുകള്‍ ബാക്കിനില്ക്കുന്ന കുടിശ്ശികയുടെ ഡാറ്റാബേസ് തയ്യാറാക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.