തിരുവനന്തപുരം: ആനാട് വേങ്കവിള സ്വദേശി സുനിതയെ ചുട്ടുകൊന്ന കേസില്‍ ഭര്‍ത്താവ് ജോയിക്ക് ജീവപര്യന്തം കഠിന തടവ്. തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ജീവപര്യന്തത്തിനു പുറമേ 60,000 രൂപ പിഴയും അടക്കണം. പിഴയൊടുക്കിയില്ലെങ്കില്‍ ആറുമാസം അധിക തടവ് അനുഭവിക്കേണ്ടിവരും.
സുനിതയുടെ തലയ്ക്കടിച്ച് ബോധം നഷ്ടപ്പെടുത്തിയശേഷം മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയും, പിന്നീട് മൃതദേഹം സെപ്റ്റിക് ടാങ്കില്‍ തള്ളുകയുമായിരുന്നു. സുനിത ഉള്‍പ്പെടെ നാലു ഭാര്യമാരുള്ള ജോയ്, മറ്റൊരു വിവാഹംകൂടി കഴിക്കാന്‍വേണ്ടിയാണ് ഈ കൊലപാതകം നടത്തിയതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ തെളിയിച്ചു. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചത്. പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സ്വലാഹുദ്ദീനാണ് പ്രോസിക്യൂഷനുവേണ്ടി ഹാജരായത്.
കൊല്ലപ്പെട്ടത് സുനിതയാണെന്നുപോലും വ്യക്തമാക്കാതെയായിരുന്നു കേസിന്റെ തുടക്കത്തില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. ഇത് വിചാരണാ വേളയില്‍ പ്രതിഭാഗം ആയുധമാക്കുകയും ചെയ്തു. സുനിത മരിച്ചിട്ടില്ലെന്നും മറ്റെവിടെയോ ജീവിക്കുന്നുണ്ടെന്നും കുറ്റപത്രത്തിന്റെ ചുവടുപിടിച്ച് പ്രതിഭാഗം വാദിച്ചു. ഇതിനെ മറികടക്കാനായി വിചാരണാ വേളയില്‍ത്തന്നെ സുനിതയുടെ മൃതദേഹാവശിഷ്ടങ്ങളും മക്കളുടെ ഡി.എന്‍.എ. സാംപിളുകളും താരതമ്യംചെയ്തു.
2013 ഓഗസ്റ്റ് മൂന്നിനാണ് സുനിതയെ ഭര്‍ത്താവ് ജോയ് ആന്റണി മര്‍ദിച്ചവശയാക്കിയ ശേഷം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്. ചുട്ടുകരിച്ച മൃതദേഹം മൂന്ന് കഷണങ്ങളാക്കി പ്രതി തന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ തള്ളി. നാലു ഭാര്യമാരുള്ള ജോയിയുടെ മൂന്നാം ഭാര്യയായിരുന്നു കൊല്ലപ്പെട്ട സുനിത.